ടെൽ അവീവ്: ഹമാസിന്റെ റോക്കറ്റാക്രമണത്തെത്തുടർന്ന് ഗാസയിലേക്കു സഹായവസ്തുക്കൾ കടത്തിവിടുന്ന കെറം ഷാലോം ക്രോസിംഗ് അടച്ചതായി ഇസ്രയേൽ അറിയിച്ചു. ഇസ്രയേലിലുണ്ടായ ആക്രമണത്തിൽ പത്തു പേർക്കു പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ഇതിനിടെ, ഇസ്രേലി സേനയുടെ ആക്രമണത്തിൽ ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും കമാൻഡർമാർ അടക്കം ഏഴു തീവ്രവാദികൾ കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗമായ അൽഖ്വാസം ബ്രിഗേഡിന്റെ വെസ്റ്റ് ബങ്ക് കമാൻഡർ അലാ ഷ്റെയ്തെ, ഇസ്ലാമിക് ജിഹാദിന്റെ മുതിർന്ന കമാൻഡർ ഐമൻ സരാബ് എന്നിവരടക്കമുള്ളവരാണു കൊല്ലപ്പെട്ടത്.
വെസ്റ്റ് ബാങ്കിലെ തുർക്കാറാമിൽ ശനിയാഴ്ച നടന്ന 12 മണിക്കൂർ ഏറ്റുമുട്ടലിലാണ് അലാ ഷ്റെയ്തെയും മൂന്നു ഭീകരരും കൊല്ലപ്പെട്ടത്. ഹമാസ് ഇന്നലെ ഇക്കാര്യം സ്ഥിരീകരിച്ചു. ഇയാൾ 2002 മുതൽ 2016 വരെ ഇസ്രേലി ജയിലിൽ തടവിലായിരുന്നു. ഇസ്ലാമിക് ജിഹാദിന്റെ സായുധ സേനാ വിഭാഗം കമാൻഡറായിരുന്ന ഐമൻ സരാബ് റാഫയിലുണ്ടായ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ ഇസ്ലാമിക് ജിഹാദ് പോരാളികൾക്ക് ഇയാളും നേതൃത്വം കൊടുത്തിരുന്നു. വ്യോമാക്രമണത്തിൽ മറ്റ് രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടു.
Source link