ഹാംബർഗ്: ജർമനിയിലെ ഹാംബർഗ് സംസ്ഥാനത്തെ സ്കൂളുകളിൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ നിരോധിച്ചു. ഇതുസംബന്ധിച്ച പ്രമേയം നിയമസഭ പാസാക്കിയതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനം ഭരിക്കുന്ന സോഷ്യലിസ്റ്റ്, ഗ്രീൻ പാർട്ടികളും പ്രതിപക്ഷമായ സിഡിയു, എഎഫ്ഡി പാർട്ടികളും നിയമത്തെ പിന്തുണച്ചപ്പോൾ തീവ്ര ഇടതുപക്ഷ പാർട്ടിയായ ദി ലിങ്കെ (ഇടതന്മാർ) എതിർത്തു. നിഖാബിനും ബുർഖയ്ക്കുമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഹിജാബും സർജിക്കൽ മാസ്കും ധരിക്കാവുന്നതാണ്. മുഖം മറയ്ക്കുന്നതും വിദ്യാലയവും ഒത്തുപോകുകയില്ലെന്ന് സർക്കാർ വക്താവ് പറഞ്ഞു. സംസാരിക്കുന്നയാളിന്റെ മുഖം കാണുന്നത് ആശയസംവേദനത്തിന് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാലയചട്ടങ്ങൾക്കു വിരുദ്ധമായി 2020ൽ ഒരു പെൺകുട്ടി നിഖാബ് ധരിച്ചു സ്കൂളിൽ വന്നതോടെ ആരംഭിച്ച നിയമപോരാട്ടങ്ങൾക്കാണ് ഇപ്പോൾ നിയമനിർമാണത്തിലൂടെ അന്ത്യമായത്. ജർമനിയിലെ ബവേറിയ, ലോവർ സാക്സണി, ഷ്ളേസ്വിഗ്-ഹോൾസ്റ്റൈൻ, ബാഡൻ-വ്യൂട്ടംബർഗ് സംസ്ഥാനങ്ങളിൽ ഈ നിരോധനം നിലവിലുണ്ട്.
Source link