ഹൈദരാബാദ്/ഗോഹട്ടി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024 സീസണ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തിനായി സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും രംഗത്തുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്സിനെയും രാജസ്ഥാൻ റോയൽസ് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഇന്ന് നേരിടും. ജയിച്ചാൽ രാജസ്ഥാൻ റോയൽസിന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. രാജസ്ഥാൻ തോൽക്കുകയും സണ്‍റൈസേഴ്സ് ജയിക്കുകയും ചെയ്താൽ പാറ്റ് കമ്മിൻസും കൂട്ടരും രണ്ടാം സ്ഥാനം സ്വന്തമാക്കും. 13 മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി കോൽക്കത്ത ഇതിനോടകം ഒന്നാം സ്ഥാനം ഉറപ്പിച്ചതാണ്. ആദ്യ രണ്ട് പ്രധാനം പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമുകൾ തമ്മിലാണ് പ്ലേ ഓഫ് ക്വാളിഫയർ ഒന്ന് പോരാട്ടം. ക്വാളിഫയർ ഒന്ന് ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലേക്ക് മുന്നേറാം. അതുകൊണ്ടുതന്നെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള അവസരം തുലയ്ക്കാൻ ടീമുകൾ തയാറാകില്ല. 21-ാം തീയതിയാണ് ക്വാളിഫയർ ഒന്ന്. 26ന് നടക്കുന്ന ഫൈനലിനു മുന്‍പ് ആവശ്യത്തിന് വിശ്രമവും ക്വാളിഫയർ ഒന്ന് ജയിക്കുന്ന ടീമിനു ലഭിക്കും. പോയിന്റ് ടേബിളിൽ മൂന്നും നാലും സ്ഥാനക്കാർ തമ്മിൽ 22ന് എലിമിനേറ്റർ പ്ലേ ഓഫ് കളിക്കും. എലിമിനേറ്റർ മത്സരം ജയിക്കുന്ന ടീമുമായി ക്വാളിഫയർ ഒന്ന് തോൽക്കുന്ന ടീമിന് മത്സരമുണ്ട്. ക്വാളിഫയർ രണ്ട് എന്നാണ് ഇതറിയപ്പെടുന്നത്. ക്വാളിഫയർ രണ്ട് 24-ാം തീയതിയാണ്. അതിൽ ജയിക്കുന്ന ടീമാണ് ക്വാളിഫയർ ഒന്ന് ജയിച്ച് ഫൈനലിൽ എത്തുന്ന ടീമിന്റെ എതിരാളി. ഹൈദരാബാദ് x പഞ്ചാബ് മഴയെത്തുടർന്ന് ഗുജറാത്ത് ടൈറ്റൻസിന് എതിരായ മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കുവച്ചതോടെ പ്ലേ ഓഫ് ഉറപ്പാക്കിയ ടീമാണ് പാറ്റ് കമ്മിൻസ് നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൻ സ്വന്തമാക്കിയ ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ എന്നിങ്ങനെ പാറ്റ് കമ്മിൻസ് വരെ സണ്‍റൈസേഴ്സ് നിരയിൽ ആക്രമണ ബാറ്റിംഗ് കാഴ്ചവയ്ക്കുന്നവരാണ്. ഭുവനേശ്വർ കുമാറും പാറ്റ് കമ്മിൻസും നയിക്കുന്ന ബൗളിംഗ് ആക്രമണവും കരുത്തുറ്റതുതന്നെ. രാജസ്ഥാനെ കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് പഞ്ചാബ് എത്തുന്നത്. പ്ലേ ഓഫിൽ കടക്കാനായില്ലെങ്കിലും ജയത്തോടെ സീസണ് അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചാബ്. സീസണിൽ ഇരുടീമും ആദ്യതവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് റണ്‍സിന് ഹൈദരാബാദ് ജയിച്ചിരുന്നു. ഉച്ചകഴിഞ്ഞ് 3.30നാണ് ഹൈദരാബാദ് x പഞ്ചാബ് പോരാട്ടം. രാജസ്ഥാൻ x കോൽക്കത്ത രാജസ്ഥാനും കോൽക്കത്തയും ഏപ്രിൽ 16ന് ഏറ്റുമുട്ടിയപ്പോൾ ഇരുടീമും 200 കടന്നിരുന്നു. കെകെആറിന്റെ 223 റണ്‍സ് രാജസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ചേസ് ചെയ്തു. രാജസ്ഥാൻ വൻ ഫോമിലായിരുന്നു സമയമായിരുന്നു അത്. എന്നാൽ, നിലവിൽ രാജസ്ഥാൻ തുടർതോൽവിയുടെ നാണക്കേടിലാണ്. അവസാനം കളിച്ച നാല് മത്സരങ്ങളിലും രാജസ്ഥാൻ പരാജയപ്പെട്ടു. ജോസ് ബട്ലറിന്റെ അഭാവത്തിൽ ടോം കോഹ് ലർ കാഡ്മോറാണ് കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാന്റെ ഓപ്പണിംഗ് ബാറ്ററായത്. കെകെആറിന് എതിരായ ജയത്തിലൂടെ പ്ലേ ഓഫിനു മുന്‍പ് മാനസിക കരുത്ത് വീണ്ടെടുക്കാനുള്ള തയാറെടുപ്പിലാണ് സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസ്. രാത്രി 7.30ന് രാജസ്ഥാന്റെ എവേ ഹോമായ ഗോഹട്ടിയിലാണ് മത്സരം.
Source link