CINEMA

1000 കോടിയിലേക്ക് പറക്കുന്ന മലയാള സിനിമ; വാരുന്നത് മുടക്കുമുതലിന്റെ ഡബിൾ


2024 എന്ന വര്‍ഷം പിറന്നു നാലു മാസം പിന്നിടുമ്പോള്‍ 1000 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് പറക്കുകയാണ് മലയാള സിനിമ. ഇതുവരെ റിലീസ് ചെയ്ത പടങ്ങളുടെ ആകെ കലക്‌ഷന്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന കണക്കാണിത്. 
മലയാള സിനിമയുടെ സുവര്‍ണകാലം എന്നു പല സന്ദര്‍ഭങ്ങളില്‍ പലരും പലതിനെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ നിഷ്പ്രഭമാക്കി ഇതാ യഥാർഥ സുവര്‍ണ്ണനാളുകള്‍ വന്നിരിക്കുന്നു. സിനിമ എത്ര വലിയ കലാരൂപമാണെന്നു പറഞ്ഞാലും ആത്യന്തികമായി അതു ഒരു വന്‍വ്യവസായം തന്നെയാണ്. കലാപരമായ ബിസിനസ് എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ആര്‍ട്ട്ഹൗസ് സിനിമകള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന തരം ചിത്രങ്ങള്‍ ഏതാണ്ടു പൂര്‍ണമായി തന്നെ അന്യം നിന്നു പോവുകയും കലാപരമായി മികച്ചു നില്‍ക്കുന്ന വാണിജ്യസിനിമകള്‍ ഉണ്ടാവുകയും അവയൊക്കെ തന്നെ വന്‍ കലക്ഷന്‍ നേടുകയും ചെയ്തു എന്നത് ഏറെ കാലമായി മലയാളത്തില്‍ നിലനില്‍ക്കുന്ന ട്രെൻഡാണ്. 

രാജേഷ് പിളളയുടെ ട്രാഫിക്കില്‍ തുടങ്ങി ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം, ദൃക്‌സാക്ഷിയും തൊണ്ടിമുതലും എന്നീ ചിത്രങ്ങളിലൂടെ വളര്‍ന്ന് ലിജോ ജോസ് പല്ലിശ്ശേരിയുടെ ആമേനില്‍ തളിര്‍ത്ത് അങ്ങനെ പടര്‍ന്ന് പന്തലിച്ച ഈ പ്രതിഭാസം ചെന്ന് എത്തി നില്‍ക്കുന്നത് പരശതം നവാഗത പ്രതിഭകളിലാണ്. എത്രയെത്ര യുവസംവിധായകരാണ് ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകളുമായി നിത്യേന  ഉദയം കൊളളുന്നത്. സിനിമ മുന്നോട്ടു വയ്ക്കുന്ന സ്‌റ്റോറി ഐഡിയ മുതല്‍ സ്‌ക്രീന്‍പ്ലേയിലും മേക്കിങ് സ്‌റ്റൈലിലും അവര്‍ പുലര്‍ത്തുന്ന പൊളിച്ചെഴുത്തുകളും പുതുമകളും അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ഇളക്കി മറിച്ചിരിക്കുകയാണ്. സോപ്പുപെട്ടി കഥകളും ചര്‍വിതചര്‍വണം ചെയ്യപ്പെട്ട ചലച്ചിത്ര സമീപനങ്ങളുമായി ഇപ്പോഴും തലപൊക്കുന്നവര്‍ പതനത്തിന്റെ പാരമ്യതയിലേക്ക് പതിക്കുമ്പോള്‍ ഇന്നലെ വരെ ആരും അറിയാത്ത യുവാക്കള്‍ വലിയ എഴുത്തുകാരും ചലച്ചിത്രകാരന്‍മാരും താരങ്ങളുമായി പരിണമിക്കുന്നു.
2024 എന്ന ഭാഗ്യവര്‍ഷം
2024 ഇത്തരം മാറ്റങ്ങള്‍ക്ക് വളക്കൂറുളള കാലമായി പരിണമിച്ചു എന്നതാണ് ഏറെ ആശാസ്യമായ വസ്തുത. 2023 ഡിസംബര്‍ അവസാന വാരം റിലീസ് ചെയ്ത നേര് എന്ന ജീത്തു ജോസഫ് ചിത്രം സാങ്കേതികമായി പിന്നിട്ട വര്‍ഷത്തിന്റെ സന്തതിയാണെങ്കിലും അതിന്റെ കലക്‌ഷനില്‍ സിംഹഭാഗവും സംഭവിച്ചത് 2024 ലാണ്. അതുകൊണ്ട് തന്നെ ആ സിനിമയും ഈ മാറ്റത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താം.

കോര്‍ട്ട് റൂം ഡ്രാമ എന്ന അപൂര്‍വ ജനുസില്‍ പെടുന്ന നേരിന്റെ വിജയം രണ്ടു തലത്തിലാണ് ശ്രദ്ധേയമാവുന്നത്. മുന്‍പും മലയാളത്തില്‍ കോര്‍ട്ട് റൂം ഡ്രാമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ക്ലച്ച് പിടിച്ചിട്ടില്ല. അതിലുപരി മോഹന്‍ലാല്‍ എന്ന നടന്റെ സിനിമകള്‍ തുടര്‍ച്ചയായി ബോക്സോഫിസില്‍ വീണുകൊണ്ടിരിക്കുന്ന സമയത്താണ് നേര് എന്ന മാസ് നേച്ചറില്ലാത്ത പടം വലിയ പരസ്യ കോലാഹലങ്ങളില്ലാതെ നിശബ്ദമായി വന്ന് നൂറുകോടി ക്ലബ്ബിലേക്ക് അനായാസം നടന്നു കയറിയത്.

എന്തായിരുന്നു ഈ സിനിമയുടെ വിജയരഹസ്യം? പുതുമയുളള കഥാതന്തുവും ട്രീറ്റ്‌മെന്റിലെ ക്ലീഷേ സ്വഭാവവും മാറ്റി നിര്‍ത്തി, ആദ്യന്തം ആളുകള്‍ക്ക് രസിക്കുന്ന തരത്തില്‍ അടുക്കും ചിട്ടയും വെടിപ്പുമുളള ഒരു തിരക്കഥയെ അവലംബിച്ച് നിര്‍മിച്ചു എന്നത് തന്നെയാണ്. പൊതുവെ വിഷ്വല്‍ ഗിമ്മിക്കുകളില്‍ വിശ്വസിക്കുന്ന സംവിധായകനല്ല ജിത്തു. അനാവശ്യമായ ബില്‍ഡ് അപ്പ് ഷോട്ടുകള്‍ കൊണ്ട് അമ്മാനമാടുന്നതും ദൃശ്യഭംഗിക്ക് അമിതപ്രാധാന്യം നല്‍കുന്നതും കഥ പറച്ചിലിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തുമെന്നും കാണികളുടെ ശ്രദ്ധ വഴിതിരിച്ചു വിടുമെന്നും അദ്ദേഹത്തിനറിയാം. കഥാഗതിയിലും കഥാപാത്രങ്ങളിലും ഊന്നി നിന്നുകൊണ്ട് കാണികളെ ഒപ്പം കൊണ്ടു പോകുന്നതാണ് ജിത്തുവിന്റെ രീതി.
വിജയം തിയറ്ററിൽ നിന്നും
ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ദൃശ്യം എന്ന സിനിമയില്‍ പോലും ജോര്‍ജു കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിക്കും,  ഈ പ്രതിസന്ധിഘട്ടത്തെ അവര്‍ അതിജീവിക്കുമോ, എന്ന് അറിയാനുളള കാഴ്ചക്കാരന്റെ ഉദ്വേഗം ക്രമാനുസൃതമായി വളര്‍ത്തി അതിന്റെ പരമകാഷ്ഠയില്‍ എത്തിച്ച് ഒടുവില്‍ ആശ്വാസകരമായ കഥാന്ത്യത്തിലെത്തിക്കുന്ന പതിവ് സമീപനം തന്നെയാണ് നേരും സ്വീകരിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആസ്വാദനക്ഷമമായ ചിത്രം എന്നതു തന്നെയാണ് നേരിനെ വന്‍വിജയത്തിലെത്തിച്ചത്.
ജോണര്‍ ഏതായാലും അഭിനയിക്കുന്നവര്‍ ആരായാലും ആര് സംവിധാനം ചെയ്താലും ബാനര്‍ ഏതായാലും ഇന്ന് പ്രേക്ഷകന് ഒരു വിഷയമല്ല. കൊടുക്കുന്ന പണം മുതലാകുന്നുണ്ടോ എന്ന് മാത്രമാണ് അവര്‍ നോക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി സിനിമാ നിര്‍മാണം വന്‍മുതല്‍മുടക്ക് ആവശ്യമായ ബിസിനസാണ്. ഒരു ലോബജറ്റ് ചിത്രത്തിന് പോലും ഇന്ന് നാലു മുതല്‍ അഞ്ചും ആറും കോടി വരെയാണ് നിര്‍മാണച്ചെലവ്.

പോസ്റ്റർ

കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വലിയ തുക നല്‍കി സിനിമകള്‍ വിലയ്ക്ക് എടുത്തിരുന്നു. ഇന്ന് ഒടിടിയും ടിവി ചാനലുകളും തിയറ്ററുകളില്‍ വന്‍വിജയം നേടുന്ന സിനിമകള്‍ മാത്രമാണ് സീകരിക്കുന്നത്. അതും മുന്‍കാലങ്ങളിലെ പോലെ മോഹവില നല്‍കാതെ നന്നായി ബാര്‍ഗെയിന്‍ ചെയ്ത് തന്നെ സിനിമകള്‍ വാങ്ങുന്നു. വെബ് സീരിസുകളും മറ്റും വ്യാപമായതോടെ ഒരുപാട് സിനിമകള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യകതയും അവര്‍ക്കില്ല.

അത്തരമൊരു സാഹചര്യത്തില്‍ സിനിമകള്‍ തിയറ്ററുകളില്‍ നിന്ന് പരമാവധി കലക്‌ഷന്‍ ഉറപ്പാക്കുക എന്നതാണ് അഭികാമ്യം. എന്നാല്‍ പിന്നിട്ട വര്‍ഷങ്ങളില്‍ ഇരുനൂറില്‍ പരം സിനിമകള്‍ റിലീസ് ചെയ്തിടത്ത് പത്തില്‍ താഴെ സിനിമകള്‍ മാത്രമായിരുന്നു വിജയം കൈവരിച്ചിരുന്നത്. അവയില്‍ പലതും കഷ്ടിച്ച് മുതല്‍ മുടക്കും നേരിയ ലാഭവും തിരിച്ചു പിടിച്ചു എന്നതിനപ്പുറം മഹാവിജയങ്ങളായിരുന്നില്ല.
ആര്‍ഡിഎക്‌സ്, 2018 തുടങ്ങി അപൂര്‍വം ചില സിനിമകള്‍ മാത്രമാണ് ഇതിന് അപവാദമായിരുന്നത്. 2024 ഈ അവസ്ഥകളെല്ലാം തച്ചുടച്ചു. നല്ല സിനിമയുമായി ആരു വന്നാലും താരമൂല്യമോ മറ്റ് ഘടകങ്ങളോ കാര്യമാക്കാതെ ആളുകള്‍ സ്വീകരിച്ചു. പഴയ കാലത്തെ പോലെ ഒരു സിനിമ തന്നെ പല തവണ തിയറ്ററില്‍ പോയി കാണാന്‍ പ്രേക്ഷകർ സന്നദ്ധരായി. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തിയറ്ററുകളിലേക്കുളള ജനങ്ങളുടെ ഒഴുക്ക് തടസപ്പെടുത്തി എന്നു പരിതപിച്ചിരുന്നവരെ അമ്പരപ്പിച്ചുകൊണ്ട് ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. ബുക്ക് മൈ ഷോയില്‍ ഒറ്റ സീറ്റ് പോലും ഒഴിവില്ലാത്ത അവസ്ഥ വന്നു.
ജയറാമിന്റെ തിരിച്ചു വരവ്

എബ്രഹാം ഓസ്‌ലര്‍ എന്ന സിനിമയില്‍ ഏറെക്കാലമായി തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ജയറാമാണ് നായകന്‍. എന്നാല്‍ ആദ്യദിനം തന്നെ തിയറ്ററുകള്‍ നിറയുന്ന കാഴ്ചയാണ് കണ്ടത്. മികച്ച അഭിപ്രായം ലഭിച്ചതോടെ തുടര്‍ന്നുളള ദിവസങ്ങളിലും അതേ അവസ്ഥ തുടര്‍ന്നു. ഇനീഷ്യല്‍ കലക്ഷന്‍ നഷ്ടമായ ഒരു നടന്റെ സിനിമയ്ക്ക് ലഭിച്ച വമ്പിച്ച ഇനീഷ്യലിന്റെ  കാരണം തേടി തല പുകയ്‌ക്കേണ്ടതില്ല. മിഥുന്‍ മാനുവല്‍ തോമസ് എന്ന തിരക്കഥാകൃത്തിലും സംവിധായകനിലുമുളള വിശ്വാസം തന്നെ കാരണം. അദ്ദേഹം ഒരിക്കലും ജയറാമിനെ പോലൊരു നടനെ അപമാനിക്കില്ലെന്നും പ്രേക്ഷകനെ വഞ്ചിക്കില്ലെന്നുമുളള ഉത്തമബോധ്യം സിനിമാ ആസ്വാദകര്‍ക്കുണ്ടായിരുന്നു.
അഞ്ചാം പാതിര, ആന്‍മേരി കലിപ്പിലാണ്, ആട് 2, ഓംശാന്തി ഓശാന, ഗരുഡന്‍ എന്നിങ്ങനെ നിരവധി സിനിമകള്‍ അവര്‍ക്ക് മുന്നിലുണ്ടായിരുന്നു. ഏതായാലും ഓസ്ലര്‍ ജയറാമിനെ നമുക്ക് തിരിച്ചു തന്നു. വേറിട്ട സിനിമകള്‍ ലഭിച്ചാല്‍ അദ്ദേഹത്തിന് കാണികളുടെ മനസില്‍ ഇന്നും സ്ഥാനമുണ്ടെന്ന് ഓസ്‌ലര്‍ നമ്മോട് മാത്രമല്ല ജയറാമിനോടും പറഞ്ഞു.

ടീസറിൽ നിന്നും

ആദ്യദിനത്തിൽ റെക്കോർഡ് കലക്‌ഷന്‍നേടിയ മോഹൻലാല്‍ ചിത്രം വാലിബനും തിയറ്ററിൽ വലിയ നേട്ടമുണ്ടാക്കാനായില്ല. വാസ്തവത്തില്‍ ഒരു നടനോടും പ്രേക്ഷകര്‍ക്ക് അയിത്തമില്ല. ഒരു കാലത്ത് അവര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന,  കൈവെളളയില്‍ കൊണ്ടു നടന്നവര്‍ ദിശാബോധമില്ലാതെ ആസ്വാദനക്ഷമതയില്ലാത്ത സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിമര്‍ശന വിധേയരാകുന്നു. ഒപ്പം നിരാകരിക്കപ്പെടുകയും ചെയ്യുന്നു. ഈ സത്യം മനസിലാക്കിയാണ് പുതുതലമുറ സിനിമകള്‍ രൂപപ്പെടുത്തുന്നത്. 
വളരെ ലളിതമായ ഒരു സൂത്രവാക്യമാണ് അവരെ നയിക്കുന്നത്. മുഷിവില്ലാതെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമ. ഏതെങ്കിലും തരത്തില്‍ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന സിനിമ. പരീക്ഷണചിത്രമായ ഭ്രമയുഗം ഈ കളര്‍ഫുള്‍ യുഗത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചിട്ടു പോലും അതിലെ ഏസ്‌തെറ്റിക് സെന്‍സിനെ ആദരവോടെയാണ് മലയാളി സമൂഹം ഏറ്റെടുത്തത്. വേറിട്ട പ്രമേയവും മമ്മൂട്ടിയുടെ അഭിനയത്തിന്റെ മറ്റൊരു വിതാനവും അവരെ ആകര്‍ഷിച്ചു.

27 കോടി മുടക്കിയെടുത്ത ഭ്രമയുഗം കലക്ട് ചെയ്തത്  85 കോടി. ഒടിടി- സാറ്റലൈറ്റ് അവകാശത്തുക വേറെ. ഓസ്‌ലര്‍ നേടിയത് 48 കോടി. ഒരു തരത്തിലും പരസ്പരം താരതമ്യപ്പെടുത്താന്‍ കഴിയാത്ത വിധം വിഭിന്നമായ കഥാപരിസരവും ആഖ്യാന രീതികളുമായിരുന്നു ഈ സിനിമകളുടേത്. കാണികള്‍ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു.
ചരിത്ര വിജയമായി മഞ്ഞുമ്മല്‍ ബോയ്‌സ്
അടുത്തതായി നാം കാണുന്നത് മറ്റൊരു വിസ്‌ഫോടനമാണ്. സാക്ഷാല്‍ മഞ്ഞുമ്മല്‍ ബോയ്‌സ്. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവുമധികം കലക്‌ഷന്‍ ലഭിച്ച ചിത്രം. ആഗോള വിപണിയില്‍ നിന്നും സിനിമ തൂത്തു വാരിയത് 243 കോടി. ഡിജിറ്റല്‍-ടെലിവിഷന്‍ അവകാശങ്ങള്‍ കൂടി ചേരുമ്പോള്‍ അതിനും എത്രയോ മുകളിലെത്തും. ഒരു മലയാള സിനിമയ്ക്ക് ഇത്രയൊക്കെ സാധിക്കുമോ എന്ന് അദ്ഭുതപ്പെട്ടവര്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല എന്നതാണ് സത്യം. അവര്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെ നേരാം വണ്ണം ഒന്നു വിലയിരുത്തണം. സര്‍വൈവല്‍ ത്രില്ലറുകള്‍ മലയാളത്തിന് പുത്തരിയല്ല. പതിറ്റാണ്ടുകള്‍ക്ക് മൂന്‍പ് വന്ന മാളൂട്ടിയും സമീപകാലചിത്രമായ മലയന്‍കുഞ്ഞും ഹെലനുമെല്ലാം ഈ ഗണത്തില്‍ പെട്ട സിനിമകളാണ്. അവയൊക്കെ തന്നെ ഭേദപ്പെട്ട സിനിമയായിട്ടും ബോക്സോഫിസില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല. എന്നാല്‍ മഞ്ഞുമ്മല്‍ ചരിത്രവിജയമായി എന്നു മാത്രമല്ല ഇന്ത്യന്‍ സിനിമ ഒട്ടാകെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

ഹോളിവുഡ് നിലവാരത്തിലുളള ദൃശ്യപരിചരണം തന്നെയാണ് ആ സിനിമയുടെ ഹൈലൈറ്റ്. ഇനീഷ്യന്‍ കലക്ഷന്‍ ലഭിക്കാന്‍ ഉതകുന്ന ഒരു നടനും സിനിമയില്‍ ഇല്ല. പേരിനു പോലും ഒരു നായികയില്ല. ഇതൊന്നുമല്ല സിനിമയ്ക്ക് ആവശ്യം എന്നു പറയാതെ പറയുകയായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. പ്രേക്ഷകനെ ആദ്യന്തം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി എന്നതു മാത്രമാണ് അതിന്റെ വിജയം എന്ന് പറഞ്ഞാല്‍ ഒരു ഗംഭീര സിനിമലെ ലഘൂകരിക്കുകയാവും. ഉദ്വേഗത്തിനപ്പുറം ഒരു മനുഷ്യാത്മാവ് ആ കിടങ്ങില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വരണേയെന്ന് ഓരോരുത്തരെ കൊണ്ടും തോന്നിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ചിദംബരം എന്ന സംവിധായകന്റെ നേട്ടം.
ഉപാധികളില്ലാത്ത ഒരേയൊരു ബന്ധമാണ് സൗഹൃദം. സുഹൃദ്ബന്ധത്തിന്റെ ആഴവും ആത്മാര്‍ത്ഥതയും ഭംഗിയായി ആലേഖനം ചെയ്ത മഞ്ഞുമ്മല്‍  ഓരോരുത്തരിലും ഉണരുന്ന മാനുഷികതയെക്കുറിച്ച് കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ സുഭാഷിനെ രക്ഷപ്പെടുത്താനാവില്ലെന്ന് പറഞ്ഞ പൊലീസുകാരന്‍ മുതല്‍ സഹായിക്കാന്‍ മടിച്ച കടക്കാരന്‍ വരെ ഓരോരുത്തരും സുഭാഷിന്റെ അതിജീവനത്തിനായി അക്ഷീണം പരിശ്രമിക്കുകയാണ്. സിനിമ സംവേദനം ചെയ്യേണ്ട വൈകാരികതയെ കൃത്യമായ അളവില്‍ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതില്‍ പുലര്‍ത്തിയ കയ്യടക്കത്തിന്റെ ക്രെഡിറ്റ് തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ ചിദംബരത്തിന് അവകാശപ്പെട്ടതാണ്.
മികച്ച ഒരു ടീം വര്‍ക്ക് കൂടി ഈ സിനിമയ്ക്ക് പിന്നിലുണ്ട്. നിര്‍മാതാവ് കൂടിയായ സൗബീന്‍ അടക്കമുളള മുഴുവന്‍ അഭിനേതാക്കളും ഷൈജു ഖാലിദിനെ പോലെ അതിസമര്‍ത്ഥനായ ഛായാഗ്രഹകനും സിനിമയുടെ പൂര്‍ണ്ണതയ്ക്ക് നല്‍കിയ സംഭാവനകള്‍ പ്രകടമാണ്. 240 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് കേവലം 20 കോടിയില്‍ താഴെ മാത്രം മുതല്‍മുടക്കുളള ഒരു മലയാള സിനിമയെ എത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം.
പ്രേമലു തരംഗം
മഞ്ഞുമ്മലിന് സമാന്തരമായി സംഭവിച്ച മറ്റൊരു അദ്ഭുതമാണ് പ്രേമലു എന്ന ഫീല്‍ഗുഡ് റൊമാന്റിക് മൂവി. സൗമ്യസുന്ദരമായ മുഹൂര്‍ത്തങ്ങളിലൂടെ നനുത്ത നര്‍മ്മത്തില്‍ ചാലിച്ച് ഉളളില്‍ തട്ടുന്ന ഒരു പ്രണയകഥ എത്ര ഭംഗിയായിട്ടാണ് സംവിധായകന്‍ ഗീരിഷ് എ.ഡി.പറഞ്ഞിരിക്കുന്നത്. ഒരു സീനില്‍ പോലും ലാഗില്ലാതെ കഥ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിന്റെ സാക്ഷ്യപത്രമാണ് 135 കോടി കലക്ട് ചെയ്ത സിനിമ അന്യഭാഷകളില്‍ പോലും ഹിറ്റായത്. സിംഗിള്‍ ഹീറോ എന്ന നിലയില്‍ ഇന്നേവരെ ബോക്സോഫീസ് സക്‌സസ് സൃഷ്ടിച്ചിട്ടില്ലാത്ത നസ്ലിനും ഉപനായികമായി മാത്രം അഭിനയിച്ചു വന്ന മമിതാ ബൈജുവും ലീഡ് റോളില്‍ വന്ന സിനിമയില്‍ മറ്റെല്ലാവരും തന്നെ പുതിയ അഭിനേതാക്കള്‍. എന്നിട്ടും സിനിമ നൂറും കോടിയും കടന്നു മുന്നേറിയെങ്കില്‍ കാരണം മറ്റൊന്നല്ല. ആകത്തുകയുടെ (ടോട്ടാലിറ്റി) മികവ് തന്നെയാണ്.

പ്രേക്ഷകന് ഇഷ്ടം തോന്നുന്ന ഒരുപാട് ഘടകങ്ങള്‍ ഇഷ്ടം തോന്നുന്ന വിധത്തില്‍ കൃത്യമായ അനുപാതത്തില്‍ വിളക്കി ചേര്‍ക്കുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത്. അത് എങ്ങനെയെന്ന് ആര്‍ക്കും പറഞ്ഞു തരാനാവില്ല. അതിന് കൃത്യമായ ഫോര്‍മുലകളോ നിര്‍വചനങ്ങളോ ഇല്ല. അത് ഒരു നല്ല സംവിധായകന്റെ സെന്‍സിബിലിറ്റിയുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ്. ഗീരിഷ് എ.ഡി ഇക്കാര്യത്തില്‍ ഏറെ സമ്പന്നനാണെന്ന് തുടര്‍ച്ചയായി ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച അദ്ദേഹത്തിന്റെ മൂന്ന് സിനിമകളും ഇതു സാക്ഷ്യപ്പെടുത്തുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു; വെല്‍ എഡിറ്റഡ് സ്‌ക്രിപ്റ്റിങ്ങാണ് മേല്‍ വിവരിച്ച മൂന്ന് സിനിമകളുടേതും. ദുര്‍മേദസുകള്‍ പൂര്‍ണമായി പടിക്കു പുറത്തു നിര്‍ത്തി കൃത്യതയോടെ രൂപപ്പെടുത്തിയ തിരക്കഥയെ മനോഹരമായി ദൃശ്യവത്കരിച്ചിരിക്കുന്നു. റീനുവും സച്ചിനും തമ്മില്‍ അകലുമ്പോള്‍ നാം നൊമ്പരപ്പെടുകയും അവര്‍ ഒന്നിക്കുമ്പോള്‍ നാം സന്തോഷിക്കുകയും ചെയ്യുന്ന തലത്തില്‍ സിനിമ രൂപപ്പെടുത്തിയ ക്രാഫ്റ്റ്മാന്‍ഷിപ്പ് എടുത്തു പറയേണ്ടതുണ്ട്.
കഥ നടക്കുന്ന ഹൈദ്രബാദിലെ ലോക്കേഷന്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആരും പറയാത്ത അതിശയകരമായ കഥാതന്തുവൊന്നും ഈ സിനിമയില്‍ ഇല്ല. എന്നാല്‍ പലരും പറഞ്ഞ ഒരു സ്‌റ്റോറി ലൈന്‍ ഫ്രഷ്‌നസ് തോന്നിക്കും വിധം പുതിയ കഥാസന്ദര്‍ഭങ്ങളിലുടെ ചെയ്തെടുക്കുക എന്നതാണ് പ്രേമലുവില്‍ സംഭവിക്കുന്നത്. എന്തു പറയുന്നു എന്നതിലേറെ എങ്ങനെ പറയുന്നു എന്നതിനാണ് സംവിധായകന്‍ മൂന്‍തുക്കം നല്‍കിയിട്ടുളളത്. നന്നായി രസിപ്പിക്കുന്ന ഒരു അസല്‍ വാണിജ്യ സിനിമ എന്നത് തന്നെയാണ് പ്രേമലുവിന്റെയും വിജയം. അതേസമയം അതിഭാവുകത്വവും അരോചകമായ സീനുകളും ഇല്ലാതെ പരമാവധി മിതത്വം പാലിച്ച് സ്വാഭാവികതയോടെ കഥ പറയാനും ഗിരീഷ് ശ്രദ്ധിച്ചിട്ടുണ്ട്. നസ്ലിനും മമിതയും സംഗീതും ശ്യാം മോഹനും അല്‍ത്താഫും ഉള്‍പ്പെടെ അഭിനേതാക്കളെല്ലാം തന്നെ പരമാവധി നന്നായി പെര്‍ഫോം ചെയ്തു എന്നതും സിനിമയ്ക്ക് മുതല്‍ക്കൂട്ടായി.
വര്‍ഷങ്ങള്‍ക്ക് ശേഷം ആവേശമുണര്‍ത്തുന്ന തുടര്‍വിജയം
ടൊവിനോ നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയും 8 കോടിയില്‍ തീര്‍ത്ത് 40 കോടി കളക്ട് ചെയ്ത് ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചു. ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും വേറിട്ട രണ്ട് കുറ്റാന്വേഷണകഥ പറഞ്ഞ ഈ സിനിമയുടെയും ട്രീറ്റ്‌മെന്റില്‍ പുതുമയുണ്ടായിരുന്നു. അതിലുപരി ആദ്യാവസാനം ബോറടിക്കാതെ കണ്ടിരിക്കാവുന്ന പടം എന്നതു തന്നെയാണ് ഈ ടൊവിനോ ചിത്രത്തെയും രക്ഷിച്ചത്. 82 കോടിയില്‍ തീര്‍ത്ത് 160 കോടിയില്‍ എത്തി നില്‍ക്കുന്ന ആടുജീവിതമാണ് മറ്റൊരു ബമ്പര്‍ഹിറ്റ്. ഒരു ജനപ്രിയ സിനിമ എന്നതിനപ്പുറം കലാപരമായി ഏറെ മികച്ചു നില്‍ക്കുന്ന ആടുജീവിതം അന്താരാഷ്ട്ര നിലവാരമുളള ആഖ്യാനരീതിയാല്‍ സമ്പന്നമാണ്. ബ്ലെസി എന്ന മികച്ച ചലച്ചിത്രകാരന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രം. പൃഥ്വിരാജിന്റെ തകര്‍പ്പന്‍ അഭിനയവും ഇതര ഘടകങ്ങളുടെ വിദഗ്ധ സമന്വയവും സിനിമയ്ക്ക് മുതല്‍ക്കൂട്ടായി. ക്ലാസ് ടച്ച് നിലനിര്‍ത്തുമ്പോഴും മാസ് ഓഡിയന്‍സിനെ മടുപ്പിക്കാതെ നൂതനാനുഭവം പ്രദാനം ചെയ്യാന്‍ കഴിഞ്ഞു എന്നതും ആടുജീവിതത്തിന്റെ സവിശേഷതയാണ്. വേറിട്ട അനുഭവം നല്‍കുന്ന ഏതു തരം സിനിമയും ഏറ്റെടുക്കാന്‍ ഇന്ന് പ്രേക്ഷകന്‍ തയാറാണ് എന്നതിന്റെ സൂചനയാണ് ഈ സിനിമകളുടെ വിജയം.

80 കോടിയില്‍ നിന്നും 100 കോടിയിലേക്ക് കുതിക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രവും താരസാന്നിധ്യത്തേക്കാള്‍ കാതലുളള ഒരു ചലച്ചിത്രകാരന്റെ സിനിമയാണ്. മേല്‍പരാമര്‍ശിച്ച സിനിമകളുമായി ഇതിവൃത്തത്തിലോ പരിചരണത്തിലോ പുലബന്ധം പോലുമില്ലാത്ത വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

പോസ്റ്റർ

വിജയം ഒന്നിനു പിറകെ മറ്റൊന്നായി മലയാള സിനിമയെ ആശ്ലേഷിക്കുമ്പോള്‍ ഇതാ വരുന്നു ആസ്വാദകര്‍ക്കും ഫിലിം ഇന്‍ഡസ്ട്രിക്കും ആവേശമുണര്‍ത്തിക്കൊണ്ട് ഫഹദ് ഫാസില്‍ ചിത്രമായ ആവേശം. 30 കോടിയില്‍ ഫസ്റ്റ് കോപ്പിയായ ചിത്രം ഇതിനോടകം 150 കോടി കലക്ട് ചെയ്തു കഴിഞ്ഞു. മുടക്കുമുതലിന്റെ അഞ്ചിരട്ടി. ഫഹദ് ഫാസില്‍ ഒഴികെ വലിയ താരനിരയൊന്നും ഇല്ലാത്ത ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെട്ടതാണ്. ഇതിലൂടെ വലിയ ഒരു യാഥാർഥ്യം അടിവരയിട്ട് ഉറപ്പിക്കുകയാണ്. ജോണര്‍ ഏതുമാകട്ടെ നിങ്ങള്‍ മനസു നിറഞ്ഞ് കാണാന്‍ കൊളളാവുന്ന ഒരു സിനിമ ഞങ്ങള്‍ക്കു തരൂ എന്ന് ഈ കലക്‌ഷന്‍ റിപ്പോര്‍ട്ടുകളിലൂടെ പ്രേക്ഷകര്‍ പറയാതെ പറയുകയാണ്.
പ്രേക്ഷകരാണ് താരങ്ങൾ
വാസ്തത്തില്‍ ഇന്ന് പ്രേക്ഷകരാണ് താരങ്ങൾ. അവന്റെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന സിനിമകളില്‍ ആര് അഭിനയിച്ചാലും എത്ര കോടികള്‍ മുടക്കിയാലും തഥൈവ. ഒരു നടനോടും പ്രേക്ഷകന് വിരോധമില്ല. ഒരു നടനും നിര്‍ബന്ധവുമല്ല. സിനിമകള്‍ നന്നാവുക എന്നതു മാത്രമാണ് പ്രധാനം. പ്രശസ്തിയുടെ ഭാരമില്ലെങ്കിലും നന്നായി അഭിനയിക്കുന്നവരെ വച്ച് കിടിലന്‍ പടങ്ങള്‍ ഒരുക്കാന്‍ കെല്‍പ്പുളള തിരക്കഥാകൃത്തുക്കളും സംവിധായകരുമാണ് ഇന്ന് ആവശ്യം. പ്രേക്ഷകനെ പരിഗണിക്കാത്ത ചലച്ചിത്രകാരന്‍മാരെ അവര്‍ നിഷ്‌കരുണം അവഗണിക്കുന്ന കാഴ്ചയും നാം കണ്ടു. നൂറ്റൊന്ന് ആവര്‍ത്തിച്ചു മടുത്ത ഫോര്‍മുലാ പടങ്ങളുമായി ക്ലീൻ എന്റർടെയ്നർ എന്നു വിളിച്ചു കൂവുന്നവരെ അവർ കൈവിട്ടു.

സിനിമകളുടെ ആഖ്യാനരീതിയിലും പ്രേക്ഷകന്റെ ആസ്വാദനബോധത്തിലും അഭിരുചികളിലും കാലാനുസൃതമായി വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊളളുന്ന ഫിലിം മേക്കേഴ്‌സിന്റെ ഒരു തലമുറ ഇവിടെ സജീവമായി നില്‍പ്പുണ്ട്. അവര്‍ ഇനിയും ഇതുപോലുളള അദ്ഭുതങ്ങള്‍ സൃഷ്ടിക്കും. ഇരുനൂറ് കോടിയും മുന്നൂറ് കോടിയും പിന്നിട്ട് മലയാള സിനിമ വീണ്ടും മൂന്നോട്ട് കുതിക്കും എന്നു തന്നെയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഇടയ്ക്കു പിന്‍മാറി നിന്ന നിര്‍മാണക്കമ്പനികള്‍ സജീവമായി തുടങ്ങി. ധാരാളം വലിയ പ്രൊജക്ടുകള്‍ അണിയറയില്‍ രൂപപ്പെടുന്നു. കല്യാണമണ്ഡപങ്ങളാക്കാന്‍ ആലോചിച്ചിരുന്ന തിയറ്ററുകള്‍ പൂരപ്പറമ്പ് പോലെ ജനനിബിഢമാകുന്നു.
അപ്പോള്‍ ഇക്കാലമത്രയും നേരിട്ട മാന്ദ്യത്തിന്റെ ഉത്തരവാദികള്‍ കാഴ്ചക്കാരായിരുന്നില്ല. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കെല്‍പ്പില്ലാത്ത ചലച്ചിത്രകാരന്‍മാര്‍ തന്നെയായിരുന്നു. നവഭാവുകത്വവുമായെത്തുന്ന ഈ തലമുറ എല്ലാറ്റിനും മറുപടി നല്‍ക്കുന്നു. ഒപ്പം മാറിയ കാലത്തെ അറിയുന്ന ജോഷിയെ പോലെ സത്യൻ അന്തിക്കാടിനെ പോലെ ബ്ലെസിയെ പോലുളള മുതിര്‍ന്ന സംവിധായകരും ഈ മാറ്റത്തില്‍ പങ്കാളികളാവുന്നു. സജീവമായി സിനിമകള്‍ ഒരുക്കുന്നു. 2024 നാലു മാസം പിന്നിടുമ്പോള്‍ മലയാള സിനിമയുടെ പെട്ടിയില്‍ വീണത് ഒന്നും രണ്ടുമല്ല ആയിരം കോടിയാണ്. ചലച്ചിത്ര വ്യവസായത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്ന ഈ പ്രക്രിയയില്‍ കാണികളും ഒപ്പം ആഹ്‌ളാദിക്കുന്നു. ഒന്നിനൊന്നു വേറിട്ട, രസാവഹമായ സിനിമകള്‍ തിയറ്ററുകളില്‍ എത്തുന്നു. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം?


Source link

Related Articles

Back to top button