കൂട്ടിയും കിഴിച്ചും
കാൽകുലേറ്ററുമായി നടക്കുന്ന ടീമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നൊരു കളിയാക്കലുണ്ട്. കാരണം, കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചുമാണ് ആർസിബി ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണിൽ ഓരോ ദിവസവും തള്ളിനീക്കുന്നത്. പരിഹാസത്തിന് പാത്രമാകുന്പോഴും ഐപിഎൽ രണ്ടാം പകുതിയിൽ ആർസിബിയുടെയത്ര ഫോമിലുള്ള മറ്റൊരു ടീം ഇല്ലെന്നതാണ് വാസ്തവം. അവസാനം കളിച്ച അഞ്ച് മത്സരത്തിലും ആർസിബി ജയം സ്വന്തമാക്കി. ഡൽഹി ക്യാപ്പിറ്റൽസിനെതിരേ 47 റണ്‍സ് ജയം നേടിയതോടെ ആർസിബി 12 പോയിന്റിൽ എത്തി എന്നതുമാത്രമല്ല, അഞ്ചാം സ്ഥാനത്തേക്കുയരുകയും നെറ്റ് റണ്‍റേറ്റ് പ്ലസ് (+0.387) ആക്കുകയും ചെയ്തു. ഡൽഹി പുറത്തേക്ക് ആർസിബിയോട് പരാജയപ്പെട്ടതോടെ ഡൽഹി ക്യാപ്പിറ്റൽസ് പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏകദേശം ഉറപ്പായി. കാരണം, 13 മത്സരം പൂർത്തിയാക്കിയ ഡൽഹി 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് ആണെങ്കിൽ മൈനസിലും (-0.482). ഇന്ന് ലക്നോ സൂപ്പർ ജയന്റ്സിന് എതിരേയാണ് ഡൽഹിയുടെ സീസണിലെ അവസാന മത്സരം. ലക്നോ 12 മത്സരങ്ങളിൽനിന്ന് 12 പോയിന്റുമായി ഏഴാമതാണ്. ഇന്ന് ഡൽഹിക്കെതിരായത് കൂടാതെ ഒരു മത്സരം കൂടി ലക്നോയ്ക്കു ബാക്കിയുണ്ട്. പ്ലേ ഓഫിൽനിന്ന് നേരത്തേ പുറത്തായ മുംബൈ ഇന്ത്യൻസിനെതിരേ 17നാണ് ലക്നോയുടെ അടുത്ത മത്സരം. നിലവിൽ ലക്നോയുടെ റണ്‍ റേറ്റും (-0.769) മൈനസാണ്. ഇന്ന് ഡൽഹി ജയിച്ചാലും പ്ലേ ഓഫിൽ എത്താൻ സാധിക്കില്ലെന്നതാണ് കൂട്ടിയും കിഴിച്ചും നോക്കുന്പോൾ ലഭിക്കുന്ന ഉത്തരം. ഡൽഹി ഇന്ന് ലക്നോയെ ചുരുങ്ങിയത് 64 റണ്‍സിനു തോൽപ്പിക്കുകയും സണ്‍റൈസേഴ്സ് ഹൈദരാബാദ് അവരുടെ ശേഷിക്കുന്ന രണ്ട് മത്സരത്തിലുമായി 150 റണ്‍സിനു തോൽക്കുകയും ചെയ്യണം. മാത്രമല്ല, സണ്‍റൈസേഴ്സിനെതിരേ ആദ്യം ബാറ്റ് ചെയ്ത് 200ൽ അധികം റണ്‍സ് നേടുകയും വേണം. അങ്ങനെയെങ്കിൽ മാത്രമേ നിലവിൽ 12 മത്സരങ്ങളിൽനിന്ന് 14 പോയിന്റും +0.406 റണ്‍ റേറ്റുമായി നാലാമതുള്ള സണ്‍റൈസേഴ്സിനെ മറികടന്ന് ഡൽഹിക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കൂ. ഈ കൂട്ടലും കിഴിക്കലും അത്ര പ്രായോഗികമല്ലെന്നു ചുരുക്കം. അതായത്, ഡൽഹിയുടെ വിധി ഇന്ന് നിർണയിക്കപ്പെടും. മറിച്ച് ലക്നോയ്ക്ക് ഇന്ന് ഡൽഹിക്കെതിരേയും വെള്ളിയാഴ്ച മുംബൈക്കെതിരേയും ജയിച്ചാൽ പ്ലേ ഓഫിൽ ഇടംപിടിക്കാനുള്ള സാധ്യതയുണ്ട്. ആർസിബി x സിഎസ്കെ തുടർച്ചയായ അഞ്ച് ജയത്തിലൂടെ പ്ലേ ഓഫ് സാധ്യത മങ്ങാതെ കാത്തിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. തുടർച്ചയായ ആറ് തോൽവിക്കുശേഷമാണ് ആർസിബിയുടെ ഈ തിരിച്ചുവരവ്. 13 മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്സിന് എതിരേയാണ് ആർസിബിയുടെ അവസാന ലീഗ് പോരാട്ടം. വിജയ പരന്പര തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെയും കീഴടക്കിയാലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് പ്ലേ ഓഫ് കളിക്കാമെന്ന് ഉറപ്പില്ല. കാരണം, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും ലക്നോ സൂപ്പർ ജയന്റ്സിന്റെയും മത്സര ഫലങ്ങളും ആർസിബിക്ക് അനുകൂലമായിരിക്കണം. രണ്ട് മത്സരം ശേഷിക്കുന്ന ലക്നോയുടെ ആദ്യ പോരാട്ടം ഇന്ന് ഡൽഹിക്കെതിരേ നടക്കും. വെള്ളിയാഴ്ചയാണ് ലക്നോയുടെ അവസാന മത്സരം. ശനിയാഴ്ച നടക്കാനിരിക്കുന്ന ആർസിബി x സിഎസ്കെ പോരാട്ടത്തിനു മുന്‍പ് ലക്നോ ലീഗ് റൗണ്ട് പൂർത്തിയാക്കും. സണ്‍റൈസേഴ്സിനു ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരെണ്ണം വ്യാഴാഴ്ചയും നടക്കും. അതായത് ആർസിബി x സിഎസ്കെ പോരാട്ടം പ്ലേ ഓഫ് വിധി എഴുതുമോ എന്ന് അതിനു മുന്‍പുതന്നെ ഏകദേശം വ്യക്തമാകും.
Source link