ടെൽ അവീവ്: പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിൽ ഇസ്രേലി സേന സൈനിക നടപടി കടുപ്പിച്ചു. ഇതിന്റെ ഭാഗമായി കൂടുതൽ പേരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. ഇന്നലെ രാവിലെ ലഘുലേഖകൾ, എസ്എംഎസ് മുതലായവയിലൂടെയാണ് അറിയിപ്പു നല്കിയത്. അൽമവാസിയിലെ ദുരിതാശ്വാസ മേഖലയിലേക്ക് ഉടൻ ഒഴിഞ്ഞുപോകാനാണ് നിർദേശം. റാഫയിൽ ഹമാസ് ഭീകരർ സംഘടിക്കുന്നതായി ഇസ്രേലി സേനാ വക്താവ് അവിച്ചായ് അദ്രായി പറഞ്ഞു. റാഫയിൽ തുടരുന്നവരും അവരുടെ കുടുംബങ്ങളും അപകം നേരിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാഴ്ച മുന്പ് റാഫയിൽ പരിമിതമെന്ന പേരിൽ ആരംഭിച്ച സൈനിക ഓപ്പറേഷനു മുന്പും ഇസ്രേലി സേന പലസ്തീനികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ മൂന്നു ലക്ഷം പേർ ഒഴിഞ്ഞുപോയെന്ന് ഇസ്രേലി സേന ഇന്നലെ അറിയിച്ചു. പലസ്തീന് യുഎൻ അംഗത്വം നല്കണം ന്യൂയോർക്ക്: പലസ്തീന് യുഎന്നിൽ പൂർണ അംഗത്വം നല്കണമെന്ന് യുഎൻ പൊതുസഭ യുഎൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. ഇതിനായി അറബ് രാജ്യങ്ങൾ അവതിപ്പിച്ച പ്രമേയത്തെ, പൊതുസഭയിലെ 193 അംഗങ്ങളിൽ ഇന്ത്യയടക്കം 143 രാജ്യങ്ങൾ അനുകൂലിച്ചു. 2012 മുതൽ നിരീക്ഷക പദവി മാത്രമാണ് പലസ്തീനുള്ളത്. അംഗത്വത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് രക്ഷാസമിതിയാണ്. ഇതിനായി നേരത്തേ അവതരിപ്പിച്ച പ്രമേയത്തെ യുഎസ് വീറ്റോ ചെയ്തിരുന്നു. പലസ്തീന് അംഗത്വം നല്കണമെന്ന ആവശ്യത്തിന് പിന്തുണ വർധിച്ച പശ്ചാത്തലത്തിലാണ് പൊതുസഭ വൻ ഭൂരിപക്ഷത്തിൽ പ്രമേയം പാസാക്കിയിരിക്കുന്നത്. ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങൾ പലസ്തീനെ രാജ്യമായി അംഗീകരിക്കാൻ തയാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. മേയ് 21ന് സ്പെയിൻ പലസ്തീനെ അംഗീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയമേധാവി ജോസഫ് ബൊറെൽ അറിയിച്ചിരുന്നു. അയർലൻഡ്, സ്ലൊവേനിയ, മാൾട്ട എന്നീ രാജ്യങ്ങളും പലസ്തീനെ അംഗീകരിക്കാൻ തയാറായിട്ടുണ്ട്. കൂട്ടക്കുഴിമാടങ്ങളെക്കുറിച്ച് അന്വേഷിക്കണം ന്യൂയോർക്ക്: ഗാസയിലെ അൽ ഷിഫ, നാസർ ആശുപത്രി പരിസരങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎൻ രക്ഷാസമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരുടേത് അടക്കം നൂറുകണക്കിനു മൃതദേഹങ്ങളാണ് ഇരു സ്ഥലങ്ങളിലും കണ്ടെത്തിയത്.
Source link