യുണൈറ്റഡ് നേഷൻസ്: യുഎൻ സുരക്ഷാസംഘത്തിൽ പ്രവർത്തിച്ചിരുന്ന മുൻ ഇന്ത്യൻ കരസേനാ ഓഫീസർ ഗാസയിൽ കൊല്ലപ്പെട്ടു. കേണൽ വൈഭവ് അനിൽ കാലെ (46) ആണ് റാഫയിൽ കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേർക്ക് ആക്രമണമുണ്ടാകുകയായിരുന്നു. കഴിഞ്ഞ വർഷം ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചശേഷം യുഎൻ സംഘത്തിന്റെ ഭാഗമായ ഒരു വിദേശി ഗാസയിൽ കൊല്ലപ്പെടുന്നത് ആദ്യമായാണ്. സംഭവത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഖേദം രേഖപ്പെടുത്തി. സന്പൂർണ അന്വേഷണത്തിന് യുഎൻ ഉത്തരവിട്ടു. ഇസ്രയേലും അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചു. 2022ൽ ഇന്ത്യൻ കരസേനയിൽനിന്നു വിരമിച്ച കേണൽ വൈഭവ് അനിൽ കാലെ രണ്ടുമാസമായി യുണൈറ്റഡ് ഡിപ്പാർട്ട്മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി(ഡിഎസ്എസ്)യിൽ സെക്യൂരിറ്റി കോ-ഓർഡിനേഷൻ ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. ആക്രമണസമയത്ത് കാലെയ്ക്കൊപ്പം ഒരാൾകൂടി ഉണ്ടായിരുന്നു. ഇദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റു. 2004ലാണ് കാലെ കരസേനയിൽ ചേർന്നത്. 11 ജമ്മു ആൻഡ് കാഷ്മീർ റൈഫിൾസിൽ പ്രവർത്തിച്ചിട്ടുണ്ട്. 2009 മുതൽ 2010 വരെ യുഎന്നിൽ കണ്ടിൻജന്റ് ചീഫ് സെക്യൂരിറ്റി ഓഫീസറായി പ്രവർത്തിച്ചു. ഗാസയിൽ ഏപ്രിലിൽ ഇസ്രേലി സേനയുടെ ആക്രമണത്തിൽ വേൾഡ് സെൻട്രൽ കിച്ചണിലെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.
Source link