ജിമ്മി മതിയാക്കി
ലണ്ടൻ: ഇംഗ്ലീഷ് പേസ് ഇതിഹാസം ജയിംസ് ആൻഡേഴ്സണ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ജൂലൈ 10 മുതൽ 14 വരെ ലോഡ്സിൽ വെസ്റ്റ് ഇൻഡീസിനെതിരേ നടക്കുന്ന ആദ്യടെസ്റ്റ് ആയിരിക്കും തന്റെ അവസാന മത്സരമെന്ന് നാൽപ്പത്തിരണ്ടുകാരനായ ആൻഡേഴ്സണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 22 വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനാണ് ജിമ്മി എന്നു വിളിക്കപ്പെടുന്ന ജയിംസ് ആൻഡേഴ്സണ് വിരാമമിടുന്നത്. 2003 മേയിൽ സിംബാബ്വെയ്ക്ക് എതിരേ ലോഡ്സിൽ ആയിരുന്നു ആൻഡേഴ്സന്റെ ടെസ്റ്റ് അരങ്ങേറ്റം. 1000 വിക്കറ്റ്? രാജ്യാന്തര ക്രിക്കറ്റിൽ 1000 വിക്കറ്റ് എന്ന നേട്ടത്തിലേക്ക് ആൻഡേഴ്സന് 13 എണ്ണത്തിന്റെ അകലം മാത്രമാണുള്ളത്. 187 ടെസ്റ്റിൽനിന്ന് 700ഉം 194 ഏകദിനത്തിൽനിന്ന് 269ഉം 19 ട്വന്റി-20യിൽനിന്ന് 18ഉം വിക്കറ്റ് ഇംഗ്ലീഷ് താരം സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ 1000 വിക്കറ്റ് നേട്ടത്തിലെത്തിയത് സ്പിന്നർമാരായ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും (1347) ഓസ്ട്രേലിയയുടെ ഷെയ്ൻ വോണും (1001) മാത്രമാണ്. 987 വിക്കറ്റുമായി മൂന്നാം സ്ഥാനത്താണ് ആൻഡേഴ്സണ്.
Source link