കീവ്: അമേരിക്കൻ സൈനികസഹായം എത്തിച്ചേരാൻ ആരംഭിച്ചതിനു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ യുക്രെയ്ൻ സന്ദർശിച്ചു. റഷ്യൻ സേന ഖാർകീവിനു നേർക്കു നടത്തുന്ന ആക്രമണത്തെ ചെറുക്കാൻ യുക്രെയ്ൻ വിഷമിക്കുന്നതിനിടെയാണു ബ്ലിങ്കന്റെ അപ്രതീക്ഷിത സന്ദർശനം. പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അടക്കമുള്ളവരുമായി ചർച്ച നടത്തിയ ബ്ലിങ്കൻ, യുക്രെയ്ന് അമേരിക്കയുടെ ഉറച്ച പിന്തുണ ആവർത്തിച്ചു. മൂന്നാഴ്ച മുന്പാണ് അമേരിക്ക യുക്രെയ്ന് 6100 കോടി ഡോളറിന്റെ സൈനികസഹായം അനുവദിച്ചത്. പ്രതിപക്ഷ റിപ്പബ്ലിക്കന്മാരുടെ എതിർപ്പു മൂലം ഒരു വർഷം വൈകിയ സഹായപദ്ധതി അംഗീകരിക്കപ്പെട്ടത് യുക്രെയ്ന് ഉണർവേകിയിരുന്നു. ഇതുപ്രകാരമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളും ദീർഘദൂര മിസൈലുകളും യുക്രെയ്ന്റെ മുന്നണിയിൽ എത്തിത്തുടങ്ങിയെന്നു യുഎസ് വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച പോളണ്ടിലെത്തിയ ബ്ലിങ്കൻ അവിടെനിന്ന് ട്രെയിനിലാണ് ഇന്നലെ രാവിലെ യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തിയത്. ഇതിനിടെ, ഖാർകീവ് ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം കനത്തു. മേഖലയിലെ കുറച്ചു ഗ്രാമങ്ങൾ റഷ്യൻ സേനയുടെ നിയന്ത്രണത്തിലായെന്നാണു റിപ്പോർട്ടുകൾ. മറ്റൊരു യുദ്ധമുന്നണികൂടി റഷ്യ തുറന്നത്, ആളിന്റെയും ആയുധത്തിന്റെയും ക്ഷാമം നേരിടുന്ന യുക്രെയ്നു വെല്ലുവിളിയായിട്ടുണ്ട്. ഡോൺബാസ് കേന്ദ്രീകരിച്ചാണു നേരത്തേ യുദ്ധം നടന്നിരുന്നത്.
Source link