വാഷിംഗ്ടൺ ഡിസി: റാഫയിൽ കരയാക്രമണം നടത്താനുള്ള ഇസ്രേലി നീക്കത്തിനെതിരേ വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഗാസയുടെ മറ്റു പ്രദേശങ്ങളിൽനിന്നു പലായനം ചെയ്തവർ അഭയം തേടിയിരിക്കുന്ന റാഫയിൽ ആക്രമണം നടത്തിയാൽ ഇസ്രയേലിനുള്ള ചില ആയുധങ്ങളുടെ കയറ്റുമതി നിർത്തിവയ്ക്കുമെന്നു ബൈഡൻ പറഞ്ഞു. “ജനം തിങ്ങിപ്പാർക്കുന്ന റാഫയിൽ ഇസ്രേലി സേന പ്രവേശിച്ചാൽ ഇസ്രയേൽ ഉപയോഗിക്കുന്ന ആയുധങ്ങളൊന്നും ഞാൻ നല്കില്ല. ഈ ആയുധങ്ങൾ മൂലം ഗാസയിലെ സാധാരണ ജനങ്ങൾ കൊല്ലപ്പെടുകയാണ്; അതു തെറ്റാണ്”- സിഎൻഎൻ ചാനലിനു നല്കിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. അതേസമയം, ഇസ്രയേലിന്റെ സുരക്ഷ അമേരിക്ക ഉറപ്പുവരുത്തുമെന്നും ബൈഡൻ വ്യക്തമാക്കി. 14 ലക്ഷം പലസ്തീനികൾ പരിമിത സൗകര്യങ്ങളിൽ കഴിയുന്ന റാഫയിൽ ഇസ്രേലി സേന ദിവസങ്ങളായി വ്യോമാക്രമണം നടത്തുന്നുണ്ട്. ഈജിപ്തിൽനിന്നു ഗാസയിലേക്കു സഹായവസ്തുക്കൾ എത്തിക്കുന്ന റാഫ ക്രോസിംഗ് ചൊവ്വാഴ്ച ഇസ്രേലി സേന നിയന്ത്രണത്തിലാക്കി. ഇവിടെയുള്ള ഒരു ലക്ഷം പലസ്തീനികൾക്ക് ഒഴിഞ്ഞുപോകേണ്ടിവന്നു. ഗാസയിലേക്കുള്ള സഹായവസ്തുക്കളുടെ ഒഴുക്കു നിലച്ചതായും അന്താരാഷ്ട്ര ഏജൻസികൾ പറഞ്ഞു. റാഫയിലെ സൈനിക നടപടിയുടെ പേരിൽ ഇസ്രേലി നേതൃത്വം ശക്തമായ അന്താരാഷ്ട്ര സമ്മർദം നേരിടുന്നുണ്ട്. ഇസ്രയേലിലേക്കുള്ള ആയിരക്കണക്കിനു ബോംബുകളുടെ കയറ്റുമതി കഴിഞ്ഞയാഴ്ച റദ്ദാക്കിയതായി യുഎസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാവിലെയും റാഫയിൽ കനത്ത ഷെല്ലിംഗ് ഉണ്ടായി. ഹമാസിന്റെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. ബൈഡന്റെ പരാമർശം നിരാശാജനകമാണെന്ന് ഇസ്രയേലിന്റെ യുഎൻ അംബാസഡർ ഗിലാദ് എർദാൻ പ്രതികരിച്ചു. ഇസ്രയേലിന്റെ ശത്രുക്കളായ ഇറാനും ഹമാസിനും ഹിസ്ബുള്ളയ്ക്കും പ്രതീക്ഷ നല്കുന്നതാണു ബൈഡന്റെ വാക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link