ബന്ദിമോചനത്തിന് റാലിയുമായി ഇസ്രേലികൾ
ടെൽ അവീവ്: ഗാസ വെടിനിർത്തലിനു ചർച്ചകൾ പുനരാരംഭിച്ചതിനു പിന്നാലെ, ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കാൻ നെതന്യാഹു സർക്കാർ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇസ്രേലി ജനത പ്രകടനം നടത്തി. ശനിയാഴ്ച രാത്രി ടെൽ അവീവിൽ നടന്ന റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു. പ്രധാനമന്ത്രി നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി പ്രകടനക്കാർ ആരോപിച്ചു. യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. ‘യുദ്ധമല്ല ജീവനാണു പവിത്രം’ എന്ന മുദ്രാവാക്യം മുഴക്കി. നെതന്യാഹു വെടിനിർത്തൽ ധാരണ അട്ടിമറിക്കുകയാണെന്നും ആരോപിച്ചു. ഇതിനിടെ ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിൽ ശനിയാഴ്ച ആരംഭിച്ച വെടിനിർത്തൽ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ ഹമാസ് പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. 40 ദിവസം വെടിനിർത്തി ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെയും ഇസ്രേലി ജയിലുകളിലുള്ള പലസ്തീൻ തടവുകാരെയും മോചിപ്പിക്കുന്നതിനുള്ള ധാരണയാണ് ചർച്ച ചെയ്യുന്നത്.
ചർച്ചയെ ഗൗരവമായിട്ടാണു കാണുന്നതെന്നും എന്നാൽ, ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ച് ഗാസയിൽനിന്നു പിൻവാങ്ങാതെ വെടിനിർത്തൽ യാഥാർഥ്യമാകില്ലെന്നും ഹമാസ് വൃത്തങ്ങൾ പറഞ്ഞു. ഹമാസിനെ ഉന്മൂലനം ചെയ്യുന്നതുവരെ യുദ്ധം തുടരുമെന്നും റാഫയിലെ സൈനിക നടപടി ഒഴിവാക്കുന്ന തരത്തിലുള്ള വെടിനിർത്തൽ അംഗീകരിക്കില്ലെന്നും ഇസ്രേലി മന്ത്രി അമിച്ചായി ചിക്ലി പറഞ്ഞു. ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ ഹമാസ് 252 പേരെയാണ് തട്ടിക്കൊണ്ടുപോയത്. നവംബറിലെ വെടിനിർത്തലിൽ നൂറിലധികം പേരെ മോചിപ്പിച്ചിരുന്നു. 128 പേർ ഹമാസിന്റെ കസ്റ്റഡിയിൽ തുടർന്നുവെന്നും ഇതിൽ 34 പേർ മരിച്ചിരിക്കാമെന്നും കരുതുന്നു.
Source link