ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പ്ലേ ഓഫ് സാധ്യതകൾ കലങ്ങിമറിയുന്നു. ഒരു ജയം അകലെ പ്ലേ ഓഫ് ഉറപ്പിക്കാമെന്ന അവസ്ഥയിൽ മൂന്ന് മത്സരങ്ങളിൽ ഇറങ്ങിയെങ്കിലും രാജസ്ഥാൻ റോയൽസ് ഇപ്പോഴും കരയ്ക്കടുത്തില്ല. തുടർച്ചയായ മൂന്നാം തോൽവിയോടെ രാജസ്ഥാൻ റോയൽസ് ത്രിശങ്കുവിൽ തുടരുന്നു. അതേസമയം, രാജസ്ഥാൻ റോയൽസിനെ ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് വിക്കറ്റിനു കീഴടക്കി പ്ലേ ഓഫ് സാധ്യത സജീവമാക്കി. രാജസ്ഥാനെതിരായ ചെന്നൈയുടെ ജയം പ്ലേ ഓഫ് പ്രതീക്ഷയിലുള്ള ലക്നോ, ഡൽഹി, ബംഗളൂരു, ഗുജറാത്ത് ടീമുകളെ വിഷമവൃത്തത്തിലാക്കി. അതേസമയം, പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യൻസിനെ 18 റണ്‍സിന് കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് സ്വന്തമാക്കി. 12 മത്സരങ്ങളിൽനിന്ന് 18 പോയിന്റ് നേടിയാണ് കെകെആറിന്റെ പ്ലേ ഓഫ് പ്രവേശം. ചെന്നൈ സൂപ്പർ രാജസ്ഥാൻ റോയൽസിനെതിരായ ജയത്തോടെ ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ അഞ്ചു വിക്കറ്റിന് 141. ചെന്നൈ സൂപ്പർ കിംഗ്സ് 18.2 ഓവറിൽ അഞ്ചു വിക്കറ്റിന് 145. ചെന്നൈയുടെ സിമർജീത് സിംഗ് (4-0-26-3) ആണ് പ്ലെയർ ഓഫ് ദ മാച്ച്. ടോസ് നേടി ബാറ്റ് ചെയ്ത രാജസ്ഥാനെ ചെന്നൈ ബൗളർമാർ പിടിച്ചുകെട്ടി. ചെന്നൈ ബൗളർമാർ മിന്നിയതോടെ രാജസ്ഥാൻ റണ്ണെടുക്കാൻ ബുദ്ധിമുട്ടി. ആദ്യ പവർപ്ലേയിൽ 56 റണ്‍സ് മാത്രം നേടിയ രാജസ്ഥാന് ഒരു വിക്കറ്റും നഷ്ടമായി. യശസ്വി ജയ്സ്വാൾ 21 പന്തിൽ നിന്ന് 24 റണ്‍സോടെ ഏഴാം ഓവറിൽ പുറത്ത്. ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. ജോസ് ബട്ലർ ഒന്‍പതാം ഓവറിൽ വീണു. 25 പന്തിൽ നിന്ന് 21 റണ്‍സ് മാത്രമായിരുന്നു ബട്ലറുടെ സന്പാദ്യം. സഞ്ജു സാംസണ് (19 പന്തിൽ 15) 14.2-ാം ഓവറിൽ പുറത്താകുന്പോൾ 91 റണ്‍സേ ഉണ്ടായിരുന്നുള്ളൂ. മൂന്നു വിക്കറ്റും സിമർജീത് സിംഗിനായിരുന്നു. റിയാൻ പരാഗ് (35 പന്തിൽ 47 നോട്ടൗട്ട്), ധ്രുവ് ജുറെൽ (18 പന്തിൽ 28) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ പൊരുതാനുള്ള നിലയിലെത്തിച്ചത്. 40 റണ്‍സാണ് ഇരുവരും നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയത്. അനായാസമായാണ് ചെന്നൈ തുടങ്ങിയത്. 42 റണ്‍സുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ചെറിയ കൂട്ടുകെട്ടുകളിലൂടെ ടീമിനെ ജയത്തിലെത്തിച്ചു. രചിൻ രവീന്ദ്ര (18 പന്തിൽ 27), ഡാരൽ മിച്ചൽ (13 പന്തിൽ 22), ശിവം ദുബെ (11 പന്തിൽ 18), സമീർ റിസ്വി (എട്ട് പന്തിൽ 15നോട്ടൗട്ട്) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. രവിചന്ദ്രൻ അശ്വിൻ രണ്ടും യുസ്വേന്ദ്ര ചഹലും നാന്ദ്രെ ബർഗറും ഓരോ വിക്കറ്റ് വീഴ്ത്തി.
Source link