ടെക്സസിൽ കൊടുങ്കാറ്റ്; നാലു പേർ മരിച്ചു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുണ്ടായ കൊടുങ്കാറ്റിൽ വ്യാപക നാശം. നാലു പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. ഒട്ടേറെ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ പേമാരിയും മിന്നൽപ്രളയവും ഉണ്ടായി. 160 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയതെന്നു ഹൂസ്റ്റൺ മേയർ ജോൺ വിറ്റ്മയർ പറഞ്ഞു. നഗരവാസികളോടു പുറത്തിറങ്ങരുതെന്നു നിർദേശിച്ചു. ഹൂസ്റ്റൺ ഉൾപ്പെടുന്ന ഹാരിസ് കൗണ്ടിയിലാണു കൂടുതൽ നാശം. വ്യാഴാഴ്ച രാത്രി മുതൽ പല സ്ഥലങ്ങളിലും വൈദ്യുതി ഇല്ലാതായി. അയൽസംസ്ഥാനമായ ലൂയിസിയാനയിലേക്കാണു കൊടുങ്കാറ്റ് നീങ്ങിയിരിക്കുന്നത്. തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ട്. ലൂയിസിയാനയിൽ രണ്ടു ലക്ഷത്തിലധികം പേർ വൈദ്യുതിയുടെ അഭാവം നേരിടുന്നു.
Source link