CINEMA

അക്കോഷോട്ടോയുടെ സൃഷ്ടാവ്; ആക്‌ഷൻ സിനിമകളുടെ ജാതകം മാറ്റിയ ‘വ്യൂഹം’


ശിവന്‍സ് സ്റ്റുഡിയോ എന്ന നാമധേയം മലയാള സിനിമയുടെ ചരിത്രവഴികളിലൂടെ സഞ്ചരിച്ച ഒന്നാണ്. തിരുവനന്തപുരം നഗരമധ്യത്തിലുളള ഈ സ്ഥാപനത്തിന്റെ സാരഥി ശിവന്‍ എന്ന ഫോട്ടോഗ്രാഫര്‍ ഒരു നിശ്ചല ഛായാഗ്രഹകന്‍ എന്ന നിലയില്‍ തുടങ്ങി സംവിധായകനിലേക്ക് വളര്‍ന്നയാളാണ്. അപ്പോഴും അദ്ദേഹം മുന്‍തൂക്കം നല്‍കിയിരുന്നത് ശിവന്‍സ് സ്റ്റുഡിയോക്കായിരുന്നു. സ്റ്റുഡിയോ അദ്ദേഹത്തിന് ജീവവായു പോലെ പ്രധാനമായിരുന്നു. ഷാജി കൈലാസ് അടക്കം സിനിമാമേഖലയില്‍ പിന്നീട് പ്രശസ്തരായ പലരും ദൃശ്യവത്കരണത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കുന്നത് ശിവന്‍സ് സ്റ്റുഡിയോയില്‍ നിന്നാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശികളാണെങ്കിലൂം ശിവനും കുടുംബവും ജീവിച്ചു വളര്‍ന്നത് തലസ്ഥാന നഗരിയില്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ ഏതു സാംസ്‌കാരിക കൂട്ടായ്മയിലും ചലച്ചിത്രസംഗമങ്ങളിലൂം ഒരു സ്ഥിരം സാന്നിദ്ധ്യമായിരുന്നു ശിവന്‍.
മൂന്ന് ആണ്‍കുട്ടികളാണ് ശിവന്. സംഗീത് ശിവന്‍, സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍. ശിവന്റെ മക്കള്‍ ജനിച്ചു വീണതു പോലും ക്യാമറകളുടെയും ലെന്‍സുകളൂടെയും നടുവിലാണെന്ന് അക്കാലത്ത് പലരും വാത്സല്യം കലര്‍ന്ന തമാശയായി പറയാറുണ്ടായിരുന്നു. ഒരു പരിധി വരെ അതില്‍ വാസ്തവവുമുണ്ടായിരുന്നു.

കളിപ്പാട്ടങ്ങള്‍ക്കു പകരം ക്യാമറ
കളിപ്പാട്ടങ്ങള്‍ നല്‍കേണ്ട പ്രായത്തില്‍ ശിവന്‍ മക്കള്‍ക്ക് നല്‍കിയിരുന്നത് ക്യാമറകളും സ്റ്റുഡിയോയിലെ ദൃശ്യപരതയുടെ ലോകവുമായിരുന്നു. എന്നാല്‍ സംഗീതും സന്തോഷും മറ്റും സ്റ്റുഡിയോയില്‍ നിന്ന് ക്യാമറയുടെ അടിസ്ഥാനപാഠങ്ങള്‍ മനസിലാക്കിയ ശേഷം കുട്ടിക്കാലത്തു തന്നെ സ്റ്റുഡിയോയ്ക്ക് അപ്പുറത്തുളള വിശാലമായ ലോകത്തേക്ക് ഇറങ്ങി. എല്ലാവരും കാണുന്ന ദൃശ്യങ്ങള്‍ ആരും കാണാത്ത തലത്തില്‍ ചിത്രീകരിക്കാന്‍ കെല്‍പ്പുളള അനുജനെ കണ്ടു വിസ്മയിച്ചവരുടെ കൂട്ടത്തില്‍ സംഗീതുമുണ്ടായിരുന്നു. സഹോദരങ്ങള്‍ എന്നതിലുപരി അടുത്ത സുഹൃത്തുക്കളായിരുന്നു അവര്‍.
അവര്‍ സംസാരിച്ചതു പഠിക്കാന്‍ ശ്രമിച്ചതും എന്തിന്, ശ്വസിച്ചിരുന്നതു പോലും ദൃശ്യങ്ങളുടെ ലോകമായിരുന്നു. പ്രകൃതിയിലെ വര്‍ണ്ണങ്ങളിലും ചലനങ്ങളിലും സംഭവിക്കുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ പോലും അവരെ ആകര്‍ഷിച്ചു. അതൊക്കെ പുതിയ വീക്ഷണകോണുകളില്‍ അവര്‍ പകര്‍ത്തി. മീശ മുളയ്ക്കാത്ത പ്രായത്തില്‍ കൗമാരക്കാരായ രണ്ടു പയ്യന്‍മാര്‍ ഫോട്ടോഗ്രഫി, സിനിമ എന്നിവയെ സാധന പോലെ കൊണ്ടു നടക്കുന്നതു കണ്ട് പലരും അദ്ഭുതപ്പെട്ടു. പക്ഷേ, ശിവന്‍ ഒരു ചെറുചിരിയോടെ അതൊക്കെ നോക്കി നിന്നതേയുളളു. അവര്‍ സിനിമയ്ക്കായി ജനിച്ചവരാണെന്ന് വളരെ ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

ആദ്യം സന്തോഷ്

കൂട്ടത്തില്‍ അക്കാദമിക് തലത്തില്‍ സിനിമ പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ചത് സന്തോഷ് ശിവനായിരുന്നു. പുണൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമറ്റോഗ്രാഫിയില്‍ ബിരുദം നേടി പുറത്തു വന്നു അദ്ദേഹം. അന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം കഴിഞ്ഞവര്‍ ആരുടെയെങ്കിലും സഹായിയായി സിനിമകളില്‍ ജോലി ചെയ്ത് പ്രായോഗിക പരിജ്ഞാനം സമ്പാദിക്കുകയാണ് പതിവ്. എന്നാല്‍ സന്തോഷ് അതിനൊന്നും നില്‍ക്കാതെ നേരിട്ട് സ്വതന്ത്ര ഛായാഗ്രാഹകനായി. വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത നിധിയുടെ കഥ എന്ന ചിത്രം അദ്ദേഹത്തിനു വലിയ ഖ്യാതി നേടിക്കൊടുത്തു. പിന്നീട് ചെറിയ മുതൽമുടക്കിൽ നിർമിച്ച നിരവധി മലയാള സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച സന്തോഷ് ശിവന്റെ കരിയര്‍ ഗ്രാഫ് മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു.

മലയാള സിനിമ അന്നേവരെ പരിചയിക്കാത്ത ലൈറ്റിങ് പാറ്റേണുകളും കളര്‍ ടോണുകളും ക്യാമറാ മൂവ്‌മെന്റ്‌സും ഫ്രെയിം കോമ്പസിഷനും ഷോട്ട് കോണ്‍സപ്റ്റുകളും പലരും ശ്രദ്ധിച്ചു. അക്കൂട്ടത്തില്‍ തമിഴ് സിനിമയ്ക്ക് ലോകഭൂപടത്തില്‍ സ്ഥാനമുണ്ടാക്കി കൊടുത്ത സാക്ഷാല്‍ മണിരത്‌നവുമുണ്ടായിരുന്നു.
മധു അമ്പാട്ട്, ശ്രീറാം എന്നിങ്ങനെ അക്കാലത്തെ (എക്കാലത്തെയും) വലിയ ഛായാഗ്രാഹകന്‍മാരെ മാറ്റി നിര്‍ത്തി മണിരത്‌നം യുവാവായ സന്തോഷിനെ റോജ, ദളപതി എന്നീ സിനിമകളുടെ ചുമതല ഏല്‍പ്പിച്ചു. രജനീകാന്തും മമ്മൂട്ടിയും ഒന്നിച്ച ദളപതിയിലും യൂണിവേഴ്‌സല്‍ ഹിറ്റായ റോജയിലും സന്തോഷ് ക്യാമറ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തു. സന്തോഷ് ശിവന്‍ എന്ന നാമധേയം ഇന്ത്യയിടെ അതിരുകള്‍ കടന്നു വളര്‍ന്നു. അമേരിക്കന്‍ സിനിമാറ്റോഗ്രാഫേഴ്‌സ് അസോസിയേഷനില്‍ അംഗത്വം ലഭിച്ച ആദ്യത്തെ ഛായാഗ്രഹകനായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. സംവിധായകന്‍ എന്ന നിലയിലും അദ്ദേഹം അന്താരാഷ്ട്ര അംഗീകാരങ്ങള്‍ വാരിക്കൂട്ടി.
ആക്‌ഷന്‍ സിനിമകളുടെ ജാതകം മാറ്റിയ വ്യുഹം

ഈ സമയത്തൊക്കെയും നാട്ടില്‍ ഒതുങ്ങിക്കഴിഞ്ഞ ജ്യേഷ്ഠന്‍ സംഗീത് വെറുതെ ഇരിക്കുകയായിരുന്നില്ല. ഊണിലും ഉറക്കത്തിലും അദ്ദേഹം സിനിമ  പഠിച്ചു. ആകാവുന്നത്ര ലോകസിനിമകള്‍ കണ്ടും വിലയിരുത്തിയും തന്റെ ചലച്ചിത്രവിദ്യാഭ്യാസം തുടരുകയും ഒപ്പം സ്വയം നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. സംവിധായകന്‍ ആകണമെന്ന തീവ്രമായ മോഹം അദ്ദേഹത്തെ എന്നും ഭരിച്ചിരുന്നു. ചലച്ചിത്ര നിര്‍മിതിയില്‍ കൂടുതല്‍ പ്രായോഗിക പരിചയം സമ്പാദിക്കുന്നതിനായി അദ്ദേഹം സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിച്ച രാഖ് എന്ന ബോളിവുഡ് സിനിമയില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചു.

തൊട്ടടുത്ത വര്‍ഷം (1990) വ്യൂഹം എന്ന പേരില്‍ തന്റെ ആദ്യ സിനിമയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ചാണക്യന്‍ എന്ന എവര്‍ടൈം ഹിറ്റിന് തിരക്കഥ ഒരുക്കിയ സാബ് ജോണിന്റെ രചനയില്‍ സംഗീത് സംവിധാനം ചെയ്ത വ്യൂഹത്തിന്റെ ക്യാമറ ചലിപ്പിച്ചത് അനുജന്‍ സന്തോഷ് ശിവന്‍ തന്നെയായിരുന്നു. രഘുവരന്‍ മുഖ്യ വേഷത്തിലെത്തിയ ആ സിനിമ വാണിജ്യപരമായി മികച്ച വിജയം നേടി. അതിലേറെ വ്യൂഹം ചര്‍ച്ച ചെയ്യപ്പെട്ടത് അതിന്റെ ടെക്‌നിക്കല്‍ ബ്രില്യന്‍സിന്റെ പേരിലായിരുന്നു. ഇന്ന് വ്യാപകമായി പറയപ്പെടുന്ന മേക്കിങ് സ്‌റ്റൈല്‍ എന്ന പദത്തിന് അര്‍ത്ഥമുണ്ടാകും വിധം വേറിട്ട ഒരു ആഖ്യാന രീതി പരീക്ഷിച്ച സിനിമയായിരുന്നു വ്യൂഹം. ആക്‌ഷന്‍ സിനിമകളുടെ തലവര മാറ്റിക്കുറിച്ച സിനിമയായിരുന്നു അത്. വെറും അടിതടയ്ക്കും ചേസിങ്ങിനും പഞ്ച് ഡയലോഗുകള്‍ക്കുമപ്പുറം മാസ് ടച്ചുളള ആക്ഷന്‍ പടങ്ങള്‍ എന്ന സങ്കല്‍പ്പം തന്നെ കൊണ്ടു വന്നു വ്യൂഹം. ജോഷിയുടെ ന്യൂഡല്‍ഹിക്ക് ശേഷം ആക്‌ഷന്‍ സിനിമകള്‍ക്ക് ഗുണരപമായ മുഖം നല്‍കിയ സിനിമയായിരുന്നു വ്യൂഹം.
ഇന്നും ഓര്‍മിക്കപ്പെടുന്ന യോദ്ധ
ആ ചിത്രത്തിന്റെ വിജയം നല്‍കിയ ധൈര്യം കൊണ്ടാവാം മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍ എന്നിങ്ങനെ അക്കാലത്തെ രണ്ടു വലിയ താരങ്ങളെ മുഖ്യവേഷത്തില്‍ അഭിനയിപ്പിച്ചുകൊണ്ട് യോദ്ധ എന്ന ചിത്രമൊരുക്കി സംഗീത്. ജഗതി-മോഹന്‍ലാല്‍ കോംബോ തകര്‍ത്തഭിനയിച്ച പടമായിരുന്നു യോദ്ധാ. വേറിട്ട പശ്ചാത്തലവും കഥാപരിസരവും കൊണ്ട് ഒറ്റപ്പെട്ട് നിന്ന യോദ്ധയും ഹിറ്റായി എന്ന് മാത്രമല്ല പല തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കഥാംശത്തിന്റെ പുതുമയ്‌ക്കൊപ്പം കഥ പറയുന്ന രീതിയും ശ്രദ്ധേയമായി. തൊട്ടുപിന്നാലെ റോജയുടെ കൊതിപ്പിക്കുന്ന വിജയത്തിളക്കവുമായി നിന്ന അരവിന്ദ് സ്വാമിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം ഒരുക്കാനുളള നിയോഗവും സംഗീതില്‍ വന്നു ചേര്‍ന്നു. ചിത്രം: ഡാഡി. ആ ചിത്രവും മേക്കിങ്ങില്‍ മികച്ചു നിന്നെങ്കിലും മുന്‍ചിത്രങ്ങള്‍ പോലെ ചര്‍ച്ചയായില്ല.

1993ല്‍ രണ്ടു സിനിമകള്‍ ഒരുക്കിക്കൊണ്ട് സംഗീത് ആ കടം വീട്ടി. മോഹന്‍ലാല്‍ നായകനായ ‘ഗാന്ധര്‍വം’ ഒരു മാസ് മസാലയായിരുന്നെങ്കിലും സവിശേഷമായ സംഗീത്-സന്തോഷ് ടച്ച് അതിലുണ്ടായിരുന്നു. തരക്കേടില്ലാത്ത വിജയത്തിലൊതുങ്ങി ആ ചിത്രം. എന്നാല്‍ കുട്ടികള്‍ക്കായുളള സംഗീതിന്റെ ആദ്യസിനിമയായ ‘ജോണി’ മികച്ച ബാലചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം നേടി. ബാലസിനിമകളുടെ മാസ്റ്ററായ അച്ഛന്റെ പാത പിന്‍തുടര്‍ന്നാണ് ആ ജനുസിലുളള സിനിമ ചെയ്തതെങ്കിലും സ്‌റ്റോറി ടെല്ലിങ്ങിലെ പുതിയ പാറ്റേണ്‍ കൊണ്ട്, ശിവന്‍ എന്നല്ല മറ്റെല്ലാ സംവിധായകരില്‍ നിന്നും വേറിട്ടു നിന്നു.
രണ്ടു വര്‍ഷം കഴിഞ്ഞ് നിര്‍ണയം എന്ന മോഹന്‍ലാല്‍ ചിത്രവുമായി വീണ്ടും വന്നു സംഗീത്. ആധുനിക ചികിത്സാ രംഗത്തെ തീവെട്ടിക്കൊളളകളും മനുഷ്യത്വ വിരുദ്ധമായ സമീപനങ്ങളും ആദ്യമായി വെളിച്ചത്തു കൊണ്ടു വന്ന നിര്‍ണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ബോക്സോഫീസില്‍ തരംഗമായില്ല. വ്യൂഹം എന്ന തകര്‍പ്പന്‍ ഹിറ്റിന് ശേഷം സംഗീത് നേരിട്ട ഒരു പ്രതിസന്ധി അതായിരുന്നു. സിനിമയില്‍ എത്ര മികച്ച സൃഷ്ടികള്‍ സംഭവിച്ചാലും ഇല്ലെങ്കിലും ശരാശരി തട്ടുപൊളിപ്പന്‍ സിനിമ മാത്രമാണെങ്കിലും സാമ്പത്തിക വിജയങ്ങളാണ് സംവിധായകന്റെ നിലനില്‍പ്പിന് ആധാരം. സന്തോഷ് ശിവനെ പോലെ ഒരു ഐതിഹാസിക വ്യക്തിത്വം കൂടെയുണ്ടായിട്ടും പല കാരണങ്ങളാല്‍ മാസിന്റെ പള്‍സ് അറിഞ്ഞ് സിനിമകള്‍ ഒരുക്കാന്‍ സംഗീതിന് പിന്നീട് സാധിച്ചില്ല.

ബോളിവുഡിലും സാന്നിധ്യം
സോര്‍, ചൂരാ ലിയ ഹൈ തൂം നേ, ക്യാ കൂല്‍ ഹൈ ഹം, അപ്നാ സപ്നാ മണി മണി, ഏക് ദ് പവര്‍ ഓഫ് വണ്‍, ക്ലിക്ക്, യംല പഗ്‌ലാ ദീവാനാ, എന്നിങ്ങനെ നിരവധി ബോളിവുഡ് സിനിമകള്‍ ഒരുക്കിയെങ്കിലും ഒന്നും ശരാശരിക്കപ്പുറം കടന്നില്ല. സാങ്കേതിക മേന്മയില്‍ മികച്ചു നിന്ന സിനിമകള്‍ ബഹുഭൂരിപക്ഷം വരുന്ന ആസ്വാദകരെ തൃപ്തിപ്പെടുത്തിയില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. സമപ്രായക്കാരനായ പ്രിയദര്‍ശനും മറ്റും ബോളിവുഡില്‍ വലിയ വിജയം കൊയ്തപ്പോള്‍ എന്തുകൊണ്ടോ അതിനടുത്തെത്താന്‍ സംഗീതിന് കഴിഞ്ഞില്ല. എന്നിരുന്നാലും ഭേദപ്പെട്ട സിനിമകള്‍ തന്നെയായിരുന്നു അദ്ദേഹം ഒരുക്കിയത്. എന്തായാലും ആമിര്‍ഖാന്‍, പങ്കജ് കപുര്‍, ജാക്കി ഷ്രോഫ്, സണ്ണി ഡിയോള്‍ തുടങ്ങിയ അതികായന്‍മാരെ വച്ചു സിനിമകള്‍ ഒരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ആക്‌ഷന്‍, കോമഡി, ത്രില്ലര്‍, ഹൊറര്‍, ചില്‍ഡ്രന്‍സ്, ഡ്രാമ, സെന്റിമെന്‍സ് എന്നിങ്ങനെ പല ജോണറുകളിലുളള പതിനഞ്ചോളം സിനിമകളുടെ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടി. 2019ല്‍ സീ 5നു വേണ്ടി ചെയ്ത ‘ഭ്രം’ എന്ന വെബ് സീരിസായിരുന്നു സംഗീതിന്റെ റിലീസ് ചെയ്യപ്പെട്ട അവസാനത്തെ ദൃശ്യ സംരംഭം. രോമാഞ്ചത്തിന്റെ ഹിന്ദി റീമേക്കായ കപ്കപി എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ പണികളിലായിരുന്നു അദ്ദേഹം. ജൂണിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. 2000ല്‍ ചെയ്ത സ്‌നേഹപൂര്‍വം അന്നയായിരുന്നു മലയാളത്തിലെ അവസാന ചിത്രം. 2012ല്‍ ഇഡിയറ്റ്‌സ് എന്ന സിനിമയും 2017ല്‍ ‘ഇ’ എന്ന ചിത്രവും അദ്ദേഹം നിര്‍മിക്കുകയും സംവിധാനച്ചുമതല ശിഷ്യര്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ അതും അര്‍ഹിക്കുന്ന തലത്തില്‍ ശ്രദ്ധേയമായില്ല.

അക്കോഷോട്ടോ എന്നും നിലനിൽക്കും
സിനിമ പ്രതിഭയേക്കാള്‍ ഉപരി ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കൂടി മേഖലയാണ്. മലയാളത്തിലെ ഏറ്റവും മോശം തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ ഒരു കാലത്ത് എം.ടി. വാസുദേവന്‍ നായരേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങിയ ചരിത്രമുണ്ട്. ഒരാള്‍ വിപണിയില്‍ വിജയിച്ചുവെന്നത് അയാളുടെ കഴിവിന്റെ മാനദണ്ഡമല്ല. വിപണിയില്‍ തോറ്റുവെന്നത് കഴിവില്ലായ്മയുടെ അളവ് കോലുമല്ല.
വിദേശ സിനിമകളൂടെ പാറ്റേണില്‍ വ്യൂഹവും യോദ്ധയും  പോലെയുളള സിനിമകള്‍ ഒരുക്കിയ ഒരു ചലച്ചിത്രകാരന്‍ തീര്‍ച്ചയായും ഈ മാധ്യമത്തിന് മേല്‍ മികച്ച സ്വാധീനമുളള ആള്‍ തന്നെയാണ്. മൂന്നു പതിറ്റാണ്ട് മുന്‍പ് അത്തരം സിനിമകള്‍ സംവിധാനം ചെയ്തു എന്നത് ചെറിയ കാര്യമല്ല. ഈ സിനിമകള്‍ ഇന്നും ഇന്റര്‍നെറ്റിലൂടെ പുതിയ തലമുറ ചര്‍ച്ച ചെയ്യുകയും പലരും പഠനവിഷയമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ നാള്‍വഴികളില്‍ മറക്കാനാവാത്ത നാമധേയങ്ങളില്‍ ഒന്നായി സംഗീത് ശിവന്‍ നിലനില്‍ക്കുക തന്നെ ചെയ്യും.
അശോകേട്ടനെ അക്കോഷോട്ടോ എന്ന് വിളിക്കുന്ന യോദ്ധയിലെ നേപ്പാളി  ബാലനെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. ആ കഥാപാത്രത്തിന് രൂപം നല്‍കിയ ചലച്ചിത്രകാരന്‍ മായുകയാണ്, മറയുകയാണ്. പക്‌ഷേ, സംഗീത് ശിവന്‍ എന്ന സംവിധായകനെ ഓര്‍മ്മിക്കാന്‍ ആ ഒറ്റ ചിത്രം മതി. യോദ്ധാ. പിന്നെ വ്യൂഹവും.


Source link

Related Articles

Back to top button