ധരംശാല: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പ്ലേ ഓഫ് സാധ്യത സജീവമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സിന് വിസിൽ പോഡ്… കൂറ്റൻ സ്കോറിലേക്ക് പോകാൻ അനുവദിക്കാതിരുന്ന പഞ്ചാബ് കിംഗ്സിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ജയം സ്വന്തമാക്കി. മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്ചവച്ച രവീന്ദ്ര ജഡേജയുടെ മികവാണ് ചെന്നൈക്കു ജയം സമ്മാനിച്ചത്. 26 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയായിരുന്നു ചെന്നൈ ഇന്നിംഗ്സിലെ ടോപ് സ്കോറർ. നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി ജഡേജ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി. അജിങ്ക്യ രഹാനെ (9) പുറത്തായശേഷം രണ്ടാം വിക്കറ്റിൽ ഋതുരാജ് ഗെയ്ക്വാദും (32) ഡാരെൽ മിച്ചലും (30) ചേർന്ന് രണ്ടാം വിക്കറ്റിൽ 57 റണ്‍സ് നേടി. സിഎസ്കെ ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ടായിരുന്നു ഇത്. കൂറ്റനടിക്കാരനായ ശിവം ദുബെയെ രാഹുൽ ചാഹർ ഗോൾഡൻ ഡക്കാക്കി. മൊയീൻ അലി (17), മിച്ചൽ സാന്റ്നർ (11) എന്നിവർക്കും കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.
ധോണി ബി ഹർഷൽ 0 ഷാർദുൾ ഠാക്കൂറിനെ (17) ഹർഷൽ പട്ടേൽ ബൗൾഡാക്കിയതിനു പിന്നാലെയാണ് മുൻ ക്യാപ്റ്റൻ എം.എസ്. ധോണി ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തിൽതന്നെ ധോണിയും പുറത്ത്. ഹർഷൽ പട്ടേലിന്റെ പന്തിൽ ധോണിയുടെ വിക്കറ്റ് ഇളകി. ഐപിഎല്ലിൽ മൂന്നാം തവണയാണ് ഹർഷൽ പട്ടേലിന്റെ പന്തിൽ ധോണി പുറത്താകുന്നത്. 168 റണ്‍സ് എന്ന ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് രണ്ട് ഓവറിൽ ഒന്‍പത് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. തുടക്കത്തിലെ പ്രഹരത്തിൽനിന്ന് പിന്നീട് പഞ്ചാബിനു കരകയറാൻ സാധിച്ചില്ല. പ്രഭ്സിമ്രൻ സിംഗ് (30), ശശാങ്ക് സിംഗ് (27) എന്നിവരാണ് പഞ്ചാബിന്റെ ടോപ് സ്കോറർമാർ. ചെന്നൈക്കുവേണ്ടി സിമ്രൻജീത് സിംഗും തുഷാർ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Source link