ലെവർകുസെൻ: ജർമൻ ബുണ്ടസ് ലിഗ ചാന്പ്യന്മാരായ ബയേർ ലെവർകുസെൻ തോൽവി അറിയാതെ തുടർച്ചയായി 49 മത്സരങ്ങൾ പൂർത്തിയാക്കി. അപരാജിത കുതിപ്പിന്റെ യൂറോപ്യൻ അപാരതയായിരിക്കുകയാണ് സ്പാനിഷ് മുൻതാരം സാബി അലോണ്‍സോ പരിശീലിപ്പിക്കുന്ന ലെവർകുസെൻ. യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ രണ്ടാം പാദ സെമിയിൽ ഇഞ്ചുറി ടൈം ഗോളിൽ ഇറ്റാലിയൻ ടീമായ എഎസ് റോമയെ 2-2 സമനിലയിൽ പിടിച്ചതോടെയാണ് ലെവർകുസെൻ അപരാജിയ മത്സരങ്ങളുടെ എണ്ണം 49 ആക്കി ഉയർത്തിയത്. ലിയാഡ്രൊ പരേഡസിന്റെ ഇരട്ട പെനാൽറ്റി (43’, 66’) ഗോളിലൂടെ എഎസ് റോമ 2-0ന്റെ ലീഡ് നേടിയിരുന്നു. 82-ാം മിനിറ്റിൽ റോമയുടെ ജിയാൻലൂക്ക മാൻസിനിയുടെ സെൽഫ് ഗോളിൽ ലെവർകുസൻ മത്സരത്തിലേക്ക് തിരിച്ചെത്തി. ഒടുവിൽ 90+7ാം മിനിറ്റിൽ ജോസിപ് സ്റ്റാനിസിക്കിന്റെ ഗോളിൽ ലെവർകുസെൻ സമനില പിടിച്ചു. ആദ്യപാദത്തിൽ 2-0ന് ലെവർകുസെൻ ജയിച്ചിരുന്നു. ഇതോടെ ഇരുപാദത്തിലുമായി 4-2ന്റെ ജയത്തോടെ ജർമൻ ചാന്പ്യന്മാർ ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ ഇറ്റലിയിൽനിന്നുള്ള അറ്റലാന്റയാണ് എതിരാളികൾ. സെമിയിൽ ഫ്രഞ്ച് ടീമായ മാഴ്സെയെ 4-1നു കീഴടക്കിയാണ് അറ്റലാന്റയുടെ ഫൈനൽ പ്രവേശം. 49 നോട്ടൗട്ട് യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള റിക്കാർഡ് 49 ആക്കി ലെവർകുസെൻ പുതുക്കി. 2011-12ൽ ഇറ്റാലിയൻ ക്ലബ് യുവന്റസ് കുറിച്ച 42 മത്സരത്തിലെ അപരാജിത കുതിപ്പിന്റെ റിക്കാർഡാണ് ലെവർകുസെൻ ഈ സീസണിൽ പുതുക്കിയത്. യൂറോപ്പിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽവി അറിയാതെ കുതിച്ചത് സ്കോട്ടിഷ് ക്ലബ്ബായ സെൽറ്റിക് ആണ്. 1915-17 കാലഘട്ടത്തിൽ സെൽറ്റിക് 62 മത്സരങ്ങളിൽ തോൽവി അറിഞ്ഞില്ല. ബെൽജിയം ക്ലബ്ബായ യൂണിയൻ സെന്റ് ഗില്ലോയിസ് 1933-35 കാലഘട്ടത്തിൽ തുടർച്ചയായി 60 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തി.
Source link