ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ആർക്കെന്ന കാത്തിരിപ്പ് അവസാന റൗണ്ടിലേക്ക്. 37 റൗണ്ട് പൂർത്തിയായപ്പോൾ 88 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തും 86 പോയിന്റുമായി ആഴ്സണൽ രണ്ടാം സ്ഥാനത്തുമാണ്. 37-ാം റൗണ്ടിൽ എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0ന് ടോട്ടൻഹാം ഹോട്ട്സ്പുറിനെ കീഴടക്കി. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം നോർവീജിയൻ സ്ട്രൈക്കർ എർലിംഗ് ഹാലണ്ട് നേടിയ ഇരട്ട ഗോളിലായിരുന്നു (51’, 90+1’ പെനാൽറ്റി) സിറ്റിയുടെ ജയം. സിറ്റിയുടെ രണ്ടാം ഗോളിനു മുൻപ് ടോട്ടൻഹാമിന്റെ സണ്‍ ഹ്യൂങ് മിന്നിന് സമനില കുറിക്കാനുള്ള അവസരം മുതലാക്കാൻ സാധിച്ചില്ല. സണ്‍ ഹ്യൂങ് മിൻ ഗോൾ നേടിയിരുന്നെങ്കിൽ മത്സര ഫലം മറ്റൊന്നാകുമായിരുന്നേക്കാം. ചരിത്രം കുറിക്കാൻ സിറ്റി തുടർച്ചയായ നാലാം പ്രീമിയർ ലീഗ് കിരീടം എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി. ഇംഗ്ലീഷ് ഒന്നാം ഡിവിഷൻ ഇതുവരെ ഒരു ക്ലബ്ബും തുടർച്ചയായി നാല് തവണ സ്വന്തമാക്കിയിട്ടില്ല. ഹഡേഴ്സ്ഫീൽഡ് ടൗണ്‍, ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്ക് ഒപ്പം തുടർച്ചയായ കിരീട റിക്കാർഡ് പങ്കിടുകയാണ് സിറ്റി. ഞായറാഴ്ച വെസ്റ്റ് ഹാമിനെതിരേയാണ് സിറ്റിയുടെ അവസാന ലീഗ് മത്സരം. അന്ന് ജയിച്ചാൽ സിറ്റിക്ക് കിരീടം സ്വന്തമാക്കാം. ആഴ്സണലിന്റെ അവസാന മത്സരം എവർട്ടണിനെതിരേയാണ്.
Source link