ചിന്നസ്വാമിയിൽ പെരിയ ആട്ടം
ബംഗളൂരു: എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് പെരിയ ആട്ടം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024 സീസണിൽ പ്ലേ ഓഫിൽ ഇടംപിടിക്കുന്ന നാലാൻ ആരെന്ന് നിശ്ചയിക്കുന്ന പെരിയ ആട്ടമാണ് അരങ്ങേറുക. അഞ്ച് തവണ കിരീടം നേടിയ ചരിത്രമുള്ള എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സും കിരീടദൗർഭാഗ്യക്കാരായ വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് പ്ലേ ഓഫിനായുള്ള വന്പൻ പോരാട്ടം. ആർസിബിയുടെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം എന്നതാണ് സിഎസ്കെയുടെ ആദ്യ കടന്പ. സിഎസ്കെ 13 മത്സരങ്ങളിൽ ഏഴു ജയവും ആറ് തോൽവിയുമാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇതുവരെയുള്ള പ്രകടനം. 2024 ഐപിഎൽ സീസണിലെ ആദ്യ മത്സരവും ആർസിബിയും സിഎസ്കെയും തമ്മിലായിരുന്നു. അന്ന് ചെന്നൈ സൂപ്പർ കിംഗ്സ് എട്ടു പന്ത് ബാക്കിനിൽക്കേ ആറ് വിക്കറ്റ് ജയം സ്വന്തമാക്കി. 14 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ചെന്നൈക്ക് നെറ്റ് റണ്‍റേറ്റ് പ്ലസ് ആണ്, +0.528. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിനു കീഴടക്കിയാണ് ചെന്നൈ പ്ലേ ഓഫിലേക്ക് അടുത്തത്. ഹോം ഗ്രൗണ്ടായ ചിദംബരം സ്റ്റേഡിയത്തിൽ സിഎസ്കെയുടെ 50-ാം ജയമായിരുന്നു. ആർസിബി നിലവിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ടീമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. അവസാന അഞ്ചു മത്സരങ്ങളിലും ആർസിബി ജയം സ്വന്തമാക്കി. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയോടേറ്റ തോൽവിക്ക് പകരംവീട്ടാനുള്ള അവസരമാണ് ഇന്ന് ആർസിബിക്ക് മുന്നിലുള്ളത്. ആദ്യ എട്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു ജയവും ഏഴ് തോൽവിയുമായി ദയനീയ അവസ്ഥയിലായിരുന്നു ആർസിബി. എന്നാൽ, തുടർന്ന് വൻ തിരിച്ചുവരവിലൂടെ പ്ലേ ഓഫ് വക്കിൽവരെ എത്തിനിൽക്കുയാണ് ടീം. 13 മത്സരങ്ങളിൽ ആറ് ജയവും ഏഴ് തോൽവിയുമായി 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ആർസിബി. നെറ്റ് റണ്‍റേറ്റ് പ്ലസ് (+0.387) ആണെന്നത് ആർസിബിയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ഘടകമാണ്. പ്ലേ ഓഫ് സാധ്യത ഇങ്ങനെ 14 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേ ഓഫ് ബെർത്ത് ലഭിക്കാൻ ഒരു പോയിന്റ് മാത്രം മതി. അതായത് ഇന്ന് ബംഗളൂരുവിന് എതിരായ മത്സരം മഴയിൽ ഉപേക്ഷിച്ചാൽപോലും ചെന്നൈക്ക് പ്ലേ ഓഫ് ലഭിക്കും. ആദ്യ നാല് സ്ഥാനക്കാർക്കാണ് പ്ലേ ഓഫ് ബെർത്ത്. അതേസമയം, 12 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ബംഗളൂരുവിന് ഇന്ന് മികച്ച വ്യത്യാസത്തിൽ ചെന്നൈയെ കീഴടക്കിയാൽ മാത്രമേ പ്ലേ ഓഫ് ലഭിക്കൂ. കാരണം, ചെന്നൈ (+0.528) നെറ്റ് റണ്‍റേറ്റിൽ ബംഗളൂരുവിനേക്കാൾ (+0.387) മുന്നിലാണ്. ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സിൽ കൂടുതൽ സ്കോർ ചെയ്യുകയും ചുരുങ്ങിയത് 18 റണ്‍സിന് ജയിക്കുകയും ചെയ്താൽ നെറ്റ് റണ്‍റേറ്റിൽ ചെന്നൈയെ പിന്തള്ളി ബംഗളൂരുവിന് പ്ലേ ഓഫിൽ പ്രവേശിക്കാം. മറിച്ച് രണ്ടാമതാണ് ആർസിബി ബാറ്റ് ചെയ്യുന്നതെങ്കിൽ 18.1 ഓവറിലോ, അതിനു മുന്‍പോ ജയം സ്വന്തമാക്കിയാൽ മാത്രമേ നെറ്റ് റണ്‍റേറ്റിൽ സിഎസ്കെയെ മറിക്കാൻ സാധിക്കൂ. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ ചുരുങ്ങിയത് 11 പന്ത് ബാക്കിവച്ച് ചെന്നൈയെ ചേസ് ചെയ്ത് ജയിക്കണമെന്നു ചുരുക്കം.
Source link