ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലാമതൊരു ഇന്ത്യക്കാരനെക്കൂടി അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ് അറിയിച്ചു. ബ്രാംപ്ടണിൽ താമസിച്ചിരുന്ന അമർദീപ് സിംഗ് (22) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന്, തോക്ക് കേസുകളിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാൾക്ക് നിജ്ജാർവധവുമായി ബന്ധമുണ്ടെന്നു കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകം, കൊലപാതകത്തിനുള്ള ഗൂഢാലോചന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇയാൾ കാനഡയിൽ താത്കാലിക വീസയിലെത്തിയതാണ്. നിജ്ജാറിനു നേർക്കു വെടിയുതിർത്ത രണ്ടുപേരിൽ ഒരാൾ ഇയാളാണെന്നു കരുതുന്നു. കേസിൽ കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ് എന്നിവരെ മേയ് മൂന്നിനു കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വതന്ത്ര ഖലിസ്ഥാൻ രാഷ്ട്രത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന നിജ്ജാർ കഴിഞ്ഞ വർഷം ജൂണിൽ വാൻകൂവർ പ്രാന്തത്തിലെ ഗുരുദ്വാരയ്ക്കു സമീപം വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. നിജ്ജാർവധത്തിൽ ഇന്ത്യൻ സർക്കാരിനു പങ്കുണ്ടായിരിക്കാമെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഗുരുതരമായി ബാധിക്കുകയുണ്ടായി. ആരോപണം ശക്തമായി നിഷേധിച്ച ഇന്ത്യ, കാഡന ഖലിസ്ഥാൻ ഭീകരർക്ക് അഭയം നല്കുകയാണെന്നു തിരിച്ചടിച്ചു.
Source link