ഐപിഎൽ ക്വാളിഫയർ ഒന്ന് ഇന്ന്
അഹമ്മദാബാദ്: പവർ ഹിറ്റിംഗിലൂടെ ഐപിഎൽ 2024 ട്വന്റി 20 ക്രിക്കറ്റിൽ പ്ലേ ഓഫിലേക്കു കുതിച്ചെത്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് ഫൈനൽ ലക്ഷ്യമിട്ട് ക്വാളിഫയർ ഒന്നിൽ ഇറങ്ങും. ജയിക്കുന്നവർ ഫൈനലിൽ പ്രവേശിക്കും. തോൽക്കുന്നവർക്ക് ഒരവസരം കൂടിയുണ്ടാകും. 14 കളിയിൽ ഒന്‍പത് ജയവും മൂന്നു തോൽവിയുമായി പ്ലേ ഓഫിൽ ആദ്യമെത്തിയ ടീമാണു നൈറ്റ്റൈഡേഴ്സ്. എന്നാൽ, ഹാർഡ് ഹിറ്റിംഗിനു പേരെടുത്ത ടീമാണെങ്കിലും പ്രവചനാതീതമായ പ്രകടനമാണു സണ്‍റൈസേഴ്സ് പുറത്തെടുത്തുകൊണ്ടിരുന്നത്. അവസാന ലീഗ് മത്സരത്തിന് മുന്‍പ് പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ നാലു വിക്കറ്റുകൾക്ക് തോൽപ്പിച്ചാണു സണ്‍റൈസേഴ്സ് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ പ്ലേ ഓഫിനു മുന്‍പ് കോൽക്കത്തയ്ക്കു രണ്ടു മത്സരങ്ങളാണു മഴമൂലം നഷ്ടമായത്. മേയ് 11നാണ് കോൽക്കത്ത അവസാനമായി മത്സരിച്ചത്. സണ്‍റൈസേഴ്സിന് ഒരു മത്സരവും നഷ്ടമായി. അവസാന മത്സരത്തിൽ ഇറങ്ങി പ്ലേ ഓഫിന് ഒരുങ്ങാനായി. ലീഗിലെ അവസാന ദിവസം രണ്ടു ടീമുകൾക്കും മത്സരമുണ്ടായിരുന്നതിനാൽ പ്ലേ ഓഫിനു മുന്‍പ് ഒരു ദിവസത്തെ വിശ്രമദിനം മാത്രമേ ഇവർക്കു ലഭിച്ചുള്ളൂ. രാജസ്ഥാൻ റോയൽസിനെതിരേയുള്ള കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. തുടർച്ചയായ നാലു ജയങ്ങളുമായി മിന്നുന്ന ഫോമിൽ കളി തുടരുന്പോഴാണു മഴ മൂലം കോൽക്കത്തയുടെ അവസാന രണ്ടു മത്സരങ്ങൾ ഉപേക്ഷിക്കപ്പെട്ടത്. ഫിൽ സാൾട്ടിനു പകരമാര്? ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ദേശീയ ടീമിനൊപ്പം ചേരാൻ ഇംഗ്ലീഷ് താരം ഫിൽ സാൾട്ട് കെകെആർ വിട്ടു. കോൽക്കത്തയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റണ്‍ സ്കോററും വിക്കറ്റ് കീപ്പറുമായ സാൾട്ടിന്റെ അഭാവം ആരു നികത്തുമെന്ന ചോദ്യമുയരുന്നുണ്ട്. ഓപ്പണിംഗിൽ സുനിൽ നരേൻ- സാൾട്ട് സഖ്യം വിനാശകരമായ കൂട്ടുകെട്ടാണ് ഉണ്ടാക്കിയിരുന്നത്. നായകൻ ശ്രേയസ് അയ്യർ മധ്യനിരയിൽ ഇതുവരെ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും, മറ്റ് മധ്യനിര ബാറ്റർമാരുടെ ആക്രമണ ബാറ്റിംഗ് ശൈലിയാണു കെകെആറിന്റെ സ്കോറിംഗിനു ഗുണം ചെയ്തത്. രണ്ടു കളികൾ മഴമൂലം നഷ്ടപ്പെട്ടതോടെ സാൾട്ടിനു പകരമെത്തിയ റഹ്മാനുള്ള ഗുർബാസും നരേനും ചേർന്നുള്ള ഓപ്പണിംഗ് പരീക്ഷിക്കാനുള്ള അവസരം കോൽക്കത്തയ്ക്കു നഷ്ടമായി. കോൽക്കത്തയെ സംബന്ധിച്ചിടത്തോളം, നിതീഷ് റാണയുടെ ഫോം മധ്യനിരയ്ക്കു കൂടുതൽ കരുത്തു പകരുന്നു. ആന്ദ്രെ റസലിന്റെ ഫിനിഷിംഗും ചേരുന്പോൾ കോൽക്കത്തയ്ക്കു വൻ സ്കോർ പ്രതീക്ഷിക്കാം. എങ്ങനെ നോക്കിയാലും സണ്‍റൈസേഴ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ളത് ഒരു തകർപ്പൻ മത്സരമാകുമെന്നു പ്രതീക്ഷിക്കാവുന്നതാണ്. ഹെഡ് -ശർമ സഖ്യം സണ്‍റൈസേഴ്സിനു ട്രാവിസ് ഹെഡ്-അഭിഷേക് ശർമ നൽകുന്ന തകർപ്പൻ ഓപ്പണിംഗാണു കരുത്താകുന്നത്. ഇരുവരുടെയും സ്ട്രൈക്ക് റേറ്റ് 200നു മുകളിലാണ്. ഇവരുടെ ആക്രമണ ബാറ്റിംഗിൽ പല റിക്കാർഡുകൾ തകർന്നു. ഹെഡിനൊപ്പം ശർമയും പേടിയില്ലാതെയുള്ള ആക്രമണ ബാറ്റിംഗാണു പുറത്തെടുക്കുന്നത്. 41 സിക്സാണ് ഈ ഐപിഎല്ലിൽ ശർമ നേടിയത്. മൂന്നാം നന്പറിൽ ഹൈദരാബാദിന് രാഹുൽ ത്രിപാഠിയെ ആശ്രയിക്കാം. ഹെൻറിച്ച് ക്ലാസൻ ഫോമിലെത്തിയിട്ടുണ്ട്. മിച്ചൽ സ്റ്റാർക്കിന്റെ നേതൃത്വത്തിലുള്ള ശക്തമായ പേസ് നിരയുള്ളതുപോലെ തന്നെ മികച്ച സ്പിൻനിരയും കോൽക്കത്തയ്ക്കുണ്ട്. സണ്‍റൈസേഴ്സിനു നായകൻ പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ശക്തമായ പേസ് നിരയാണ് അവരുടെ മുഖമുദ്ര. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് അനുകൂലം അഹമ്മദാബാദിൽ, കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ഫൈനലിൽ കണ്ടതുപോലെ, രണ്ടാമതായി ബാറ്റ് ചെയ്യുന്ന ടീമുകൾ കൂടുതൽ വിജയം നേടി. കഴിഞ്ഞ ആറു കളികളിൽ നാലെണ്ണത്തിൽ രണ്ടാമത് ബാറ്റ് ചെയ്തവർ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ടീമിനു രണ്ടു തവണ മാത്രമേ സ്കോർ പ്രതിരോധിക്കാൻ കഴിഞ്ഞുള്ളൂ. കൂടാതെ, ഈ രണ്ട് ടീമുകളുടെയും കളിയുടെ ശൈലിക്കു വിരുദ്ധമായി – എതിരാളികളെ റണ്ണുകളുടെ പർവതങ്ങൾക്കു കീഴിൽ കുഴിച്ചുമൂടാൻ – ഈ വേദിക്ക് 12 ഇന്നിംഗ്സുകളിൽ നിന്ന് 200 അല്ലെങ്കിൽ അതിനു മുകളിലുള്ള രണ്ട് സ്കോർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതായത് ബൗളർമാർക്കും അവരുടെ അഭിപ്രായം ഉണ്ടാകും. വലിയ സ്കോറുകൾ നേടുന്ന ഈ ടീമുകളുടെ ശൈലിക്കു വിരുദ്ധമാണു പിച്ചിന്റെ അവസ്ഥ. ഐപിഎല്ലിൽ ഇത്തവണ രണ്ടു തവണ മാത്രമേ 200 കടന്നിട്ടുള്ളൂ. അതുകൊണ്ട് ബൗളർമാർക്ക് അവരുടേതായ കഴിവ് കാണിക്കാനുള്ള അവസരവുമുണ്ടാകും. ഈ സീസണിൽ രണ്ടു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം കോൽക്കത്തയ്ക്കായിരുന്നു.
Source link