ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം എഡിഷനിൽ പ്ലേ ഓഫ് ടിക്കറ്റ് സ്വന്തമാക്കാൻ തീപ്പൊരി പോരാട്ടങ്ങളുമായി ടീമുകൾ രംഗത്ത്. 2024 സീസണിൽ പ്ലേ ഓഫ് സ്വന്തമാക്കുന്ന ആദ്യ ടീമാകാൻ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് ഇറങ്ങും. പ്ലേ ഓഫ് സാധ്യത അവസാനിച്ച മുംബൈ ഇന്ത്യൻസാണ് ഇന്ന് കോൽക്കത്തയുടെ എതിരാളികൾ. പോയിന്റ് ടേബിളിൽ ആദ്യ നാല് സ്ഥാനക്കാർക്കാണ് പ്ലേ ഓഫ് ടിക്കറ്റ്. നിലവിൽ പോയിന്റ് നിലയിൽ രാജസ്ഥാൻ റോയൽസുമായി തുല്യതയിലാണെങ്കിലും (16) നെറ്റ് റണ്‍റേറ്റിലെ മുൻതൂക്കത്തോടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാം സ്ഥാനത്താണ്. അകത്താര് ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്ന 59-ാം മത്സരംവരെ ഒരു ടീമും പ്ലേ ഓഫ് ഉറപ്പാക്കിയിട്ടില്ല. ലീഗ് റൗണ്ടിൽ 70 മത്സരങ്ങളാണ് 2024 സീസണിൽ ഉള്ളത്. 12 മത്സരങ്ങളിൽ 12 പോയിന്റുള്ള ഡൽഹി ക്യാപ്പിറ്റൽസ്, ലക്നോ സൂപ്പർ ജയന്റ്സ് വരെയുള്ള ആറ് ടീമുകൾക്കാണ് പ്ലേ ഓഫ് സാധ്യതയിൽ മുൻതൂക്കം. ഇതിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും 11 മത്സരങ്ങളിൽനിന്ന് 16 പോയിന്റ് വീതവുമായി യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. ഇവർക്ക് ഒരു ജയം നേടിയാൽ പ്ലേ ഓഫ് ഉറപ്പിക്കാം എന്ന സാഹചര്യമാണ് നിലവിലുള്ളത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപ്പിറ്റൽസ്, ലക്നോ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾ പ്ലേ ഓഫ് പോരാട്ടത്തിൽ സജീവമായി രംഗത്തുണ്ട്. പുറത്താര് മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്സ് ടീമുകളാണ് നിലവിൽ പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്തായത്. 12 മത്സരങ്ങളിൽ 10 പോയിന്റുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതയും ഏകദേശം അവസാനിച്ചമട്ടാണ്. ശേഷിക്കുന്ന രണ്ട് മത്സരത്തിലും ജയിക്കുകയും മറ്റ് ടീമുകൾ തോൽക്കുകയും ചെയ്താൽ മാത്രമേ ആർസിബിയുടെ പ്ലേ ഓഫ് സാധ്യത ചെറുതായി സജീവമാകൂ. പഞ്ചാബ് കിംഗ്സിനെതിരേ 60 റണ്‍സിന്റെ ജയം നേടിയതോടെ ആർസിബിയുടെ പ്ലേ ഓഫ് സാധ്യതയ്ക്ക് ചിറക് മുളച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നലെ ഗുജറാത്ത് ലയൺസിനോട് തോറ്റതോടെ ആർസിബി പ്ലേ ഓഫ് വീണ്ടും സ്വപ്നം കണ്ട് തുടങ്ങി. ചെന്നൈയെ തോൽപ്പിച്ചതോടെ ഗുജറാത്തിനും പ്ലേ ഓഫ് വിദൂര സാധ്യതയുണ്ട്. എന്നാൽ, 10 പോയിന്റ് വീതമുള്ള ആർസിബിക്കും ഗുജറാത്തിനും ശേഷിക്കുന്ന മത്സരങ്ങളിൽ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകൾ തോൽക്കുകയും വേണം. ഒപ്പം നെറ്റ് റൺ റേറ്റും അനുകൂലമാകണം. ശേഷം സ്ക്രീനിൽ കോൽക്കത്തയ്ക്കും രാജസ്ഥാനുമൊഴിച്ച് മറ്റ് ടീമുകൾക്കെല്ലാം രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വരുംദിനങ്ങളിൽ പ്ലേ ഓഫ് ചിത്രം വ്യക്തമാകുമെന്നു ചുരുക്കം. പ്ലേ ഓഫ് സാധ്യത സജീവമായുള്ള ആദ്യ ആറ് ടീമുകളുടെ ശേഷിക്കുന്ന ഫിക്സ്ചർ ഇങ്ങനെയാണ്: രാജസ്ഥാൻ: Vs ചെന്നൈ (12/05/2024), പഞ്ചാബ് (15/05/2024), കോൽക്കത്ത (19/05/2024) കോൽക്കത്ത: Vs മുംബൈ (ഇന്ന്), ഗുജറാത്ത് (13/05/2024), രാജസ്ഥാൻ (19/05/2024) ഹൈദരാബാദ്: Vs ഗുജറാത്ത് (16/05/2024), പഞ്ചാബ് (19/05/2024) ചെന്നൈ: Vs രാജസ്ഥാൻ (12/05/2024), ബംഗളൂരു (18/05/2024) ഡൽഹി: Vs ബംഗളൂരു (12/05/2024), ലക്നോ (14/05/2024) ലക്നോ: Vs ഡൽഹി (14/05/2024), മുംബൈ (17/05/2024)
Source link