ഭരണഘടന കയ്യിലേന്തി കനയ്യ; പോരാട്ടച്ചൂടിൽ നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലം
ഭരണഘടന കയ്യിലേന്തി കനയ്യ – Kanhaiya Kumar contesting from north east delhi constituency in loksabha elections 2024 | India News, Malayalam News | Manorama Online | Manorama News
ഭരണഘടന കയ്യിലേന്തി കനയ്യ; പോരാട്ടച്ചൂടിൽ നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലം
സെബി മാത്യു
Published: May 07 , 2024 02:59 AM IST
1 minute Read
ഈസ്റ്റ് ഡൽഹി ബബർപുരിലെ റോഡ് ഷോയിൽ കനയ്യ. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ
ഈസ്റ്റ് ബാബർപുരിലെ ഇന്ത്യാ സഖ്യം ഓഫിസിനു മുന്നിലെ കമാനം മാറ്റത്തിന്റെ പ്രതീകമാണ്! കമാനത്തിൽ ഡൽഹിയിലെ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷൻ ദേവേന്ദർ യാദവിന്റെ തലപ്പടം വെട്ടി ഒട്ടിച്ചിരിക്കുന്നു. പശയുടെ നനവ് മാറിയിട്ടില്ല. മുൻ അധ്യക്ഷൻ അർവീന്ദർ സിങ് ലവ്‌ലിയുടെ തല അതിനടിയിൽ നിന്ന് നിഴൽപോലെ എത്തിനോക്കുന്നു.
സഖ്യത്തിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്തു മടങ്ങിയശേഷമാണു ലവ്‌ലി പാർട്ടിവിട്ടു ബിജെപിയിൽ ചേർന്നത്. ലവ്‌ലി പോയതുകൊണ്ട് കാശുമുടക്കിയുണ്ടാക്കിയ കമാനം പൊളിക്കാനാവില്ലല്ലോ. മുന്നണി ഓഫിസിൽ പ്രാദേശിക നേതാക്കളും പ്രവർത്തകരും നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ കാത്തിരിക്കുകയാണ്. ഇവിടെയെത്തിയിട്ടാണ് കനയ്യ പത്രിക നൽകാൻ പോകുക.
കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും പ്രചാരണ ഗാനങ്ങൾ വലിയ സ്പീക്കറുകളിൽനിന്നു മൽസരിച്ചൊഴുകുന്നു. കോൺഗ്രസ് പതാകകൾ കെട്ടിയ നൂറിലേറെ ഇ–റിക്ഷകൾ റോഡ്ഷോയ്ക്ക് തയാറെടുക്കുന്നു. അൽപമകലെ 6 സിപിഎം കൊടികൾ 10 സഖാക്കൾക്കു സമീപം മരത്തണലിൽ വിശ്രമിക്കുന്നു.
11.30 കഴിഞ്ഞിട്ടും കനയ്യ എത്താത്തതിൽ അക്ഷമരായി നിൽക്കെ, കനയ്യ പത്രിക നൽകുന്ന ചിത്രം പലരുടെയും വാട്സാപ്പിൽ എത്തി. ഡൽഹി മന്ത്രി ഗോപാൽ റായിയും കോൺഗ്രസ്, സിപിഎം നേതാക്കളും ചിത്രത്തിലുണ്ട്. പത്രിക നൽകേണ്ട അവസാന ദിവസമായതിനാൽ കനയ്യ നേരെ നന്ദ്നഗരിയിലേക്കു പോയെന്നു കോൺഗ്രസ് പ്രവർത്തകരുടെ വിശദീകരണം. അത് എല്ലാവരും കേൾക്കും മുൻപേ തുറന്ന വാഹനത്തിൽ കനയ്യയെത്തി. പ്രവർത്തകരുടെ തോളിലേറി കനയ്യയുടെ യാത്ര. ഭരണഘടനയുടെ ആമുഖം പതിച്ച വലിയ സ്റ്റീൽ ഫലകം കയ്യിലേന്തി കനയ്യ മൂടിയില്ലാത്ത റിക്ഷയുടെ പിൻസീറ്റിൽ നിന്നു. എഎപിയുടെയും എൻഎസ്‌യുവിന്റെയും പ്രവർത്തകരാണ് യാത്ര നിയന്ത്രിക്കുന്നത്.
2019ൽ ബിഹാറിലെ ബെഗുസരായിയിൽ സിപിഐ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ജെഎൻയു സംഘം ഇപ്പോൾ ഇല്ല. ഗായകനും നടനും ബിജെപിയുടെ സിറ്റിങ് എംപിയുമായ മനോജ് തിവാരിയാണ് കനയ്യയുടെ എതിരാളി.
English Summary:
Kanhaiya Kumar contesting from north east delhi constituency in loksabha elections 2024
mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list sebi-mathew mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 1hvv7thevalar2i8oaejsc9qk6 mo-politics-leaders-kanhaiyakumar mo-politics-parties-congress mo-politics-elections-loksabhaelections2024
Source link