കാത്തിരിപ്പിന് വിരാമം; ബറോസ് ഓണത്തിന്

കാത്തിരിപ്പിന് വിരാമം; ബറോസ് ഓണത്തിന് -movie | Manorama Online
കാത്തിരിപ്പിന് വിരാമം; ബറോസ് ഓണത്തിന്
മനോരമ ലേഖിക
Published: May 06 , 2024 05:23 PM IST
1 minute Read
ബറോസ് പോസ്റ്റർ
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ബറോസ് ഓണത്തിന് പ്രേക്ഷകർക്കു മുൻപിലെത്തും. ചിത്രം സെപ്റ്റംബർ 12ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ചിത്രത്തിന്റെ മേക്കിങ് വിഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ബറോസ് അതിഗംഭീര കാഴ്ചാനുഭവമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. ബറോസിന്റെ ഓരോ വാർത്തകളും ചിത്രത്തെ ആവേശ കൊടുമുടിയിൽ എത്തിക്കുന്നുവെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് സിനിമാ ലോകം. സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ പൂര്‍ത്തിയായിരുന്നു. ബറോസിന്റെ സ്പെഷല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലാന്‍ഡിലുമാണ് ചെയ്യുന്നത്. മറ്റു ജോലികള്‍ മിക്കതും പൂര്‍ത്തിയായി.
2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ‘ബറോസിന്റെ’ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തിൽ ആദ്യം പരീക്ഷിച്ചത്.
ചിത്രത്തിന് കടപ്പാട്: instagram.com/mohanlal
ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. കേന്ദ്രകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ തന്നെയാണെങ്കിലും 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായി ലാല്‍ സംവിധായകന്റെ കുപ്പായമണിയുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. പ്രമുഖ കലാസംവിധായകന്‍ സന്തോഷ് രാമനാണ് സിനിമയിലെ മറ്റൊരു നിര്‍ണായക ഘടകം. സംഗീതം ലിഡിയന്‍ നാദസ്വരം.
7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-barroz mo-entertainment-movie-mohanlal mo-entertainment-common-malayalammovienews mo-entertainment-common-viralnews f3uk329jlig71d4nk9o6qq7b4-list 7ilghtpvpig39s0h1va73tulcb