INDIALATEST NEWS

‘മാമാജി’ വരുന്നു, ആടിപ്പാടി; ഡൽഹിയിൽ രണ്ടാം ഇന്നിങ്സിന് വോട്ട് തേടി ശിവരാജ് സിങ് ചൗഹാൻ

ഡൽഹിയിൽ രണ്ടാം ഇന്നിങ്സിന് വോട്ട് തേടി ശിവരാജ് സിങ് ചൗഹാൻ – Shivraj Singh Chauhan seeks votes for the second innings in Delhi | India News, Malayalam News | Manorama Online | Manorama News

‘മാമാജി’ വരുന്നു, ആടിപ്പാടി; ഡൽഹിയിൽ രണ്ടാം ഇന്നിങ്സിന് വോട്ട് തേടി ശിവരാജ് സിങ് ചൗഹാൻ

വിദിശയിൽനിന്ന് റൂബിൻ ജോസഫ്

Published: May 05 , 2024 03:03 AM IST

Updated: May 04, 2024 11:54 PM IST

1 minute Read

മധ്യപ്രദേശിലെ വിദിശ മണ്ഡലത്തിലെ പിപ്പിലിയ നാൻകറിൽ പ്രചാരണത്തിനെത്തിയ ശിവരാജ് സിങ് ചൗഹാൻ. ചിത്രം : രാഹുൽ ആർ. പട്ടം /മനോരമ

ഗ്രാമകവാടം മുതൽ സ്വീകരണം എന്നതാണ് നവവരന്റെ കാര്യത്തിൽ ഇവിടത്തെ രീതി. പാട്ടും ബാൻഡും നൃത്തവുമായി ബന്ധുജനങ്ങളെല്ലാം ഇളകിമറിയും. മധ്യപ്രദേശിലെ വിദിശ മണ്ഡലത്തിലെ പിപ്പിലിയ നാൻകർ എന്ന ഗ്രാമത്തിൽ ഈ സ്വീകരണം വരനു വേണ്ടിയല്ല; മാമാജിക്കാണ്. ‘മാമാജി’ എന്നാൽ അമ്മാവൻ. ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശുകാർക്ക് മാമാജിയാണ്. ഒരു ഘട്ടത്തിൽ ബിജെപിയുടെ ഭാവി നേതാവായി നരേന്ദ്ര മോദിക്കൊപ്പം തന്നെ പരിഗണിക്കപ്പെട്ടയാൾ; വാജ്പേയി യുഗം അവസാനിച്ചശേഷം എൽ.കെ. അഡ്വാനിയല്ലാതെ മറ്റൊരാളെ പാർട്ടി അന്വേഷിച്ചപ്പോൾ ആദ്യം ഉയർന്നുകേട്ട പേര്; ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ ബിജെപി നേതാവ്. ഈ വിശേഷണങ്ങളുടെ ഭാരമില്ലാതെ ‘യാത്ര പറയാനാണ്’ പാതിരാവിലും ചൗഹാൻ ഗ്രാമങ്ങളിലെത്തുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വൻ വിജയം നേടിയിട്ടും മുഖ്യമന്ത്രിക്കസേരയിലേക്ക് വേറെ ആളെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രസക്തി കുറഞ്ഞ ചൗഹാൻ ഡൽഹിയിലേക്കുള്ള യാത്രാമധ്യേയാണ്. അവിടെ സുപ്രധാന പദവി കാത്തിരിക്കുന്നുവെന്നു ബിജെപി ഗ്രാമീണരോടു വിശദീകരിക്കുന്നു. ഭോപാലിൽ പ്രചാരണത്തിനെത്തിയ മോദിയും അതു തന്നെ പറഞ്ഞു. ഇതേ മണ്ഡലത്തിൽ വാജ്പേയിക്കും സുഷമ സ്വരാജിനും ലഭിച്ചതിനെക്കാൾ ഭൂരിപക്ഷത്തോടെ ഡൽഹിയിൽ രണ്ടാം ഇന്നിങ്സ് തുടങ്ങാനാണ് ചൗഹാന്റെ ശ്രമം.

മാമാജിയുടെ വാഹനമെത്തിയപ്പോൾ അണികൾ പൊതിഞ്ഞു. ജനകീയ പരിവേഷമാണ് ചൗഹാന്റെ കരുത്ത്. ഉമാ ഭാരതി തീവ്ര നിലപാടുമായി മുന്നോട്ടുപോയപ്പോൾ പാർട്ടി അവതരിപ്പിച്ച സൗമ്യ മുഖം. അതേ കാലത്തു ഗുജറാത്തിനെ നയിച്ച നരേന്ദ്ര മോദിയുമായി താരതമ്യം വന്നു. മോദി–ഷാ അച്ചുതണ്ട് രാജ്യത്തിന്റെ അധികാരം കയ്യാളിയതോടെ ചൗഹാന്റെ രീതികൾ പഴഞ്ചനായി.

തത്വശാസ്ത്രത്തിൽ സ്വർണ മെഡലോടെ എംഎ നേടിയ ചൗഹാനു പ്രസംഗത്തിൽ തത്വവാദങ്ങളൊന്നുമില്ല: ‘ഞാൻ ഡൽഹിക്കു പോകുന്നുവെന്നേയുള്ളു. എവിടെയായാലും നിങ്ങൾക്കു വേണ്ടിയാണ് എന്റെ ജീവിതം’. മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തുംമുൻപ് ചൗഹാൻ ലോക്സഭയിൽ പ്രതിനിധീകരിച്ച മണ്ഡലമാണ് വിദിശ. 1991 മുതൽ 5 തവണ ഇവിടെ ജയിച്ചു. 

പഴയ പടക്കുതിരയായ പ്രതാപ് ഭാനു ശർമയെയാണ് കോൺഗ്രസ് പരീക്ഷിക്കുന്നത്. 1980ലും ’84ലും ഇവിടെനിന്നു ജയിച്ച അദ്ദേഹം നിലവിൽ പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. മണ്ഡലത്തിന്റെ നിലവിലെ സാഹചര്യം പക്ഷേ അദ്ദേഹത്തിന് അനുകൂലമല്ല. 5 ലക്ഷത്തിൽപരം വോട്ടുകൾക്കായിരുന്നു കഴിഞ്ഞ തവണ ബിജെപിയുടെ രമാകാന്ത് ഭാർഗവ് വിജയിച്ചത്. അതിനു മുൻപുള്ള 2 തിരഞ്ഞെടുപ്പുകളിലും വിജയി സുഷമ സ്വരാജ്. ചുരുക്കത്തിൽ, വിദിശ–ഡൽഹി റോഡിൽ ചൗഹാനു തടസ്സങ്ങളില്ല.

English Summary:
Shivraj Singh Chauhan seeks votes for the second innings in Delhi

40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 3jiop17u8jkn88dq1q09cgln81 mo-news-national-states-madhyapradesh mo-politics-leaders-shivrajsinghchouhan mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button