റിവ്യുവിൽ പറയുന്ന മോശം ഭാഷയാണ് പ്രശ്നം: സംവിധായകൻ അരുൺ ബോസ്

റിവ്യുവിൽ പറയുന്ന മോശം ഭാഷയാണ് പ്രശ്നം: സംവിധായകൻ അരുൺ ബോസ് | Arun Bose Review
റിവ്യുവിൽ പറയുന്ന മോശം ഭാഷയാണ് പ്രശ്നം: സംവിധായകൻ അരുൺ ബോസ്
ഗൗതമി
Published: May 14 , 2024 12:08 PM IST
Updated: May 14, 2024 12:28 PM IST
1 minute Read
അരുൺ ബോസ്
റിവ്യു പറയാൻ ആർക്കും അവകാശമുണ്ടെന്നും അതിൽ ഉപയോഗിക്കുന്ന ഭാഷയാണ് ആളുകളെ സിനിമയിൽ നിന്നും അകറ്റി നിർത്താൻ കാരണമാകുന്നതെന്നും സംവിധായകൻ അരുൺ ബോസ്. മാരിവില്ലിൻ ഗോപുരങ്ങൾ സിനിമയുടെ റിവ്യു ബോംബിങുമായി ബന്ധപ്പെട്ട നിർമാതാവിന്റെ പരാതി ചർച്ചയാകുന്നതിനിടെയാണ് നിലപാടു വ്യക്തമാക്കി സംവിധായകനും രംഗത്തുവന്നത്.
‘‘സിനിമയെപ്പറ്റി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. അശ്വന്ത് കോക്കിന്റെ റിവ്യൂ വളരെ മോശമായ ഭാഷ ഉപയോഗിച്ചു കൊണ്ടായിരുന്നു. അതിനോടുള്ള പെട്ടെന്ന് ഉണ്ടായ പ്രതികരണമാണ് സിയാദ് കോക്കർ നടത്തിയത്. അദ്ദേഹം സാധാരണ ഗതിയിൽ സംസാരിക്കുമ്പോഴുള്ള ഭാഷ മാത്രമേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളൂ.
സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളെ നമുക്ക് തടയാനാവില്ല. നല്ല സിനിമകളെ പ്രേക്ഷകർ എന്നും സ്വീകരിച്ചിട്ടേ ഉള്ളൂ. മൾട്ടിപ്ലക്സുകളിൽ നിന്നും നല്ല കലക്‌ഷനാണ് ലഭിക്കുന്നത്. സിംഗിൾ സ്ക്രീനിലേക്ക് ആളുകൾ വരാതെ ഇരിക്കുന്നതിൽ, പ്രത്യേകിച്ചും കുടുംബ പ്രേക്ഷകർ എത്താതിരിക്കുന്നതിൽ ഇത്തരം റിവ്യൂകൾ കാരണമായേക്കാം. റിവ്യൂകളുടെ ഭാഷയാണ് പലപ്പോഴും ആളുകളെ സിനിമയിൽ നിന്നും അകറ്റുന്നത്. എന്ത് കാണണമെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ.
സിനിമയുടെ തുടക്കം മുതലേ നിരൂപകരും ഉണ്ട്. നിരൂപകർ പിന്നീട് ചലച്ചിത്രപ്രവർത്തകരായി മാറിയവരുമുണ്ട്. സിനിമയുടെ മുഖം തന്നെ മാറ്റിയ നിരൂപകർ നമുക്ക് ചുറ്റുമുണ്ട്. ആർട്ട് ഫോം ഒരിക്കലും നമുക്ക് കൺക്ലൂഡ് ചെയ്യാൻ കഴിയില്ല. നിരന്തരമായ സംവാദങ്ങളിലൂടെ അതിങ്ങനെ മുൻപോട്ടു പോകും. നെഗറ്റീവ് ആയിട്ടുള്ള റിവ്യൂകൾ നമുക്ക് തടയാൻ കഴിയില്ല. എന്നാൽ നമുക്ക് പ്രേക്ഷകരെ സിനിമയെക്കുറിച്ച് സാക്ഷരരാക്കാൻ കഴിയും. അതു മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുക. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഞാനത്ര ആക്ടീവ് അല്ലാത്തതു കൊണ്ട് ഇത്തരം കാര്യങ്ങളിൽ അധികം ശ്രദ്ധ ചെലുത്താറില്ല.-’’അരുൺ ബോസിന്റെ വാക്കുകൾ.
English Summary:
Arun Bose about review bombing
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-arun-bose mo-entertainment-common-malayalammovie mo-entertainment-common-moviereview0 51inditj5eqmf2k3op69t7t6jd
Source link