ന്യൂഡൽഹി: ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സി അവതരിപ്പിച്ച് അഡിഡാസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പുതിയ ജഴ്സിയുടെ പ്രഖ്യാപനം നടത്തിയത്. നീല, ഓറഞ്ച് നിറങ്ങൾ നിറഞ്ഞതാണ് ജേഴ്സി. ’വി’ ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സുമാണു ജേഴ്സിയിലുള്ളത്. കഴുത്തിൽ ത്രിവർണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുണ്ട്. ജഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്സിന് മുകളിൽ അഡിഡാസിന്റെ മുദ്രയുമുണ്ട്. മേയ്-7 മുതൽ സ്റ്റോറുകളിൽ നിന്നും ഓണ്‍ലൈനായും ജഴ്സി വാങ്ങാമെന്ന് അഡിഡാസ് അറിയിച്ചു. അഡിഡാസിന്റെ ഔദ്യോഗിക സൈറ്റിലെ വിലയിൽ സാധാരണ സൈസിന് 5,999 രൂപയാകും. ഇതിലും കുറഞ്ഞ തുകയിൽ ഒരാൾക്ക് ഈ മാസം ഡൽഹിയിൽനിന്നു ഗോവയ്ക്കു പോകാം.
അടുത്ത ഒരു മാസത്തിനുള്ളിൽ ഡൽഹി-ഗോവ വിമാന ടിക്കറ്റുകളുടെ വില 5500 രൂപയിൽ താഴെയായിരിക്കുമെന്നു നിരവധി ട്രാവൽ ബുക്കിംഗ് സൈറ്റുകൾ അറിയിച്ചു. പുതിയ ജഴ്സി അനാവരണം ചെയ്യുന്ന വീഡിയോയാണ് അഡിഡാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ധരംശാല സ്റ്റേഡിയത്തിനു മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്ററിൽ തൂക്കിയിട്ടിരിക്കുന്ന ജേഴ്സി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ നോക്കിക്കാണുന്നതാണു വീഡിയോ. ‘വണ്‍ ജഴ്സി. വണ്‍ നേഷൻ. പുതിയ ടീം ഇന്ത്യയുടെ ടി20 ജേഴ്സി അവതരിപ്പിക്കുന്നു’- എന്ന കുറിപ്പോടെയാണ് അഡിഡാസ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവച്ചത്. ബിസിസിഐയുടെ സോഷ്യൽ മീഡിയ അക്കൗണ്ടും വീഡിയോ റീപോസ്റ്റ് ചെയ്തു.
Source link