ആറുവർഷം മുൻപെഴുതിയ വിധിയിൽ പിഴവുപറ്റി, അതു പുനഃപരിശോധിക്കപ്പെടണം! മദ്രാസ് ബാർ അസോസിയേഷന്റെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ് നടത്തിയ പ്രസ്താവന വലിയ പ്രാധാന്യത്തോടെയാണു മാധ്യമങ്ങൾ വാർത്തയാക്കിയത്. ഒരു വിധിപ്രസ്താവം തെറ്റായിപോയെന്നു വിധി എഴുതിയ വ്യക്തി തന്നെ വർഷങ്ങൾക്കുശേഷം തുറന്നുപറയുക, അതു പുനഃപരിശോധിക്കപ്പെടണമെന്ന് ആവശ്യപ്പെടുക. ഇന്ത്യൻ നീതിനിർവഹണ സംവിധാനത്തിൽ കേട്ടുകേൾവിയില്ലാത്ത തുറന്നുപറച്ചിലായിരുന്നു അത്.
ചെയ്തതു തെറ്റാണെന്നു ബോധ്യപ്പെട്ടാൽ അതു തിരുത്താൻ ശ്രമിക്കേണ്ടതു പ്രധാനമാണെന്ന് ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. യഥാർഥ മാറ്റങ്ങൾ സംഭവിക്കുന്നതു തിരുത്തലുകളിലൂടെയാണെന്ന് ഊന്നിപ്പറയാനും അദ്ദേഹം മടിച്ചില്ല. എന്നാൽ വർഷങ്ങൾക്കു മുൻപു നടന്ന കേസിൽ വിധി പ്രസ്താവം തെറ്റായി പോയെന്നും അതു പുനഃപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടാൽ ഇന്ത്യൻ നീതിന്യായ സംവിധാനത്തിൽ അതിനുള്ള സാധ്യതകൾ എത്രത്തോളമാണെന്ന ഒരു ചർച്ച കൂടി ഉയരുന്നുണ്ട്. തുടർ നടപടികൾ എത്രത്തോളം സാധ്യമായിരിക്കും? 2018 ജൂലൈയിൽ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു വാദിച്ച പി.കല്യാണ ചക്രവർത്തി – ഹർഷ എസ്റ്റേറ്റ് സിവിൽ കേസിലെ വിധിപ്രസ്താവത്തിലാണു തിരുത്തലുകൾ വേണ്ടതായി ആനന്ദ് വെങ്കടേഷ് കുറ്റസമ്മതം നടത്തിയത്. അതേവർഷം ജൂണിലാണു ഹൈക്കോടതി ജഡ്ജിയായി ആനന്ദ് വെങ്കടേഷ് ചുമതലയേൽക്കുന്നത്. ഒരു തുടക്കക്കാരനായതിന്റെ ആവേശവും തിടുക്കവും വിധിയെ സ്വാധീനിച്ചെന്ന് അദ്ദേഹം പറയുന്നു.
എന്തായിരുന്നു പി.കല്യാണ ചക്രവർത്തി – ഹർഷ എസ്റ്റേറ്റ് കേസ്?
ഹർഷ എസ്റ്റേറ്റും കല്യാണ ചക്രവർത്തിയും ചേർന്നു ഭൂമി വിൽപനയുമായി ബന്ധപ്പെട്ടു കരാർ ഉണ്ടാക്കുന്നു. എന്നാൽ അതു പാലിക്കപ്പെടാത്തതിനെ തുടർന്ന് അന്യായക്കാരൻ കോടതിയെ സമീപിക്കുന്നു. കോടതിയിൽ പോകുമ്പോൾ കരാർ പാലിക്കാത്തതു പരിഗണിച്ച് എതിർകക്ഷികൾ ഹാജരാകാത്ത സാഹചര്യത്തിൽ ഏകപക്ഷീയമായ ഒരു വിധി നൽകുന്നു. ബാക്കിയുള്ള പണം കെട്ടിവച്ച് ഭൂമി റജിസ്റ്റർ ചെയ്യാനാണു കോടതി ആവശ്യപ്പെട്ടത്. എന്നാൽ അതിനിടയിൽ ഇത് ഭൂവുടമ മറ്റൊരാൾക്കു വിൽക്കുന്നു. അവരിൽനിന്ന് ആ ഭൂമി മറ്റൊരാൾ വാങ്ങി, അയാളിൽനിന്ന് മറ്റൊരാളും. അതായത് ഭൂമി മൂന്നുതവണ കൈമറിഞ്ഞുപോയി. തങ്ങൾക്കിടയിൽ കരാറുണ്ടെന്നും എന്നാൽ ഭൂമി തങ്ങൾക്കു തരാതെ മറിച്ചുവിറ്റുവെന്നും ആരോപിച്ചാണ് അന്യായക്കാരൻ സ്പെസിഫിക് പെർഫോമൻസിനു കോടതിയെ സമീപിക്കുന്നത്. കരാർ പ്രകാരം ഭൂമി ലഭിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. മാത്രമല്ല ഈ ഭൂമിയിൽ പിന്നീട് എതിർകക്ഷിയെ പ്രവേശിക്കാൻ അനുവദിക്കരുതെന്നുള്ള ഇൻജക്‌ഷൻ ഓർഡറും നൽകണമെന്നും ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിലാണു ഭൂമി സ്യൂട്ട് ഫോർ ലാൻഡാണെന്ന് എതിർകക്ഷി വാദിക്കുന്നത്.
സ്പെസിഫിക് പെർഫോമൻസ് എന്നുപറഞ്ഞാൽ ഒരു കരാറിലെ വ്യവസ്ഥകൾ അതേപോലെ നടപ്പാക്കുക എന്നുള്ളതാണ്. ഇവർക്കിടയിലെ കരാർ പ്രകാരം പണം നൽകുമ്പോൾ ഭൂമി റജിസ്റ്റർ ചെയ്തുകൊടുക്കുമെന്നാണു കരാറിലെങ്കിൽ ആ വ്യവസ്ഥ നടപ്പാക്കണമെന്നാവശ്യപ്പെട്ടു നൽകുന്ന ഹർജിയാണു സ്പെസിഫിക് പെർഫോമൻസ്. ആധാരം അല്ലെങ്കിൽ ഭൂമിയുടെ കൈവശാവകാശം ഒരു വ്യക്തിയുടെ പേരിലേക്കു ട്രാൻസ്ഫർ ചെയ്യണം എന്നുപറഞ്ഞുകൊടുക്കുന്ന ഹർജികൾക്കാണു സ്യൂട്ട് ഫോർ ലാൻഡ് എന്നു പറയുന്നത്. അതാത് അധികാരപരിധിയിലുള്ള കോടതികളിൽ മാത്രമേ അതു ഫയൽ ചെയ്യാൻ സാധിക്കൂ. അതായത് ഭൂമി സ്യൂട്ട് ഫോർ ലാൻഡാണെന്ന് അന്യായക്കാരനും സ്പെസിഫിക് പെർഫോമൻസാണെന്ന് എതിർകക്ഷിയും തമ്മിലുള്ള തർക്കമാണു ഹൈക്കോടതിയിൽ എത്തിയത്. ആ തർക്കവുമായി ബന്ധപ്പെട്ടു താനെത്തിയ നിഗമനങ്ങളിൽ തെറ്റുപറ്റിയെന്നാണു വിധി പ്രസ്താവം നടത്തിയ ആനന്ദ് ആറുവർഷങ്ങൾക്കുശേഷം തുറന്നുപറഞ്ഞത്.
ഹർഷ എസ്റ്റേറ്റിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചുവാണ് ഹാജരായത്. കല്യാണ ചക്രവർത്തിക്കായി മുതിർന്ന അഭിഭാഷകൻ വിജയ് നാരായണനും ഹാജരായി. ജസ്റ്റിസ് എം.എം.സുന്ദരേഷ്, ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ് എന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തുടക്കക്കാരനായ ആനന്ദ് വെങ്കിടേഷിനെ ഏറെ പ്രോത്സാഹിപ്പിക്കുകയും വിധിന്യായങ്ങൾ എഴുതാൻ അനുവദിക്കുകയും ചെയ്തിരുന്നു സുന്ദരേഷ്. പി.കല്യാണ ചക്രവർത്തി – ഹർഷ എസ്റ്റേറ്റ് കേസിലെ വിധി എഴുതിയത് ആനന്ദ് ആയിരുന്നു.
പുനഃപരിശോധന സാധ്യമോ?
പി.കല്യാണ ചക്രവർത്തി – ഹർഷ എസ്റ്റേറ്റ് കേസിലെ വിധി എഴുതിയത് എൻ.ആനന്ദ് വെങ്കടേഷ് ആയിരുന്നുവെങ്കിലും ജസ്റ്റിസ് എം.എം.സുന്ദരേഷ്, ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ് എന്നിവരുൾപ്പെടുന്ന രണ്ടംഗ ബെഞ്ചിന്റെ തീരുമാനമായിട്ടാണ് ആ വിധിയെ കണക്കാക്കുന്നതെന്നു സുപ്രീം കോടതി അഭിഭാഷകൻ എം.ആർ.അഭിലാഷ് പറയുന്നു. ‘‘അതിലെ ഒരംഗമായിരുന്ന ആനന്ദിന്റെ തുറന്നുപറച്ചിൽ തികച്ചും വ്യക്തിപരമായ ഒന്നായി മാത്രമേ കാണാൻ സാധിക്കൂ. അതിനു യാതൊരു നിയമസാധുതകളും ഇല്ല.
മറ്റു സാധ്യതകൾകൂടി പരിശോധിക്കാം. ഹൈക്കോടതിവിധിക്കെതിരെ സുപ്രീകോടതിയിൽ അപ്പീൽ പോകുകയും അതു പരിഗണിച്ച സുപ്രീംകോടതി അപ്പീൽ നടപടിക്രമത്തിലൂടെ അസാധുവാക്കിയെങ്കിൽ അതിനർഥം ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു എന്നാണ്. അഥവാ കേസ് സുപ്രീംകോടതിയിൽ പരിഗണിക്കാൻ ഇരിക്കുകയാണെങ്കിൽ മേൽക്കോടതി അതിൽ വിധി പ്രസ്താവിക്കാത്തിടത്തോളം കാലം ബെഞ്ചിലെ ഒരു ജഡ്ജിയുടെ പശ്ചാത്തപത്തിനു വിലയില്ല. ഇനി സുപ്രീം കോടതി ഹൈക്കോടതി വിധി തള്ളിയെങ്കിൽ അത് അപ്പാടെ തെറ്റാണെന്നു ബോധ്യപ്പെടുകയാണ്. ചുരുക്കത്തിൽ ഒരു ബെഞ്ച് എടുക്കുന്ന തീരുമാനം ആ ബെഞ്ചിലെ മുഴുവൻ പേരും ചർച്ച ചെയ്ത് എടുക്കുന്നതാണ്. വിധിയിൽ ആ ബെഞ്ചിനാണ് ഉത്തരവാദിത്തം, വ്യക്തികൾക്കല്ല. അവിടെ പിന്നീടു നടത്തുന്ന വ്യക്തിപരമായ പുനർവിചിന്തനത്തിനു പ്രസക്തിയില്ല.
കേസിലെ കക്ഷികൾക്കു വേണമെങ്കിൽ അന്നത്തെ ജഡ്ജി ഇങ്ങനെ അഭിപ്രായപ്പെട്ടു എന്നുചൂണ്ടിക്കാട്ടി കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ സാധിക്കും. പക്ഷേ, വിധി വന്ന് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കേണ്ടതാണു പുനഃപരിശോധനാ ഹർജി. ഇത് ആറുവർഷം കഴിഞ്ഞു. എന്നിരുന്നാൽ തന്നെയും കോടതി അതു പരിഗണിക്കാൻ തയാറായാൽ കേസ് റിവ്യൂ ചെയ്യാൻ സാധിച്ചേക്കും. പരിഗണിച്ചാൽ പിന്നീട് ചീഫ് ജസ്റ്റിസാണു തീരുമാനമെടുക്കേണ്ടത്. അദ്ദേഹത്തിനു പുതിയൊരു ബെഞ്ചിനെ പുനഃപരിശോധനയ്ക്കായി നിയമിക്കാം. റിവ്യു ബെഞ്ചിലെ ചട്ടപ്രകാരം വിധി പ്രസ്താവിച്ച ബെഞ്ചിലെ അംഗം സർവീസിലുണ്ടെങ്കിൽ ചീഫ് ജസ്റ്റിസ് നിശ്ചയിക്കുന്ന ബെഞ്ചിൽ അദ്ദേഹം വരേണ്ടതായിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ ബെഞ്ചിലെ ഒരംഗമായി ജസ്റ്റിസ് ആനന്ദ് വെങ്കടേഷിനു വരാൻ സാധിക്കും. പക്ഷേ, കേസ് മേൽക്കോടതിയിൽ അപ്പീലിനു പോയി പെൻഡിങ്ങിലാണെങ്കിൽ അതിനും സാധ്യതയില്ല. ഒരു ബെഞ്ച് ജുഡീഷ്യൽ അധികാരം വിനിയോഗിച്ചെടുത്ത തീരുമാനത്തിൽ പശ്ചാത്താപം നടത്തിയാലും വിധിക്കു കോട്ടം വരുന്നില്ല. ഇവിടെ ശ്രദ്ധിക്കേണ്ടത് മറ്റൊന്നാണ്. സങ്കീർണതകളുടെ വെളിച്ചത്തിൽ ജുഡീഷ്യറിക്കുപോലും തെറ്റുപറ്റാം. അതുകൊണ്ടു വിധിയെഴുതുമ്പോൾ ജാഗരൂകരായിരിക്കണം എന്ന മുന്നറിയിപ്പായി മാത്രം എൻ.ആനന്ദ് വെങ്കിടേഷിന്റെ ഈ തുറന്നുപറച്ചിലിനെ കാണാം. അധികാരം വിനിയോഗിക്കുന്നവർക്കുള്ള ഒരു വലിയ സന്ദേശം’’ – അഭിലാഷ് പറഞ്ഞു.
ആനന്ദ് വെങ്കടേഷ്, ജൂനിയർ അഭിഭാഷകരുടെ ഹീറോ
മദ്രാസിലെ നിയമ വിദ്യാർഥികൾക്കിടയിലും ജൂനിയർ അഭിഭാഷകർക്കിടയിലും ഹീറോയാണ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ.ആനന്ദ് വെങ്കടേഷ്. ആദ്യമായല്ല ആനന്ദ് മാധ്യമങ്ങളുടെ തലക്കെട്ടാകുന്നത്. എൽജിബിടിക്യുഐഎ പ്ലസ് കമ്യൂണിറ്റിയുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി സമഗ്രമായ മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ച് ആനന്ദ് വെങ്കടേഷ് നടത്തിയ വിധിപ്രസ്താവം ശ്രദ്ധേയമാണ്. സ്വവർഗാനുരാഗം ശാപമെന്നു പഠിച്ചാണു താനും വളർന്നതെന്ന കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള വിധിയായിരുന്നു അത്.
കുറ്റസമ്മതം മാത്രമല്ല അതിൽനിന്നു പുറത്തുകടക്കാനായി മാനസിക വിദഗ്ധരെ സമീപിച്ചെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. തുടർന്നായിരുന്നു മാർഗനിർദേശങ്ങൾക്ക് അദ്ദേഹം രൂപം നൽകിയത്. തമിഴ്നാടിനെ എൽജിബിടിക്യുഐഎ പ്ലസ് സൗഹൃദ സംസ്ഥാനമാക്കി മാറ്റിയതുപോലും ആനന്ദിന്റെ ഈ വിധിയാണ്. കേന്ദ്രസർക്കാർ നിയമസംഹിതകളുടെ പേര് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിങ്ങനെ ഹിന്ദിയിലേക്കു മാറ്റിയപ്പോൾ ആ പേരുകൾ ഉച്ചരിക്കാൻ ബുദ്ധിമുട്ടാണെന്നും ഐപിസി, സിആർപിസി എന്നുതന്നെ തുടർന്നും താൻ പറയുമെന്നും ആർജവത്തോടെ പറഞ്ഞ ജഡ്ജുകൂടിയാണ് ആനന്ദ്. വളർന്നുവരുന്ന അഭിഭാഷക തലമുറയോടു സംവദിക്കാൻ ഇഷ്ടപ്പെടുന്ന ആനന്ദ് അവർക്കു മുന്നിൽ പലപ്പോഴും ഉദാഹരണമായി നിരത്താറുള്ളത് തന്റെ അനുഭവങ്ങൾ തന്നെയാണ്.
Source link