മാറഡോണയുടെ ഗോൾഡൻ ബോൾ ലേലത്തിന്
ബുവാനോസ് ആരീസ്: 1986ലെ ഫിഫ ലോകകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഡിയാഗോ മാറഡോണയുടെ ഗോൾഡൻ ബോൾ ട്രോഫി ജൂണിൽ ഫ്രാൻസിൽ ലേലം ചെയ്യുമെന്നു ലേല കേന്ദ്രം അഗ്ട്സ് അറിയിച്ചു. ലേലത്തിലെത്തുന്ന ആദ്യ ഗോൾഡൻ ബോൾ ആണിത്, മൂല്യം ഇനിയും സ്ഥിരീകരിക്കാനിരിക്കേ ജൂണ്‍ 6നു നടക്കുന്ന ലേലത്തിൽ വൻ തുക ലഭിക്കുമെന്നു ലേല സ്ഥാപനം പ്രതീക്ഷിക്കുന്നു. മെക്സിക്കോ ലോകകപ്പിൽ അർജന്റീനയുടെ നായകനായിരുന്ന മാറഡോണ ലോകകപ്പ് വിജയത്തിലേക്കു ടീമിന നയിച്ചു. ടൂർണമെന്റിൽ അഞ്ചു ഗോളുകൾ നേടി. ടൂർണമെന്റിന്റെ എല്ലാ മിനിറ്റിലും കളിക്കുകയും ചെയ്തു.
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ മാറഡോണ നേടിയ രണ്ടു ഗോളുകളുടെ പേരിലാണ് ആ ലോകകപ്പ് ഏറ്റവും കൂടുതൽ ഓർമിക്കപ്പെടുന്നത്. ഈ മത്സരത്തിൽ മാറഡോണ ധരിച്ച ജഴ്സിയും മത്സരത്തിലുപയോഗിച്ച ബോളും നേരത്തെ ലേലം ചെയ്തിരുന്നു. ഒരു ലേലകേന്ദ്രത്തിൽ നിരവധി ട്രോഫികൾക്കിടെ 2020ൽ അന്തരിച്ച മാറഡോണയുടെ ഗോൾഡൻ ബോൾ മറഞ്ഞുകിടക്കുകയായിരുന്നു. അടുത്തിടെ ഈ കേന്ദ്രം അഗ്ട്സിനെ ഏൽപ്പിക്കുകയും അവർ നടത്തിയ അന്വേഷണത്തിൽ ഗോൾഡൻ ബോൾ ട്രോഫി കണ്ടെത്തുകയുമായിരുന്നു.
Source link