ഇസ്രയേലിന് ആയുധക്കയറ്റുമതി തടഞ്ഞ് യുഎസ്
വാഷിംഗ്ടൺ ഡിസി: ലക്ഷക്കണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിലെ റാഫയിൽ ഉപയോഗിച്ചേക്കുമെന്ന ആശങ്കയിൽ ഇസ്രയേലിനുള്ള ആയുധക്കയറ്റുമതി നിർത്തിവച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. സ്ഫോടനശേഷി കൂടിയ ബോംബുകളുടെ കയറ്റുമതിയാണ് കഴിഞ്ഞയാഴ്ച നീട്ടിവച്ചത്. ജനം തിങ്ങിനിറഞ്ഞ റാഫയിലെ സൈനികനടപടികൾ അമേരിക്കയ്ക്കുള്ള ആശങ്ക പരിഹരിക്കാൻ ഇസ്രയേലിനു കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇസ്രേലി സേന ടാങ്കുകളുമായി റാഫ അതിർത്തി പിടിച്ചിരുന്നു. ഈജിപ്തിൽനിന്ന് ഗാസയിലേക്കു സഹായവസ്തുക്കൾ എത്തിച്ചേരുന്ന പാത ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. ഇന്നലെ പാത തുറന്നില്ല. അതേസമയം, ഇതിനടുത്തുള്ള കെറം ഷാലോം ക്രോസിംഗ് ഇന്നലെ വീണ്ടും തുറക്കാൻ ഇസ്രയേൽ തയാറായി. ഏതാനും ദിവസം മുന്പ് ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തിയതിനെത്തുടർന്നാണ് ഈ ക്രോസിംഗ് അടച്ചത്. റാഫയോടു ചേർന്ന് കഴിഞ്ഞ രാത്രികളിൽ ശക്തമായ ബോംബിംഗ് നടന്നുവെന്നാണ് റിപ്പോർട്ട്. 14 ലക്ഷം പേർ അഭയം തേടിയിരിക്കുന്ന റാഫയിൽ ഇസ്രയേൽ സൈനികനടപടിക്കു മുതിരരുതെന്നാണ് അമേരിക്കയുടെ അഭിപ്രായം. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ആക്രമണം സംബന്ധിച്ച് അമേരിക്കയ്ക്കുള്ള ആശങ്കകൾ ഇസ്രേലി നേതൃത്വവുമായി പങ്കുവച്ചിരുന്നു. എന്നാൽ ഇസ്രയേലിനു പരിഹാരമാർഗങ്ങൾ നിർദേശിക്കാനായില്ല. ഈ സാഹചര്യത്തിലാണ് ബോംബുകളുടെ കയറ്റുമതി നിർത്തിവച്ചത്. ഇവ ഭാവി ആവശ്യത്തിനുള്ളവ ആയതിനാൽ നടപടി മൂലം ഇസ്രയേലിനു പ്രതിസന്ധി ഉണ്ടാവില്ല. ഇതിനിടെ, ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാനായി ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിൽ ചർച്ചകൾ തുടരുകയാണ്. ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രതിനിധികൾ മധ്യസ്ഥതയ്ക്കു നേതൃത്വം നല്കുന്ന ഖത്തർ-ഈജിപ്ത് നേതൃത്വവുമായി ചർച്ചകൾ നടത്തുന്നു.
Source link