കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ ടീം ഇന്ത്യ ചാന്പ്യൻസ് ട്രോഫിക്ക്
ന്യൂഡൽഹി: കേന്ദ്രസർക്കാർ അനുമതി നൽകിയാൽ മാത്രമേ അടുത്ത വർഷം ഐസിസി ചാന്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കൂ എന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. ഐസിസി ചാന്പ്യൻസ് ട്രോഫി അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെ പാക്കിസ്ഥാനിൽ നടക്കും. ടൂർണമെന്റിനായി ഇന്ത്യ പാക്കിസ്ഥാനിലേക്കു പോയേക്കില്ലെന്ന മാധ്യമ റിപ്പോർട്ടുകൾക്കിടെയാണിത്. 2008-ലെ ഏഷ്യാ കപ്പിന് ശേഷം, ഭീകരപ്രവർത്തനം കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് ഇന്ത്യ പാകിസ്ഥാനിൽ ക്രിക്കറ്റ് ടൂർണമെന്റുകളൊന്നും കളിച്ചിട്ടില്ല.
2012 ഡിസംബർ മുതൽ 2013 ജനുവരി വരെ ഇന്ത്യയിൽ നടന്ന പരന്പരയ്ക്കുശേഷം ഇരു രാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് പരന്പരകൾ നടന്നിട്ടില്ല. അതിനുശേഷം ഐസിസി ടൂർണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ ടീം ഇന്ത്യയിലെത്തിയിരുന്നു. അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിൽ കളിക്കുകയും ചെയ്തു. ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറിൽ നടത്താനാണു തീരുമാനിച്ചിരിക്കുന്നത്.
Source link