25 കോടി മുടക്കി പത്തിരട്ടി വാരി മഞ്ഞുമ്മല്‍; ചരിത്രം സൃഷ്ടിച്ച പണംവാരിപ്പടത്തിന്റെ ഫോർമുല
മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യന്‍ സിനിമയുടെ ശ്രദ്ധാകേന്ദ്രമാകുമ്പോള്‍ മലയാളത്തിന് അഭിമാനിക്കാം. തമിഴിലും തെലുങ്കിലും ബോളിവുഡിലും ബിഗ് ബജറ്റ് സിനിമകള്‍ ഒന്നൊന്നായി ബോക്‌സ് ഓഫീസില്‍ തലയും കുത്തി വീഴുമ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന താരതമ്യേന ചെറിയ ബജറ്റില്‍ തീര്‍ത്ത ഒരു സിനിമ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയരുകയാണ്. ഡബ്ബ്ഡ് വേര്‍ഷന്‍ റിലീസ് ചെയ്ത തമിഴ്‌നാട്ടില്‍ ഒറിജിനല്‍ തമിഴ് സിനിമകളെ പോലും കലക്ഷനില്‍ ബഹുദൂരം പിന്‍തളളി ഹിറ്റടിച്ച മഞ്ഞുമ്മലിന്റെ ആഗോള കലക്ഷന്‍ 240 കോടിയിലധികമാണ്. ഒ.ടി.ടി, സാറ്റലൈറ്റ് വരുമാനം കൂടി ചേര്‍ക്കുമ്പോള്‍ 300 കോടിക്ക് അടുത്ത് എത്തും. 100 ദിവസം മുതല്‍ 410 ദിവസം വരെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമകളുണ്ട്. എന്നാല്‍ കേവലം 72 ദിവസങ്ങള്‍ കൊണ്ടാണ് മഞ്ഞുമ്മല്‍ അസാധാരണമായ ഈ വിജയം കൊയ്തത്.
72 ദിവസത്തെ കലക്ഷന്‍ പരിശോധിക്കുമ്പോള്‍ അതിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ഇപ്രകാരമാണ്. കേരളത്തില്‍ നിന്ന് മാത്രം 72.10 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 64.10 കോടിയും കര്‍ണ്ണാടകയില്‍ നിന്ന് 15.85 കോടിയും എപി/ടിജി 14.25 കോടിയും മറ്റ് പ്രദേശങ്ങളില്‍ നിന്ന് 2.7 കോടിയും നേടി. ഇന്ത്യയില്‍ നിന്ന് ആകെ 169 കോടി ലഭിച്ചപ്പോള്‍ ഓവര്‍സീസില്‍ നിന്ന് ലഭിച്ചത് 73.3 കോടി. ആകെ വരുമാനം 242.3 കോടി.
ഒ.ടി.ടി, സാറ്റലൈറ്റ് വരുമാന കണക്ക് ലഭ്യമല്ല
എന്തായിരിക്കാം ഈ സിനിമയെ ഭാഷദേശാതീതമായി പ്രേക്ഷകര്‍ സ്വീകരിക്കാനിടയാക്കിയ ഘടകം. എല്ലാവര്‍ക്കും അറിവുളളതു പോലെ ലക്ഷണമൊത്ത ഒരു സര്‍വൈല്‍ ത്രില്ലറാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. അഗാധ ഗര്‍ത്തത്തില്‍ വീണ് ജീവനും മരണത്തിനുമിടയില്‍ പിടയുന്ന ഒരു മനുഷ്യനെ രക്ഷപ്പെടുത്താനുളള ധീരവും സാഹസികവുമായ ശ്രമം എന്നത് യൂണിവേഴ്‌സല്‍ തീമാണ്. ഏതു ദേശത്തുളള ഏതു തരം പ്രേക്ഷകനും പെട്ടെന്ന് കണക്ട് ആവുന്ന, റിലേറ്റ് ചെയ്യാന്‍ കഴിയുന്ന വിഷയം.
മഞ്ഞുമ്മൽ ബോയ്സ് ടീമിനൊപ്പം രജനികാന്ത്
എന്നാല്‍ അതുകൊണ്ട് മാത്രം സിനിമ വിജയമാകണമെന്നില്ല. മലയാളത്തില്‍ ഇതിന് മുന്‍പും സര്‍വൈവല്‍ ത്രില്ലറുകള്‍ സംഭവിച്ചിട്ടുണ്ട്. അവയൊക്കെ തന്നെ ഭേദപ്പെട്ട രീതിയില്‍ ചിത്രീകരിച്ചിട്ടുമുണ്ട്. എന്നാല്‍ ബോക്സോഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മാളൂട്ടി എന്ന ഭരതന്‍ ചിത്രം ഫ്‌ളോപ്പായപ്പോള്‍ അന്ന ബെന്‍ നായികയായ ഹെലന്‍ സാമാന്യ വിജയം കൈവരിച്ചു. എന്നാല്‍ തീര്‍ത്തും താരനിബിഡമല്ലാത്ത മഞ്ഞുമ്മല്‍ ബോയ്‌സ് എല്ലായിടത്തും മെഗാഹിറ്റായി.
എന്തുകൊണ്ടാവും ഈ സിനിമ ഇത്രമേല്‍ സ്വീകാര്യമായത്. പ്രേക്ഷകരെ ആവര്‍ത്തിച്ച് കാണാന്‍ പ്രേരിപ്പിക്കുന്നതു പോയിട്ട് ഇനീഷ്യന്‍ കളക്ഷന് പ്രേരിപ്പിക്കുന്ന താരസാന്നിദ്ധ്യം പോലും സിനിമയില്‍ ഇല്ല. എന്നിട്ടും ആളുകള്‍ സിനിമ വീണ്ടും വീണ്ടും കാണുന്നു. തീര്‍ച്ചയായും ആവിഷ്‌കരണത്തിന്റെ വശ്യത തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ചിദംബരം എന്ന സംവിധായകന് തന്നെ ഇക്കാര്യത്തില്‍ ഒരു വലിയ കയ്യടി കൊടുക്കണം.
അവതരണത്തിലെ വശ്യത
ഒരു കഥ എങ്ങിനെയും പറയാം. ഇതേ പ്രമേയം തന്നെ പത്തു പേര്‍ അവതരിപ്പിച്ചാല്‍ പത്ത് തരത്തിലും തലത്തിലുമാവും അതിന്റെ ഔട്ട്പുട്ട് വരിക. ഒരു വിഷയത്തെ ഒരു അവസ്ഥയെ ഒരു വികാരത്തെ മോസ്റ്റ് ഇഫക്ടീവായി കാണികളിലേക്ക് എത്തിക്കുക എന്നിടത്താണ് സംവിധായകന്റെ വിജയം. അത് എങ്ങനെ ചിത്രീകരിക്കുന്നു എന്നതും ഏത് തരം ട്രീറ്റ്‌മെന്റ ് സ്വീകരിക്കുന്നു എന്നതും അയാളൂടെ മനോധര്‍മ്മം. എന്നാല്‍ കാണുന്നവര്‍ക്ക് താനും ആ അനുഭവത്തില്‍ പങ്കാളിയാണെന്നും തനിക്ക് കൂടി വേണ്ടപ്പെട്ട ആരോ ഒരാള്‍ക്ക് അപകടം സംഭവിച്ചതു പോലെ തോന്നുകയും അയാളെ എങ്ങനെയും രക്ഷിക്കണമെന്ന് തീവ്രമായ അഭിവാഞ്ജ അനുഭവപ്പെടുകയും ചെയ്യുന്നിടത്താണ് സിനിമയുടെ വിജയം. ചിദംബരം ഇക്കാര്യത്തില്‍ സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. കാഴ്ചക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടുകയും അവര്‍ ഒന്നടങ്കം അപകടത്തില്‍ പെട്ടയാളുടെ മുക്തിക്കായി പ്രാര്‍ത്ഥിക്കുകകയും ചെയ്യുന്ന വിധത്തില്‍ സവിശേഷമായ ഒരു മനോനില സൃഷ്ടിക്കാന്‍ ചലച്ചിത്രകാരന് കഴിഞ്ഞിരിക്കുന്നു. സിനിമ ദൃശ്യാത്മകതയുടെ കലയാണ്. അതില്‍ ഭാഷയ്‌ക്കോ നേറ്റിവിറ്റിക്കോ കാലത്തിനോ പോലും പ്രസക്തിയില്ല. സിനിമ സംവേദനം ചെയ്യുന്ന വൈകാരിക തീവ്രതയാണ് പ്രധാനം. മറ്റെല്ലാം അപ്രസക്തമാക്കാന്‍ ഇതുകൊണ്ട് കഴിയും. മഞ്ഞുമ്മല്‍ ബോയ്‌സില്‍ സംഭവിച്ചതും ഇത് തന്നെയാണ്. മലയാളത്തില്‍ റിലീസ് ചെയ്ത പ്രിന്റ ് പോലും ശ്വാസമടക്കിപ്പിടിച്ചിരുന്ന് കണ്ട വിദേശികളെക്കുറിച്ച് ഒരു മലയാളി സുഹൃത്ത് പറയുകയുണ്ടായി. അവര്‍ക്കൊക്കെ ആ സിനിമ ഇഷ്ടമായി എന്ന് മാത്രമല്ല ചില പൊതുചടങ്ങുകളില്‍ അവര്‍ അതിനെക്കുറിച്ച് വാചാലമായി സംസാരിക്കുകയുണ്ടായി പോലും. ഒരു മലയാള സിനിമയ്ക്ക് ഇതില്‍പരം എന്ത് അംഗീകാരം കിട്ടാനാണ്? ഇതെല്ലാം സിനിമ മുന്നോട്ട് വയ്ക്കുന്ന പ്രമേയപരവും പ്രതിപാദനപരവുമായ വസ്തുതകള്‍.
യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചാണ് ഈ സിനിമ രൂപപ്പെടുത്തിയിട്ടുളളത്. ആര്‍ക്കും ഏത് റിയല്‍ ഇന്‍സിഡന്റ്‌സിനെ അവലംബിച്ച് സിനിമകള്‍ നിര്‍മ്മിക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനേക്കാള്‍ തീക്ഷ്ണവും തീവ്രവുമായി കാണികളില്‍ കടുത്ത വൈകാരികാഘാതം സൃഷ്ടിക്കും വിധം അവതരിപ്പിക്കുക എന്നത് ഒരു ചലച്ചിത്രകാരന്റെ പ്രതിഭയുമായി ബന്ധപ്പെട്ട കാര്യമാണ്. അങ്ങനെ വിലയിരുത്തുമ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ചിദംബരത്തിന്റെ മാത്രം വിജയമാണിത്. അദ്ദേഹത്തിന് എല്ലാവിധ പിന്‍തുണയുമായി ആദ്യന്തം ഒപ്പം നിന്ന നിര്‍മ്മാതാവും പ്രധാന നടനുമായ സൗബീന്റെ കൂടി വിജയമാണിത്.
മുടക്കുമുതലിന്റെ 10 മടങ്ങ് കളക്ഷന്‍
25 കോടിയില്‍ താഴെ മുതല്‍മുടക്കിലാണ് സിനിമ ചിത്രീകരിച്ചത്. സെറ്റിന് മാത്രം 5കോടി ചിലവഴിക്കുകയുണ്ടായി. ഹോളിവുഡിലും മറ്റും ഇത്തരമൊരു സിനിമയുടെ നിര്‍മ്മാണച്ചിലവ് മഞ്ഞുമ്മലിന്റെ ആകെ കലക്ഷനേക്കാള്‍ അധികമായിരിക്കും. അങ്ങനെ കണക്കാക്കുമ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു ലോ ബജറ്റ് മൂവിയാണ്.
മഞ്ഞുമ്മൽ ബോയ്‌സിൽ നിന്നും
സിനിമ കൈാര്യം ചെയ്യുന്ന വിഷയവുമായി ചേര്‍ത്തു വച്ച് വിലയിരുത്തുമ്പോള്‍ വിശേഷിച്ചും. നിര്‍മ്മാതാവ് കൂടിയായ സൗബിന്‍ ഒഴികെ മോഹവിലയുളള താരങ്ങളൊന്നൂം ചിത്രത്തിലില്ല.
25 കോടി മുടക്കിയ ഒരു പടം തീയറ്ററുകളില്‍ നിന്ന് മാത്രം 240 കോടി നേടുമ്പോള്‍ മൂലധനത്തിന്റെ 10 ഇരട്ടിയാണ് തിരിച്ചു പിടിച്ചിരിക്കുന്നത്. ഗ്രോസ് കളക്ഷന്‍ എന്ന നിലയില്‍ എല്ലാത്തരം നികുതികളും തീയറ്റര്‍ ഉടമകളുടെയും വിതരണക്കാരന്റെയും ഷെയര്‍ കിഴിച്ചാലും നിര്‍മ്മാതാവിന് അതിഭീമമായ തുക ലാഭം ലഭിക്കുന്ന അവസ്ഥ. അതിലുപരി മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്ന സ്ഥിതി വിശേഷമാണ് ഈ ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. തീയറ്ററുകള്‍ കല്യാണമണ്ഡപങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് തീയറ്ററുകള്‍ പൂരമ്പറപ്പുകളാക്കാന്‍ കെല്‍പ്പുളള നിരവധി സിനിമകള്‍ ഒന്നിന് പിറകെ ഒന്നായി മലയാളത്തില്‍ സംഭവിക്കുന്നു. അക്കൂട്ടത്തില്‍ മൂന്‍നിരിയിലാണ് മഞ്ഞുമ്മല്‍. അന്യഭാഷാ സിനിമകള്‍ മലയാളത്തില്‍ നിന്ന് കോടികള്‍ കൊണ്ടു പോകുന്നു എന്ന് നാം പരിതപിച്ചിരുന്നിടത്ത് നമ്മുടെ സിനിമകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കോടികള്‍ വാരുന്നു. ഈ വൈരുദ്ധ്യത്തിന് തുടക്കമിട്ടതും മഞ്ഞുമ്മലാണ്.
മലയാളത്തില്‍ സിനിമയെടുക്കുന്നവര്‍ക്ക് മുന്നില്‍ ഒരു വലിയ മാതൃകയാണ് മഞ്ഞുമ്മല്‍.സൂകരപ്രസവം പോലെ സിനിമകള്‍ നിര്‍മ്മിച്ചിട്ട് കാര്യമില്ല. എണ്ണത്തില്‍ കുറവാണെങ്കിലും വലിയ തയ്യാറെടുപ്പുകളോടെയും ജാഗ്രതയോടെയും ആസൂത്രണ മികവോടെയും ആഗോള വിപണിയെക്കുടി ലക്ഷ്യമാക്കി സിനിമകള്‍ രൂപപ്പെടുത്തിയാല്‍ നിശ്ചയമായും ഇതുപോലുളള അത്ഭുതങ്ങള്‍ സംഭവിക്കും.
ലൂസിഫര്‍ പോലെ വേറെയും സിനിമകള്‍ ഇതിന് തെളിവായി നമുക്ക് മുന്നിലുണ്ട്. എംപുരാന്‍ ഈ തലത്തിലെത്താന്‍ സാധ്യതയുളള മറ്റൊരു പ്രോജക്ടാണ്. അതേ സമയം സിനിമയെ സംബന്ധിച്ച് മുന്‍കൂര്‍ പ്രവചനങ്ങള്‍ക്ക് പ്രസ്‌ക്തിയില്ല. ഒരു സിനിമ റീലീസ് ചെയ്ത് ആളുകള്‍ ഏറ്റെടുക്കുമ്പോള്‍ മാത്രമേ അതിന്റെ വിജയത്തോത് നിര്‍ണ്ണയിക്കാന്‍ കഴിയൂ.
മഞ്ഞുമ്മല്‍ ബോയ്‌സ് ഈ തലത്തില്‍ ഒരു മഹാവിജയം നേടുമെന്ന് അതിന്റെ ശില്‍പ്പികള്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ഇത് സിനിമ അര്‍ഹിക്കുന്ന വിജയമാണ്. ദേശകാലാതീതമായി എല്ലാത്തരം കാണികളെയും ഒരു പോലെ പിടിച്ചിരുത്താന്‍ പര്യാപ്തമായ ഉള്ളടക്കവും (കണ്ടന്റ്) ആവിഷ്‌കരണരീതിയും ഈ സിനിമയെ അതുല്യമാക്കുന്നു. ഇതുപോലൊരു സിനിമ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പറയിക്കാന്‍ സാധിക്കുന്നിടത്താണ് മഞ്ഞുമ്മലിന്റെ വിജയം.
മഞ്ഞുമ്മലിലെ തമിഴ് ടച്ച്
25 കോടി ബജറ്റില്‍ 101 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. സിനിമയുടെ സിംഹഭാഗവും ചിത്രീകരിച്ചിരിക്കുന്നത് തമിഴ്‌നാട്ടിലെ കൊടൈക്കനാലിലാണ്. തമിഴ് സിനിമയായ ഗുണയെക്കുറിച്ചുളള പരാമര്‍ശവും തമിഴ് ലൊക്കേഷന്റെ സാന്നിദ്ധ്യവും തമിഴ്‌നാട്ടില്‍ സിനിമയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാനിടയായി എന്നു മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും സിനിമ വിനിമയം ചെയ്യാന്‍ ശ്രമിക്കുന്ന വൈകാരികാംശം തന്നെയാണ് വാസ്തവത്തില്‍ മഞ്ഞുമ്മലിനെ ഇത്രമേല്‍ പ്രിയപ്പെട്ടതാക്കുന്നത്. ഏതു പ്രതിസന്ധിഘട്ടങ്ങളെയും ആത്മാര്‍ത്ഥതയോടെ അര്‍പ്പണബോധത്തോടെ മറികടക്കാന്‍ ശ്രമിക്കുന്ന യുവതയെക്കുറിച്ചുളള സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്നു. സൗഹൃദത്തിന്റെ മഹത്ത്വം ഉദ്വേഗഭരിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന ഒരു അസാധാരണ ചിത്രം എന്ന തരത്തിലാണ് സിനിമ എല്ലായിടങ്ങളിലൂം സ്വീകരിക്കപ്പെട്ടത്. നെഗറ്റീവ് കമന്റുകള്‍ തീരെയില്ലാത്ത ചിത്രം എന്ന മെറിറ്റും മഞ്ഞുമ്മലിനുണ്ട്. സാധാരണ ഗതിയില്‍ എത്ര മികച്ച പടം റിലീസ് ചെയ്താലും വിജയകണക്കുകള്‍ നിരത്തിയാലും അതില്‍ തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കുന്നവരും സിനിമ ഇഷ്ടപ്പെടാത്തവരുമുണ്ട്. ആളുകളുടെ ആസ്വാദനബോധവും അഭിരുചിയും വേറിട്ടതായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ പിടിച്ചിരുത്താനും ഒരു കോണില്‍ നിന്നു പോലും പടം ഇഷ്ടമായില്ല എന്ന ഒരു വാക്ക് പറയിക്കാതിരിക്കാനും സാധിച്ചു എന്നിടത്താണ് സംവിധായകന്റെ വിജയം.
സൂപ്പര്‍താരങ്ങളോ കണ്ണെടുക്കാതെ നോക്കിയിരിക്കാന്‍ പ്രേരിപ്പിക്കുന്ന സുന്ദരികളായ നായികമാരോ ഇല്ലാത്ത ഈ സിനിമയാണ് ഏറ്റവും കുറഞ്ഞ കാലയളവിനുളളില്‍ 100 കോടി ക്ലബിൽ കയറിയത്. അതേ വേഗതയില്‍ 200 കോടി ക്ലബിലേക്കും അവിടെ നിന്ന് 250 കോടിയിലേക്കും സഞ്ചരിച്ചു. ഇനി ഒ.ടി.ടി യിലുടെ ലോകത്താകമാനമുളള എല്ലാ പ്രേക്ഷകര്‍ക്കും കാണാന്‍ പാകത്തില്‍ മഞ്ഞുമ്മല്‍ എത്തുമ്പോള്‍ ഏറ്റവും സാര്‍വലൗകികമായ സ്വീകാര്യത ലഭിച്ച ആദ്യ സിനിമ എന്ന തലത്തിലേക്ക് മലയാളം എന്ന കൊച്ചുഭാഷയില്‍ കേരളം എന്ന കൊച്ചുസംസ്ഥാനത്ത് രൂപപ്പെട്ട ഈ ചിത്രം വഴിമാറുകയാണ്. അതുവഴി ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനം പിടിക്കുകയും ചെയ്യുന്നു.
ഷൈജു ഖാലിദിന്റെ ഛായാഗ്രഹണ മികവ് ഒരു പുതിയ കാര്യമല്ല. എത്രയോ സിനിമകളിലുടെ മുന്‍പും അദ്ദേഹം അത് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ മഞ്ഞുമ്മലില്‍ ഇതിവൃത്തത്തിന്റെ കരുത്തും സൗന്ദര്യവും ചോര്‍ന്നു പോകാതെ സിനിമയുടെ മൂഡിന് നൂറുശതമാനം അനുയോജ്യമായ ഫോട്ടോഗ്രഫിക്ക് പാറ്റേണ്‍ ഒരുക്കിയിരിക്കുന്നു ഷൈജു.
വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും സുഷിൻ ശ്യാമിന്റെ മ്യൂസിക് സ്‌കോറും പ്രത്യേകം എടുത്തു പറയേണ്ട ഘടകങ്ങള്‍ തന്നെയാണ്.
സൗബിനൊപ്പം മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ദീപക്, അഭിറാം അരുണ്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍, ബെന്‍സണ്‍, വിഷ്ണു രഘു എന്നിവരെല്ലാം തന്നെ തങ്ങളുടെ വേഷങ്ങള്‍ ഒന്നിനൊന്ന് മികച്ചതാക്കിയിട്ടുണ്ട്.
ഒരു സിനിമയുടെ പൂര്‍ണ്ണതയ്ക്ക് ഉപയുക്തമാം വിധം എല്ലാ ഘടകങ്ങളെയും മികച്ച രീതിയില്‍ സമന്വയിപ്പിച്ച ചലച്ചിത്രകാരനായ ചിദംബരം തന്നെയാണ് മഞ്ഞുമ്മല്‍ ബോയ്‌സിലെ സൂപ്പര്‍ബോയ്. ജാൻ എ മൻ എന്ന ഏകസിനിമയുടെ പരിചയം മാത്രം കൈമുതലായ ഒരാള്‍ എങ്ങനെ ഒരു ഇതിഹാസ ചിത്രം രൂപപ്പെടുത്തി എന്നത് വിസ്മയാവഹമാണ്. യാത്ര, സൗഹൃദം, പ്രത്യാശ, ആത്മാര്‍ത്ഥത, അതിജീവനം എന്നിവയെ കൃത്യമായ അനുപാതത്തില്‍ ബ്ലെന്‍ഡ് ചെയ്ത് സമാനതകളില്ലാത്ത ഈ ചിത്രം രൂപപ്പെടുത്തിയതിന് ഹാറ്റ്‌സ് ഓഫ് മിസ്റ്റര്‍ ചിദംബരം. എ ബിഗ് സല്യൂട്ട് ടു യു!
Source link