ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീവിതത്തിൽ കനകലത

ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീവിതത്തിൽ കനകലത | Kanakaltha Actress

ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീവിതത്തിൽ കനകലത

മനോരമ ലേഖകൻ

Published: May 06 , 2024 10:03 PM IST

Updated: May 06, 2024 10:09 PM IST

2 minute Read

പാര്‍ക്കിൻസൺസും മറവിരോഗവും കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറെ ദുരിതാവസ്ഥയിലായിരുന്നു നടി കനകലതയുടെ ജീവിതം. നടിയുടെ സഹോദരി വിജയമ്മയാണ് ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. 2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതിനെ തുടർന്നാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി.
ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവിൽ ആയിരുന്നു. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോകുന്ന അവസ്ഥയിലെത്തി. ലിക്വിഡ് ഫുഡാണ് കൊടുത്തിരുന്നത്. ഡയപ്പർ വേണ്ടി വരുന്നെന്നും ശരീരം തീരെ മെലിഞ്ഞ് ആളെ മനസ്സിലാകാത്ത രൂപമായി മാറിയെന്നും വിജയമ്മ അന്ന് പറഞ്ഞിരുന്നു.

34 വർഷമായി കനകലതയുടെ കൂടെയുള്ള വിജയമ്മയാണ് കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കനകലത വാങ്ങിയ വീട്ടിലായിരുന്നു  താമസം. പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല. കനകലതയ്ക്കൊപ്പം പ്രോഗ്രാമിനും ഷൂട്ടിനുമൊക്കെ പോകാന്‍ കൂട്ടിനായി വന്നതാണ് വിജയമ്മ. ഇവരുടെ സഹോദരന്റെ മകനാണ് മറ്റു സഹായത്തിനുണ്ടായിരുന്നത്.

പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യാവസ്ഥ മോശമായതുകൊണ്ട് സിനിമകളും സീരിയലുമൊക്കെ ഒഴിവാക്കിയിരുന്നു. അമ്മ സംഘടനയുടെ ഇന്‍ഷുറന്‍സ് ഉണ്ട്. മാസം 5000 രൂപ കൈനീട്ടമായും ലഭിക്കുന്നുണ്ടായിരുന്നു. ആത്മയില്‍നിന്നും ചലച്ചിത്ര അക്കാദമിയില്‍നിന്നും ധനസഹായം ലഭിച്ചിരുന്നു.

കഴിഞ്ഞ മുപ്പത്തിയെട്ടു വർഷമായി മലയാളത്തിലും തമിഴിലുമടക്കം 360 ൽ ഏറെ സിനിമകളിൽ അഭിനയിച്ച താരമാണ് കനകലത. ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ നടി. മിനിസ്‌ക്രീനിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച താരം പക്ഷേ കുറേക്കാലമായി സിനിമയിലുണ്ടായിരുന്നില്ല. ‘ആനന്ദം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗണേഷ് രാജിന്റെ പുതിയ ഹിറ്റ് ചിത്രമായ ‘പൂക്കാല’ത്തിലൂടെ കനകലത മലയാള സിനിമയിലേക്കു തിരിച്ചുവരവ് നടത്തിയിരുന്നു.
ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് സജീവമായിരുന്ന കനകലത അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് പ്രഫഷനൽ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാർഗം എന്നുറപ്പിച്ചു. ‘ഉണർത്തുപാട്ട്’ ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. പക്ഷേ അത് റിലീസായില്ല. പിന്നീട് ‘ചില്ല്’ എന്ന സിനിമയിലൂടെയാണ് താരം അഭ്രപാളികളിൽ എത്തുന്നത്. 360 ൽ അധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങിയ കനകലത 22 ാം വയസ്സിൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പതിനാറു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല.

2018 ൽ ‘പഞ്ചവർണതത്ത’, 2019 ൽ ‘ആകാശഗംഗ 2’ എന്നിവയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കനകലത അഭിനയിച്ച മെയിൻസ്ട്രീം സിനിമകൾ. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്ത ‘ത്രീ ഡെയ്സ്’ ആണ് കനകലതയുടെ ഈ വർഷത്തെ രണ്ടാമത്തെ സിനിമ. അവസരങ്ങൾ എത്തുന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം സിനിമയിൽനിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് അഭിനയത്തിൽ സജീവമാകാമെന്ന പ്രതീക്ഷയ്ക്കിടെയാണ് മറവി രോഗം കനകലതയെ പിടികൂടുന്നത്.
രണ്ടു വർഷം മുമ്പ് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ കനകലത പറഞ്ഞത്: ‘‘ചില്ല് സിനിമ റിലീസ് ആയ സമയത്ത് ഞാൻ വിവാഹിതയായി. പക്ഷേ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. ഞങ്ങൾ വേർപിരിഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെടൽ തോന്നിയ സമയം. അപ്പോഴാണ് എന്റെ മൂത്ത സഹോദരൻ മരിക്കുന്നത്. അങ്ങനെ ചേട്ടന്റെ മൂന്നു മക്കളെ ഞാൻ സ്വന്തം മക്കളായി ദത്തെടുത്തു വളർത്താൻ തുടങ്ങി. അവരിലൂടെ എനിക്ക് വീണ്ടും ഒരു കുടുംബം ലഭിച്ചു. അഭിനയത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കഷ്ടപ്പെട്ട് അവരെ ഞാൻ വളർത്തി. രണ്ടു പെൺമക്കളെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചുവിട്ടു. മകനും അവന്റെ കുടുംബവുമാണ് ഇപ്പോൾ എന്നോടൊപ്പമുള്ളത്. നിരവധി വാടകവീടുകളിൽ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച എനിക്ക് സ്വന്തമായി ഒരു വീട് വലിയ സ്വപ്നമായിരുന്നു. അങ്ങനെ 9 വർഷം മുൻപ് മലയിൻകീഴിൽ 3.5 സെന്റ് സ്ഥലം വാങ്ങി. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വീടുപണി തുടങ്ങി. അവസാനം പണി പൂർത്തിയാക്കാൻ 3 ലക്ഷം കൂടി വേണ്ട സന്ദർഭമെത്തി. അന്ന് എന്റെ അവസ്ഥ കണ്ട് സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസുമായിരുന്നു. എന്നും ആ സ്മരണ എന്റെ ജീവിതത്തിലുണ്ടാകും. കൊറോണക്കാലം ഞങ്ങളെപ്പോലെയുള്ള ആർട്ടിസ്റ്റുകൾക്കാണ് ഏറ്റവും പ്രഹരമായത്. എട്ടു മാസമാണ് പണിയില്ലാതെ ഞാൻ പണിയില്ലാതെ വീട്ടിലിരുന്നത്.’’

English Summary:
Special article on actress Kanakalatha

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-kanakalatha mo-celebrity-celebritydeath mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7i3clr3kr27rm4bk7s29e4g9k3


Source link
Exit mobile version