ബീഥോവന്റെ ബധിരതയ്‌ക്ക്‌ പിന്നില്‍ ലെഡ്‌ വിഷമോ? ചുരുളഴിച്ച്‌ മുടിയുടെ പരിശോധന!

ബീഥോവന്റെ ബധിരതയ്‌ക്ക്‌ പിന്നില്‍ ലെഡ്‌ വിഷമോ – Beethoven | Hair Care | Health Tips | Health

ബീഥോവന്റെ ബധിരതയ്‌ക്ക്‌ പിന്നില്‍ ലെഡ്‌ വിഷമോ? ചുരുളഴിച്ച്‌ മുടിയുടെ പരിശോധന!

ആരോഗ്യം ഡെസ്ക്

Published: May 16 , 2024 08:35 AM IST

1 minute Read

ലുഡ്‌വിഗ് വാൻ ബീഥോവൻ. Image Credit: twitter.com/ClassicFM

ലോകത്തിലെ എക്കാലത്തെയും മികച്ച സംഗീതജ്ഞരില്‍ ഒരാളാണ്‌ ലുഡ്‌വിഗ്‌ വാന്‍ ബീഥോവന്‍. ഇന്നും ലക്ഷക്കണക്കിന്‌ സംഗീതപ്രേമികളെ ത്രസിപ്പിക്കുന്ന ബീഥോവന്‍ പക്ഷേ തന്റെ ജീവിത കാലത്ത്‌ ബധിരത, കരള്‍രോഗം, വിട്ടുമാറാത്ത വയറുവേദന, വാതരോഗം, ത്വക്‌ രോഗം, നേത്രരോഗം തുടങ്ങിയ പല ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടിരുന്നു. പൂര്‍ണ്ണമായും ബധിരനായതിന്‌ ശേഷം ബീഥോവന്‍ സൃഷ്ടിച്ച അതിപ്രശസ്‌തമായ ഒന്‍പതാം സിംഫണി അവതരിപ്പിക്കപ്പെട്ടിട്ട്‌ ഇക്കഴിഞ്ഞ മേയ്‌ ഏഴിന്‌ 200 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി.

ഇതിനിടെ ബീഥോവന്റെ ബധിരതയ്‌ക്കും മറ്റു രോഗങ്ങള്‍ക്കും പിന്നില്‍ ലെഡ്‌ വിഷാംശമായിരിക്കാമെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്‌ മയോ ക്ലിനിക്കില്‍ നടത്തിയ ഒരു പഠനം. ബീഥോവന്റെ മുടിയിഴകളില്‍ നടത്തിയ പരിശോധനയാണ്‌ അദ്ദേഹത്തെ ജീവിതകാലത്ത്‌ അലട്ടിയിരുന്ന രോഗങ്ങളെ പറ്റിയുള്ള ചുരുള്‍ അഴിച്ചിരിക്കുന്നത്‌.

Representative image. Photo Credit: Gorodenkoff/Shutterstock.com

ബീഥോവന്റേതായി ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിക്കപ്പെട്ട മൂന്ന്‌ മുടിച്ചുരുളുകള്‍ കൈവശമുള്ള ഓസ്‌ട്രേലിയന്‍ ബിസിനസ്സുകാരന്‍ കെവിന്‍ ബ്രൗണാണ്‌ അവയില്‍ രണ്ടെണ്ണം മയോക്ലിനിക്കിലെ ലാബില്‍ പരിശോധനയ്‌ക്ക്‌ അയച്ചത്‌. ഇതിലൊരു മുടിച്ചുരുളിന്റെ ഒരു ഗ്രാമില്‍ 258 മൈക്രോഗ്രാം ഈയവും മറ്റൊന്നില്‍ 380 മൈക്രോഗ്രാം ഈയവും കണ്ടെത്തിയതായി ലാബ്‌ ഡയറക്ടര്‍ പോള്‍ ജാനെറ്റോ പറയുന്നു. ഒരു ഗ്രാം മുടിയില്‍ നാല്‌ മൈക്രോഗ്രാമില്‍ അധികം ഈയം കണ്ടെത്തുന്നത്‌ തന്നെ അസാധാരണമാണ്‌. വന്‍ തോതിലുള്ള ലെഡ്‌ വിഷാംശത്തിന്‌ ബീഥോവന്‍ ഇരയായതായി ലാബ്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

ഈയത്തിന്‌ പുറമേ അര്‍സെനിക്ക്‌, മെര്‍ക്കുറി എന്നിവയുടെ തോതും ബീഥോവന്റെ മുടിയില്‍ അധികമായിരുന്നതായി മയോക്ലിനിക്ക്‌ ചൂണ്ടിക്കാണിക്കുന്നു. അര്‍സനിക്ക്‌ തോത്‌ സാധാരണയില്‍ നിന്ന്‌ 13 മടങ്ങ്‌ അധികവും മെര്‍ക്കുറി തോത്‌ നാല്‌ മടങ്ങ്‌ അധികവുമാണ്‌ കണ്ടെത്തിയത്‌. ക്ലിനിക്കല്‍ കെമിസ്‌ട്രി ജേണലില്‍ ഈ പരിശോധന ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഉയര്‍ന്ന തോതിലുള്ള ഈയം നാഡീവ്യൂഹ സംവിധാനത്തെ ബാധിച്ചതാകാം ബീഥോവനില്‍ ബധിരതയ്‌ക്ക്‌ കാരണമായതെന്ന്‌ വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ ടോക്‌സിക്കോളജിസ്‌റ്റ്‌ ഡേവിഡ്‌ ഏറ്റണ്‍ ന്യൂയോര്‍ക്ക്‌ ടൈംസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ആരെങ്കിലും മനപൂര്‍വം ബീഥോവന്‌ വിഷമേല്‍പ്പിച്ചതാണെന്ന്‌ ഗവേഷകര്‍ കരുതുന്നില്ല. 19-ാം നൂറ്റാണ്ടിലെ യൂറോപ്പില്‍ വൈനിലും ഭക്ഷണത്തിലും ഈയം ഉപയോഗിച്ചിരുന്നു.

Image Credit: Rostislav_Sedlacek/Istock

വില കുറഞ്ഞ വൈനാകാം ബീഥോവനില്‍ വലിയ അളവില്‍ ഈയമെത്താന്‍ കാരണമായതെന്ന്‌ കരുതപ്പെടുന്നു. നിലവാരം കുറഞ്ഞ വൈനിന്‌ രുചി കൂട്ടാന്‍ അക്കാലത്ത്‌ ലെഡ്‌ അസറ്റേറ്റ്‌ ചേര്‍ത്തിരുന്നു. ഈയം ഉപയോഗിച്ച്‌ വിളക്കിച്ചേര്‍ത്ത ലോഹപാത്രങ്ങളില്‍ വൈന്‍ പുളിപ്പിക്കാന്‍ വയ്‌ക്കുന്നതും വൈന്‍ കുപ്പികളുടെ കോര്‍ക്ക്‌ ലെഡ്‌ സാള്‍ട്ടില്‍ മുക്കിവയ്‌ക്കുന്നതും വൈനില്‍ ഈയത്തിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിച്ചിരിക്കാമെന്നും കരുതുന്നു.

ധാരാളം വൈന്‍ കുടിച്ചിരുന്ന ബീഥോവന്റെ ശീലമാകാം ലെഡ്‌ വിഷാംശം ശരീരത്തില്‍ അധികരിച്ച്‌ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക്‌ നയിച്ചിരിക്കുകയെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. 1827ല്‍ തന്റെ 56-ാം വയസ്സിലാണ്‌ അതുല്യനായ ഈ സംഗീത പ്രതിഭ വിവിധ രോഗങ്ങളോട്‌ മല്ലിട്ട്‌ മരണപ്പെടുന്നത്‌.

English Summary:
Lead Poisoning Likely Caused Beethoven’s Deafness, New Study Analyzes Composer’s Hair

mo-health-healthnews 4lt8ojij266p952cjjjuks187u-list mo-health-healthtips mo-health-healthcare 6gp3b3e54v03f1du83i274ljis mo-health 6r3v1hh4m5d4ltl5uscjgotpn9-list mo-health-haircaretips




Source link

Exit mobile version