ബ്രാറ്റിസ്ലാവ: വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ അപകടനില തരണം ചെയ്തു. എന്നാലും, അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഫിസോയെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അഞ്ചു തവണ വെടിയേറ്റ അദ്ദേഹം ജീവനുമായി മല്ലിടുകയാണെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. ബാൻക ബൈസ്ട്രിക്ക നഗരത്തിലെ റൂസ്വെൽറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഫിസോയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അന്പത്തൊന്പതുകാരനായ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി ഡയറക്ടർ മിറിയാം അറിയിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനായ ഫിസോ ജീവിതത്തിലേക്കു തിരിച്ചുവരുമെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി തോമസ് തരാബ പറഞ്ഞു. ബുധനാഴ്ച ഹാൻഡലോവ പട്ടണത്തിൽ സർക്കാർ യോഗത്തിൽ പങ്കെടുത്തു പുറത്തേക്കുവന്ന ഫിസോയ്ക്കു നേരേ അക്രമി അഞ്ചു തവണയാണു വെടിയുതിർത്തത്. ഉദരത്തിലും കയ്യിലുമാണ് വെടിയേറ്റത്. ഒരു വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നു. സുരക്ഷാഭടന്മാർ ഉടൻതന്നെ അദ്ദേഹത്തെ കാറിൽ കയറ്റിക്കൊണ്ടുപോകുകയും തുടർന്ന് എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ കസ്റ്റഡിയിലെടുത്ത അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എഴുപത്തൊന്നുകാരനായ അക്രമി എഴുത്തുകാരനും രാഷ്ട്രീയപ്രവർത്തകനുമാണെന്ന സൂചന സ്ലൊവാക്യൻ മാധ്യമങ്ങൾ നല്കി. ലെവിസ് പട്ടണവാസിയായ അക്രമിക്കെതിരേ വധശ്രമത്തിനു കേസെടുത്തു. സർക്കാർ മാധ്യമങ്ങളോടുള്ള സർക്കാർ നയത്തെ വിമർശിച്ച് അക്രമി പുറത്തുവിട്ടതെന്നു കരുതുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. സ്ലോവാക്യൻ സർക്കാർ ബ്രോഡ്കാസ്റ്ററായ ആർടിവിഎസ് പിരിച്ചുവിടാനുള്ള സർക്കാർ നിർദേശം പാർലമെന്റ് ചർച്ച ചെയ്യാൻ തുടങ്ങിയ ദിവസമാണ് പ്രധാനമന്ത്രിക്കു വെടിയേറ്റത്. സർക്കാർ നീക്കത്തിനെതിരേ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷപാർട്ടികളുടെ വ്യാജപ്രചാരണം മൂലമാണ് ഫിസോയ്ക്കു വെടിയേറ്റതെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി തരാബ ആരോപിച്ചു. മൂന്നാം തവണ പ്രധാനമന്ത്രിയായ ഫിസോ യുക്രെയ്ന് ആയുധം നല്കുന്നതിനെയും റഷ്യക്ക് ഉപരോധം ചുമത്തുന്നതിനെയും എതിർത്തിരുന്നയാളാണ്.
Source link