പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
കോഴിക്കോട്: ലോക വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന കോട്ടയം സ്വദേശി പൊന്നമ്മയ്ക്ക് സഹായവുമായി മൈജി. ഈ മാസം അവസാനം ശ്രീലങ്കയിൽ നടക്കുന്ന പ്രായമായവരുടെ 800, 400, 200 മീറ്റർ ഓട്ടത്തിലാണ് പൊന്നമ്മ മത്സരിക്കുന്നത്. ഇതിന് ഒരു ലക്ഷത്തോളം രൂപ ചെലവ് വരും. അതിനുശേഷം അയോധ്യയിൽ നടക്കുന്ന ഇന്റർനാഷണൽ വെറ്ററൻസ് മീറ്റിലും പൊന്നമ്മ പങ്കെടുക്കുന്നുണ്ട്. പൊന്നമ്മയുടെ വിഷമം അറിഞ്ഞ മൈജി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ.കെ. ഷാജി സ്പോൺസർഷിപ് ഏറ്റെടുക്കുകയായിരുന്നു. 2017ൽ സ്പെയിനിൽ നടന്ന ലോക വെറ്ററൻസ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പൊന്നമ്മയ്ക്ക് അന്ന് സ്വന്തം വീടിന്റെ ആധാരം പണയം വയ്ക്കേണ്ടിവന്നിരുന്നു. 168 രാജ്യങ്ങൾ പങ്കെടുത്തതിൽ കോച്ച് പോലുമില്ലാതെ 24-ാം സ്ഥാനം സ്വന്തമാക്കാൻ പൊന്നമ്മയ്ക്ക് അന്ന് കഴിഞ്ഞു. എൻസിസിയിൽ വച്ച് 1500 മീറ്റർ ഉയരത്തിൽനിന്നും പാരച്ചൂട്ടിൽനിന്ന് ചാടിയ വനിത, നിരവധി സ്റ്റേറ്റ് ഇന്റർ സ്റ്റേറ്റ്, മാരത്തൺ, ക്രോസ് കൺട്രി മത്സരങ്ങളിൽ 85 മെഡലുകൾ സ്വന്തമാക്കിയ പൊന്നമ്മയുടെ ഊർജസ്വലത തന്നെ അദ്ഭുതപ്പെടുത്തിയെന്നും പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്നാണ് പൊന്നമ്മ തെളിയിക്കുന്നതെന്നും എ.കെ. ഷാജി പത്രസമ്മേളനത്തിൽ പറഞ്ഞു. കോട്ടയം പാക്കിൽ പന്നിമറ്റം സ്വദേശിയാണ് പൊന്നമ്മ.
Source link