ടെൽ അവീവ്: യുഎസ് മുന്നറിയിപ്പുകൾ അവഗണിച്ച് റാഫയിൽ സൈനിക നടപടിക്കു മുതിരുമെന്നു സൂചിപ്പിച്ച് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന് ഒറ്റയ്ക്കു നിൽക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. 14 ലക്ഷം പലസ്തീനികൾ അഭയം തേടിയിരിക്കുന്ന റാഫയിൽ ഇസ്രേലി സേന ആക്രമണം നടത്തരുതെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. സൈനിക നടപടി ചുവപ്പുരേഖ മറികടക്കലായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബൈഡൻ പറഞ്ഞിരുന്നു. ഇസ്രയേലിനുള്ള ആയുധക്കയറ്റുമതി തടയുമെന്നും ബൈഡൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇസ്രയേലിനുള്ള ബോംബ് കയറ്റുമതി യുഎസ് നിർത്തിവച്ചിരുന്നു. റാഫയിൽ ഉപയോഗിക്കുമെന്ന ആശങ്കയിലായിരുന്നു ഇത്. എന്നാൽ, ബൈഡന്റെ മുന്നറിയിപ്പുകൾ തള്ളിക്കളഞ്ഞ നെതന്യാഹു, ഇസ്രയേൽ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. വേണ്ടിവന്നാൽ ഒറ്റയ്ക്കു നിൽക്കാൻ ഇസ്രയേലിനു കഴിയുമെന്നും ഇസ്രയേൽ രൂപീകൃതമായതിനു പിന്നാലെ 1948ൽ അറബ് സഖ്യം ആക്രമണം നടത്തിയപ്പോൾ ആയുധങ്ങളില്ലാതെ ഒറ്റയ്ക്കാണു പോരാടിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇസ്രയേലിനെ മെരുക്കാമെന്ന് ആരും കരുതേണ്ടെന്ന് അവരുടെ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റും പറഞ്ഞു. അതേസമയം, യുഎസ് നേതൃത്വത്തിന്റെ പ്രതികരണങ്ങളും നടപടികളും ഇസ്രയേലിനു കടുത്ത സമ്മർദമുണ്ടാക്കുന്നതായിട്ടാണ് റിപ്പോർട്ട്. റാഫയിലേക്ക് ഇടിച്ചുകയറി ഹമാസിനെ ഉന്മൂലനം ചെയ്യാനാകുമെന്ന് പ്രസിഡന്റ് ബൈഡൻ കരുതുന്നില്ലെന്നു യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി അഭിപ്രായപ്പെട്ടു. തിങ്കളാഴ്ചമുതൽ 80,000 പലസ്തീനികൾ റാഫയിൽനിന്നു പലായനം ചെയ്തതായി യുഎൻ അറിയിച്ചു. ഇസ്രേലി സേന ദിവസങ്ങളായി റാഫയിൽ ബോംബ് വർഷം നടത്തുന്നുണ്ട്. ഭക്ഷണവും ഇന്ധനവും റാഫയിൽ വിരളമായിക്കൊണ്ടിരിക്കുന്നു. ഇതിനിടെ, കയ്റോയിൽ കഴിഞ്ഞ ശനിയാഴ്ച പുനരാരംഭിച്ച വെടിനിർത്തൽ ചർച്ചയിൽ ഫലമുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി.
Source link