ഞാൻ കൊടുത്ത പൈസ വാങ്ങാൻ കൂട്ടാക്കാതെ തിരികെ തരാൻ ശ്രമിച്ചു: കനകലതയെ അവസാനമായി കണ്ട അനീഷ് രവി

ഞാൻ കൊടുത്ത പൈസ വാങ്ങാൻ കൂട്ടാക്കാതെ തിരികെ തരാൻ ശ്രമിച്ചു: കനകലതയെ അവസാനമായി കണ്ട അനീഷ് രവി | Aneesh Ravi Kanakalatha
ഞാൻ കൊടുത്ത പൈസ വാങ്ങാൻ കൂട്ടാക്കാതെ തിരികെ തരാൻ ശ്രമിച്ചു: കനകലതയെ അവസാനമായി കണ്ട അനീഷ് രവി
മനോരമ ലേഖകൻ
Published: May 07 , 2024 10:42 AM IST
Updated: May 07, 2024 11:01 AM IST
2 minute Read
അനീഷ് രവി, കനകലത
പാര്‍ക്കിൻസൺസും മറവിരോഗവും ബാധിച്ച് ദുരിതാവസ്ഥയിൽ കഴിഞ്ഞിരുന്ന നടി കനകലത അരങ്ങൊഴിയുമ്പോൾ അസുഖത്തിന്റെ നാളുകളിൽ കനകലതയെ സന്ദർശിച്ച ശേഷം നടൻ അനീഷ് രവി പങ്കുവച്ച കുറിപ്പ് വീണ്ടും ചർച്ചയാകുകയാണ്. കനകലതയുടെ സഹോദരിയും മകനും താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ വർഷം ഒരു ഷൂട്ടിങ്ങിന്റെ ഇടവേളയിൽ നടിയെ കാണാൻ അനീഷ് രവി എത്തിയത്. തന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ തന്റെ പേര് പറയാൻ കനകലത ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് അനീഷ് പറയുന്നു. കനകലതയുടെ സഹോദരിയും സഹോദരന്റെ മകനും കുടുംബവും നടിയെ പൊന്നുപോലെയാണ് നോക്കിയിരുന്നതെന്നും അനീഷ് പറഞ്ഞിരുന്നു.
അനീഷ് രവിയുടെ വാക്കുകൾ:
‘‘കലയും കാലവും എന്ന പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ഒരിക്കൽക്കൂടി രഞ്ജിത്തേട്ടനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. വില്ലടിച്ചാൻ പാട്ടെന്നും വില്ലുകൊട്ടി പാട്ടൊന്നുമൊക്കെ അറിയപ്പെടുന്ന കലാരൂപത്തിനെക്കുറിച്ചും ആ കലാരൂപത്തോടൊപ്പം സഞ്ചരിക്കുന്ന ശുദ്ധകലാകാരന്മാരോടൊപ്പവുമായി കുറേ നിമിഷങ്ങൾ. കലയുടെ അറിയാത്ത വഴികളിലൂടെ കുറേ ഏറെ നിമിഷങ്ങൾ.
രണ്ടാം പകുതി ഷൂട്ട് കഴിഞ്ഞ് നേരെ പോയത് മങ്കാട്ടു കടവിന് സമീപമുള്ള കനകം എന്ന വീട്ടിലേക്കാണ്, കനകലത ചേച്ചിയെ കാണാൻ. ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന് ചിലർ ചിലപ്പോ പറയാറുണ്ട് എന്നാൽ. എത്രപറഞ്ഞാലും മറ്റുള്ളവർക്ക് മനസിലാകാത്ത ചില ബന്ധങ്ങൾ കൂടി ഉണ്ട്. പരസ്പരം കാണുമ്പോൾ ഒന്നും പറയാതെ തന്നെ കണ്ണുകളിൽ നിറയുന്ന നനവിന്റെ സ്നേഹ ജലം അലിഞ്ഞിറങ്ങുന്നത്. ഇന്നലെ ഞാൻ കണ്ടു, ജീവിതത്തിന്റെ പകുതി മുക്കാലും കുടുംബത്തിനായി മാറ്റിവച്ച് ചെയ്തു തീർക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീർത്ത് പിന്നെ ഒന്നുമറിയാത്ത ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞു പോക്ക്. എങ്കിലും എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു, ‘അ നീ ..ശ് ഷ്’
എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേർന്ന് പിടിച്ചെഴുന്നേൽപിച്ചു പുറത്തു കൊണ്ട് വന്നിരുത്തി. കുറെ നേരം ഞങ്ങൾ നോക്കിയിരുന്നു.. നിശബ്ദമായ കുറെ നിമിഷങ്ങൾ. രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകൾ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകൾ. ഈ ദിവസത്തിന്റെ രണ്ടാം പകുതിയിൽ വറ്റി വരണ്ടത് പോലെ തോന്നി. കണ്ണുകൾ തുളുമ്പുന്നത് കൊണ്ടാവും, ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല. ഒന്നും പറയാതെ മിണ്ടാതിരിക്കുമ്പോഴും എന്റെ ഓർമകൾ വർഷങ്ങള്‍ക്കു പിന്നിലേയ്ക്ക് ഓടിനടക്കുകയായിരുന്നു. ഞാൻ ആദ്യമായി ഒരു മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത്. സ്റ്റേജിൽ ഡാൻസ് കളിക്കുന്നതും സ്കിറ്റ് കളിക്കുന്നതൊക്കെ കൈരളി കലാമന്ദിർ ടീമിനൊപ്പമാണ്. അതിന്റെ അമരക്കാരാണ് ഗുരു തുല്യരായ കാര്യവട്ടം ശശികുമാറും കനകലത ചേച്ചിയും. അന്ന് പാപ്പനംകോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം.
സായിചേട്ടനും (സായ്കുമാർ )കല്പനച്ചേച്ചിയും തുടങ്ങി പത്തിരുപതോളം പേർ എത്ര എത്ര യാത്രകൾ വേദികൾ. ഓർമകൾ തിരികെ എത്തുമ്പോൾ വന്ന നേരം മുതൽ ചേച്ചി ചോദിച്ച ചോദ്യം വീണ്ടും ആവർത്തിച്ചു , ‘എങ് ങി നെ യാ വന്നേ’. ഞാൻ വീണ്ടും പറഞ്ഞു കാറിൽ. ഇടക്കിടയ്ക്ക് പരിശ്രമിച്ചുയർത്തിയ കൈ കൊണ്ട് എന്റെ കവിളിൽ തൊട്ട് ഉമ്മ വയ്ക്കും. എന്റെ അമ്മയായും ചേച്ചിയായും ഒക്കെ സ്‌ക്രീനിൽ വന്നു മാഞ്ഞ് പോയെങ്കിലും മനസിൽ മായാതെ നിൽക്കുന്ന അതിലും വലിയ ഒരു ആത്മ ബന്ധം ഉള്ളതുപോലെ എനിക്കു തോന്നുന്നു. അതാണ് ഇന്നലെ എന്നെ അവിടെ എത്തിച്ചത്. എത്രയോ ഇടങ്ങളിൽ എനിയ്ക്കവസരം നേടിത്തന്ന ആളാണ്. വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷമായി.
യാത്ര പറഞ്ഞിറങ്ങുമ്പോൾ ഓറഞ്ച് വാങ്ങാനായി ഞാൻ കൊടുത്ത പൈസ വാങ്ങാൻ കൂട്ടാക്കാതെ തിരികെ തരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മുടിമുറിച്ച നരകൾ വീണു തുടങ്ങിയ തലയിൽ ഉമ്മ വച്ചു കൊണ്ട് ഞാൻ പറഞ്ഞു എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്. വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു.’’
English Summary:
Actor Anish Ravi’s Heartfelt Tribute to Actress Kanakalatha
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-kanakalatha mo-celebrity-celebritydeath mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-telivision-aneeshravi mo-entertainment-common-malayalammovie 3l54dbadqbd7f4u1t6fd2fhmnc
Source link