ബെംഗളൂരു ∙ കർണാടകയിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, ജനതാദൾ (എസ്) എംഎൽഎ രേവണ്ണ അറസ്റ്റിലായത് എൻഡിഎ സഖ്യത്തിനു വൻതിരിച്ചടിയായി. അറസ്റ്റും പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികപീഡന കേസുകളും സ്ത്രീ വോട്ടർമാരെ അകറ്റുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.
ബിജെപിയുടെ 14 സിറ്റിങ് സീറ്റുകളിലാണ് 7 ന് വോട്ടെടുപ്പ്. ദളിന് മേഖലയിൽ കാര്യമായ സാന്നിധ്യമില്ല. പ്രചാരണ വേദികളിൽ രേവണ്ണ വിഷയം സജീവ ചർച്ചയാക്കുകയാണ് കോൺഗ്രസ്. രേവണ്ണയെ ഇന്നു കോടതിയിൽ ഹാജരാക്കും.
രേവണ്ണയ്ക്കെതിരെ ബിജെപി നേതാവും
വീട്ടമ്മയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ രേവണ്ണ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവും മുൻ എംപിയുമായ എൽ.ആർ. ശിവരാമെ ഗൗഡ ആരോപിച്ചു. 30 വർഷം മുൻപ് നടത്തിയ യുകെ സന്ദർശനത്തിനിടെ സ്ത്രീകളോടു മോശമായി പെരുമാറിയതിനു ഹോട്ടലിൽ നിന്നു രേവണ്ണയെ പുറത്താക്കിയതാണെന്നു ശിവരാമെ ആരോപിച്ചു.
പ്രജ്വലിന്റെ അതേ സ്വഭാവദൂഷ്യങ്ങൾ രേവണ്ണയ്ക്കുമുണ്ടെന്നും കുറ്റപ്പെടുത്തി. സമാനമായ ആരോപണം ഉന്നയിച്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇതെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുകയാണെന്നു വ്യക്തമാക്കി.
നാടകാന്ത്യം അറസ്റ്റ്
രേവണ്ണയുടെ ജാമ്യഹർജി കോടതി തള്ളി മിനിറ്റുകൾക്കകം പിതാവ് ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) എത്തി. വൈകിട്ട് 6.45 മുതൽ ഏറെ കാത്തുനിന്നിട്ടും ഗേറ്റ് തുറന്നില്ല. പൂട്ട് തകർക്കാൻ ഉദ്യോഗസ്ഥർ തയാറെടുക്കുന്നതിനിടെ രേവണ്ണ വാതിൽ തുറന്നു പുറത്തിറങ്ങി. ഗൗഡ വീടിനുള്ളിലുണ്ടായിരുന്നു.
രേവണ്ണയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനു തൊട്ടുമുൻപാണ്, പീഡിപ്പിക്കപ്പെട്ട സ്ത്രീയെ ഫാംഹൗസിൽ പൂട്ടിയിട്ടിരിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചത്. ഫാം ഹൗസ് ഉടമയെ പിടികിട്ടിയിട്ടില്ല.
പ്രജ്വലിന് എന്നും താരപ്പകിട്ട്, ധാരാളിത്തം
മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞ പ്രജ്വൽ ദൾ യുവജനവിഭാഗത്തിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. പിന്നീട് പാർട്ടി ജനറൽ സെക്രട്ടറിയും 28ാം വയസ്സിൽ ഹാസനിൽ നിന്ന് ലോക്സഭാ എംപിയും. 2019ൽ കോൺഗ്രസ് പിന്തുണയോടെ ദൾ ജയിച്ച ഏക സീറ്റാണിത്. സ്വത്തുമായി ബന്ധപ്പെട്ട വ്യാജസത്യവാങ്‌മൂല വിവാദത്തിൽ എംപിസ്ഥാനം റദ്ദായെങ്കിലും പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ആഡംബര വാഹനങ്ങളും വസ്ത്രങ്ങളുമായി താരപ്പകിട്ടിലായിരുന്നു പ്രജ്വലിന്റെ ജീവിതം. മുപ്പതിലേറെ ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണു പ്രചാരണത്തിനുപോലും എത്തിയിരുന്നത്.
അമ്മ ഭവാനിയുടെ കൂടി ഇടപെടലിലാണ് ലോക്സഭാ സീറ്റ് ലഭിച്ചത്. പിതാവ് ദേവെഗൗഡയോടും സഹോദരൻ കുമാരസ്വാമിയോടും അധികം അടുക്കാതെ, എന്നാൽ അകലാതെയായിരുന്നു എക്കാലവും രേവണ്ണയുടെ നിലപാടുകൾ. ഇടയ്ക്കു കുമാരസ്വാമിയുമായി ഇടയുകയും ചെയ്തു.
വാസ്തുവിലും ജ്യോതിഷത്തിലും അമിതവിശ്വാസിയായിരുന്ന രേവണ്ണ, പൊതുമരാമത്ത് മന്ത്രിയായിരിക്കെ ദിവസവും 340 കിലോമീറ്റർ യാത്ര ചെയ്ത് ബെംഗളൂരുവിൽനിന്ന് ഹോളെ നരസിപുരിലെ വീട്ടിൽ പോയി വന്നത് വാർത്തയായിരുന്നു– മന്ത്രിവസതിയുടെ വാസ്തു ശരിയല്ലെന്നതായിരുന്നു കാരണം!
Source link