കിം കുടുംബത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തിയ കിം കി നാം അന്തരിച്ചു
പ്യോഗ്യാംഗ്: പതിറ്റാണ്ടുകളായി ഉത്തരകൊറിയ ഭരിക്കുന്ന കിം കുടുംബത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തുന്നതിനു നേതൃത്വം നല്കിയ മുൻ പ്രൊപ്പഗാന്റ മന്ത്രി കിം കി നാം (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാലായിരുന്നു അന്ത്യമെന്ന് ഉത്തരകൊറിയൻ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാവിലെ നടന്ന സംസ്ക്കാരചടങ്ങിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും പങ്കെടുത്തു. കിമ്മിന്റെ പിതാവ് കിം ജോംഗ് ഇൽ, ഉത്തരകൊറിയൻ സ്ഥാപക ഭരണാധികാരിയും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇൽ സുംഗ് എന്നിവരുടെ പരിവേഷം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നതിൽ കിം കി നാം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കിമ്മിന്റെ പിതാവിന്റെ കാലത്ത് 1966ൽ പ്രൊപ്പഗാന്റ വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് ജോലി തുടങ്ങുന്നത്. കിമ്മിന്റെ പിതാവുമായി വളരെ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം വൈകാതെ രാജ്യത്തിന്റെ മുഖപത്രമായ റോഡോംഗ് സിൻമുണിന്റെ മേധാവിയായി. ഉത്തരകൊറിയയ്ക്ക് അകത്തേക്കും പുറത്തേക്കും വിവരങ്ങൾ പ്രവഹിക്കുന്നത് കിം കി നാം നിയന്ത്രിച്ചിരുന്നു. ദക്ഷിണകൊറിയയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും സിനിമകളും സംഗീതവും നിരോധിച്ചു. 2010ലാണു വിരമിച്ചത്.
Source link