പലസ്തീൻ ഡോക്ടർ ഇസ്രേലി ജയിലിൽ മരിച്ചു
ടെൽ അവീവ്: ഇസ്രയേൽ അറസ്റ്റ് ചെയ്ത പലസ്തീൻ ഡോക്ടർ ജയിലിൽ മരിച്ചു. ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽ ഓർത്തോപീഡിക്സ് വിഭാഗം മേധാവിയായിരുന്ന സർജൻ അഡ്നാൻ അൽ ബുർഷിന്റെ (50) മരണം കൊലപാതകമാണെന്ന് പലസ്തീൻ വൃത്തങ്ങൾ ആരോപിച്ചു. വടക്കൻ ഗാസയിലെ അൽ അവാദ ആശുപത്രിയിൽ താത്കാലിക സേവനം അനുഷ്ഠിച്ചിരുന്ന ഡോക്ടറെ നാലു മാസം മുന്പാണ് ഇസ്രേലി സേന അറസ്റ്റ് ചെയ്തത്. ഇദ്ദേഹം മരിച്ചതായി ഇസ്രേലി ജയിൽ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു തടവുകാരന്റെ മരണം സംബന്ധിച്ച് ഏപ്രിൽ 19ന് പുറത്തിറക്കിയ അറിയിപ്പിൽ പരാമർശിച്ചിരുന്നത് ഇദ്ദേഹത്തെയാണെന്നും വ്യക്തമാക്കി. മരണകാരണം എന്താണെന്ന് ഇസ്രയേൽ വിശദീകരിച്ചിട്ടില്ല. മൃതദേഹം ഇപ്പോഴും ഇസ്രേലി കസ്റ്റഡിയിലാണെന്ന് പലസ്തീൻ വൃത്തങ്ങൾ പറഞ്ഞു.
ഇതോടെ ഒക്ടോബർ ഏഴിനു ശേഷം ഗാസയിൽ കൊല്ലപ്പെട്ട മെഡിക്കൽ ജീവനക്കാരുടെ എണ്ണം 496 ആയെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ഗാസയിലെ സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് ഇസ്രേലി നേതൃത്വവുമായി പ്രസിഡന്റ് ജോ ബൈഡൻ ചർച്ച നടത്തിയെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
Source link