Site icon onlinekeralanews.com

‘വേദനകൾ നേതൃത്വത്തെ അറിയിച്ചു, ഞാൻ  ആത്യന്തികമായി മുസ്ളീം  ലീഗുകാരൻ’; നിലപാട് വ്യക്തമാക്കി രണ്ടത്താണി


മലപ്പുറം: മുസ്ളീം ലീഗ് നേതൃത്വത്തിനുതന്നെ ആലോചിച്ച് തീരുമാനമെടുക്കാൻ കഴിയുന്ന കാര്യങ്ങളാണ് താൻ ഉന്നയിച്ചതെന്ന് മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. അതിനാൽതന്നെ ലീഗ് അവസരം നൽകുമ്പോൾ അത് പ്രയോജനപ്പെടുത്തി പരിഹാരം കാണേണ്ടതുണ്ട്. ഇന്നലെ പാർട്ടിയിലെ സമുന്നതരായ നേതാക്കളുമായി സംസാരിച്ചുവെന്നും രണ്ടത്താണി മാദ്ധ്യമങ്ങളോട് പറഞ്ഞു.’എന്റെ പ്രയാസങ്ങളും വേദനകളും നേതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു. വളരെ ഗൗരവപൂർവമായി കേൾക്കുകയും അനുകൂലമായ പ്രതികരണങ്ങൾ നൽകുകയുമാണ് ചെയ്തത്. നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. പാർട്ടിക്കകത്തുള്ള വിഷയങ്ങളാണ്. സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച അതൃപ്‌തി മാത്രമല്ല. പാർട്ടിക്കകത്തെ മറ്റുചില വിഷയങ്ങളുമുണ്ട്. ഞാൻ ആത്യന്തികമായി മുസ്ളീം ലീഗുകാരനാണ്. ഇന്നും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നയാളാണ്. സംശയദുരീകരണം നടത്തുക മാത്രമാണ് ചെയ്തത്”- അബ്ദുറഹ്മാൻ രണ്ടത്താണി വ്യക്തമാക്കി.തിരൂരങ്ങാടി സ്ഥാനാർത്ഥി പി.എം.എ.സമീറിനെതിരെയാണ് രണ്ടത്താണി രംഗത്തെത്തിയത്. തങ്ങൾമാരെ കരുവാക്കി ചിലരുടെ താത്പര്യത്തിനാണ് പി.എം.എ.സമീറിനെ സ്ഥാനാർത്ഥിയാക്കിയെന്നായിരുന്നു രണ്ടത്താണിയുടെ ആരോപണം. ലീഗ് പ്രാദേശിക കമ്മിറ്റികളോ പാർട്ടിപ്രവർത്തകരോ ആവശ്യപ്പെടാതെയാണ് സമീറിനെ മത്സരിപ്പിക്കുന്നതെന്നും വിമർശിച്ചിരുന്നു. അതിനിടെ രണ്ടത്താണിയെ ഇടതുപാളയത്തിലെത്തിച്ച് തിരൂരങ്ങാടിയിലോ താനൂരിലോ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ സി.പി.എമ്മും ശ്രമിച്ചു. എന്നാൽ താൻ പാർട്ടി വിടില്ലെന്ന് ഇന്നലെ രാത്രി വൈകി രണ്ടത്താണി അറിയിച്ചു. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗമായ രണ്ടത്താണി മറുകണ്ടം ചാടിയിരുന്നെങ്കിൽ പോര് കടുക്കുമായിരുന്നു. കെ.ടി. ജലീലിനുശേഷം ലീഗിന്റെ പ്രധാന നേതാവിനെ അടർത്തിയെടുത്ത് മത്സരിപ്പിക്കാനുള്ള സി.പി.എം നീക്കമാണ് പാളിയത്.


Source link

Exit mobile version