കളിമണ്‍ കോർട്ടിൽ തീപാറും

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് ഇന്നു തുടക്കമാവുന്പോൾ ടെന്നീസ് പ്രേമികളുടെയെല്ലാം കണ്ണുകൾ ഇതിഹാസതാരം റാഫേൽ നദാലിലാണ്. 14 തവണ റോളങ് ഗാരോസിൽ കിരീടമുയർത്തിയിട്ടുള്ള കളിമണ്‍ കോർട്ടിലെ ചക്രവർത്തിയുടെ പ്രഫഷണൽ കരിയറിലെ അവസാന സീസണാണിത്. 26നാണ് പ്രധാന മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്നു മുതൽ 25 വരെ പരിശീലന മത്സരങ്ങളും യോഗ്യതാ മത്സരങ്ങളുമാണു നടക്കുക. നദാൽ? തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ടൂർണമെന്റിലൂടെ നദാൽ ടെന്നീസ് കോർട്ടിനോടു വിടപറയുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. 10 പ്രാവശ്യം വീതം കിരീടം നേടിയ മാഡ്രിഡ് മാസ്റ്റേഴ്സിലും റോം മാസ്റ്റേഴ്സിലും വികാരോജ്വലമായ വിടവാങ്ങലാണു താരത്തിനു ലഭിച്ചത്. രണ്ടു പതിറ്റാണ്ടോളം കാലം കളിമണ്കോർട്ടിനെ അടക്കിഭരിച്ച നദാൽ ഇന്ന് തന്റെ ഇഷ്ട പ്രതലത്തിൽ പുതുതലമുറയിൽപ്പെട്ട കളിക്കാരോടു പിടിച്ചു നിൽക്കാൻ പാടുപെടുന്ന കാഴ്ച ഏവരെയും നൊന്പരപ്പെടുത്തും. റോം മാസ്റ്റേഴ്സിൽ ഹ്യുബർട്ട് ഹർക്കച്ചിനോടു രണ്ടാം റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെട്ട സ്പാനിഷ് താരം നിലവിൽ പരിക്കിന്റെ നിഴലിലാണ്. ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ തോറ്റ് കരിയറിനു വിരാമമിടാൻ തന്റെ അനന്തരവൻ ആഗ്രഹിക്കുമെന്നു തോന്നുന്നില്ലെന്ന് അമ്മാവൻ ടോണി പറഞ്ഞത് നദാലിന്റെ ഫ്രഞ്ച് ഓപ്പണ്‍ പങ്കാളിത്തം അനിശ്ചിതത്വത്തിലാക്കുകയാണ്. അതേസമയം, പുരുഷ ലോക ഒന്നാം നന്പറും ഗ്രാൻസ്ലാം കിരീടങ്ങളുടെ കണക്കിൽ ഒന്നാമനുമായ സെർബിയൻ താരം നൊവാക് ജോക്കോവിച്ച്തന്നെയാവും ഇത്തവണ പാരീസിലെ ഹോട്ട് ഫേവറിറ്റ്, പക്ഷേ സീസണിലെ മോശം പ്രകടനം ജോക്കോവിച്ചിന്റെ സാധ്യതകളെ സംശയത്തിലാക്കുന്നു. ജോക്കോവിച്ചും പുതിയ കിരീടമോഹികളും? സീസണിൽ ഇതുവരെ കിരീടങ്ങളൊന്നും നേടാൻ ജോക്കോവിച്ചിനു സാധിച്ചിട്ടില്ല. റോം മാസ്റ്റേഴ്സിന്റെ മൂന്നാം റൗണ്ടിൽ ലോക 32-ാം റാങ്കുകാരനായ ചിലിയൻ താരം അലജാന്ദ്രോ ടാബിലോയോടു നേരിട്ടുള്ള സെറ്റുകൾക്കാണ് ജോക്കോവിച്ച് പരാജയപ്പെട്ടത്. ഓസ്ട്രേലിയൻ ഓപ്പണിലും മോണ്ടെ കാർലോ മാസ്റ്റേഴ്സിലും സെമിയിലെത്തിയതാണു താരത്തിന്റെ സീസണിലെ മികച്ച പ്രകടനം. ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യനും ലോക രണ്ടാം നന്പരുമായ ഇറ്റാലിയൻ താരം ജാന്നിക് സിന്നറും ലോക മൂന്നാം നന്പർ കാർലോസ് അൽക്കരാസ് ഗാർഫിയയും പരിക്കിനെത്തുടർന്ന് കളിക്കളത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ഇരുവരും ഫ്രഞ്ച് ഓപ്പണിൽ കളിക്കുമെന്നാണു വിവരം. മോണ്ടെ കാർലോ മാസ്റ്റേഴ്സ് ചാന്പ്യൻ സ്റ്റെഫാനോസ് സിറ്റ്സിപ്പാസും ബാഴ്സലോണ ഓപ്പണ്‍ ചാന്പ്യൻ കാസ്പർ റൂഡുമാണു കളിമണ്‍ കോർട്ടിൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തവർ. മാഡ്രിഡ് മാസ്റ്റേഴ്സ് ചാന്പ്യൻ ആന്ദ്രേ റൂബ്ലേവ്, നാലാം നന്പർ ഡാനിയേൽ മെദ്വദേവും അഞ്ചാം നന്പർ അലക്സാണ്ടർ സ്വരേവുമെല്ലാം കിരീടമോഹികളാണ്. ഷ്യാങ്ടെക്കിനെ ആര് കീഴടക്കും വനിതാ വിഭാഗത്തിൽ ലോക ഒന്നാം നന്പർ ഇഗാ ഷ്യാങ്ടെക്തന്നെയാണു കിരീടപ്പോരാട്ടത്തിൽ മുന്പിലുള്ളത്. മാഡ്രിഡ് ഓപ്പണും ഇറ്റാലിയൻ ഓപ്പണും നേടി പോളിഷ് താരം തന്റെ അപ്രമാദിത്വം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ നാലു വർഷത്തിനിടെ മൂന്നു തവണയും ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയ ഇഗയെ തടയാൻ മറ്റു താരങ്ങൾ ബുദ്ധിമുട്ടും. ഇറ്റാലിയൻ ഓപ്പണിലും മാഡ്രിഡ് ഓപ്പണിലും ഫൈനലിൽ ഇഗയോടു പരാജയപ്പെട്ട ലോക രണ്ടാം നന്പർ ആരീന സബലങ്കയ്ക്കു കണക്കു തീർക്കാനുള്ള അവസരമാണിത്. പക്ഷേ, നിലവിലെ ഫോമിൽ ഇഗയെ തോൽപ്പിക്കുക കഠിനമാണ്. കൊക്കോ ഗഫ്, എലേന റൈബാകിന, ജെസിക പെഗുല തുടങ്ങിയവരാവും ഇഗയുടെ പ്രധാന എതിരാളികൾ. കിരീടമോഹങ്ങളിൽ ഇന്ത്യയും രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യം ഡബിൾസിൽ ഇറങ്ങുന്പോൾ ഇന്ത്യൻ ടെന്നീസ് പ്രേമികളും ആവേശത്തിലാണ്. ഓസ്ട്രേലിയൻ ഓപ്പണിലെ വിജയം ആവർത്തിക്കാൻ ബൊപ്പണ്ണ സഖ്യത്തിനാവുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.
Source link