ഓ… മുംബൈ…

കോൽക്കത്ത: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണ് ചാന്പ്യൻഷിപ്പ് മുംബൈ സിറ്റി എഫ്സിക്ക്. കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽനടന്ന ഫൈനൽ പോരാട്ടത്തിൽ 3-1ന് ആതിഥേയരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെയാണ് മുംബൈ സിറ്റി തകർത്തത്. 2023-24 ലീഗ് വിന്നേഴ്സ് ഷീൽഡ് ജേതാക്കളായ മോഹൻ ബഗാന്റെ ട്രിപ്പിൾ കിരീട സ്വപ്നം മുംബൈ സിറ്റി തകർത്തു. സീസണിലെ ഡ്യൂറൻഡ് കപ്പിലും ബഗാനായിരുന്നു മുത്തംവച്ചത്. ഒരു ഗോളിനു പിന്നിൽനിന്നശേഷമാണ് മുംബൈ സിറ്റിയുടെ തിരിച്ചുവരവ് ജയം. 44-ാം മിനിറ്റിൽ ജേസണ് കമ്മിൻസിന്റെ (44’) ഗോളിൽ മോഹൻ ബഗാൻ ലീഡ് നേടി. എന്നാൽ, പെരേര ഡിയസിലൂടെ 53-ാം മിനിറ്റിൽ മുംബൈ ഒപ്പമെത്തി. തുടർന്ന് 81-ാം മിനിറ്റിൽ ബിപിൻ സിംഗിലൂടെ മുംബൈ ലീഡ് നേടി. ഗോൾ തിരിച്ചടിക്കാൻ കിണഞ്ഞുശ്രമിച്ച മോഹൻ ബഗാന്റെ സമനില സ്വപ്നങ്ങൾക്കുമേൽ കരിനിഴലായി ജാകൂബ് വൊജ്തൂസിലൂടെ (90+7’) മുംബൈ സിറ്റി കിരീടം ഉറപ്പിച്ചു. ഐഎസ്എൽ കപ്പിൽ മുംബൈ സിറ്റി രണ്ടാം തവണയാണ് മുത്തംവയ്ക്കുന്നത്.
ഫൈനലിൽ വീണ്ടും ബഗാൻ വീണു ഐഎസ്എൽ കിരീട പോരാട്ടത്തിൽ മുംബൈ സിറ്റിക്കു മുന്നിൽ മോഹൻ ബഗാൻ വീഴുന്നത് ഇത് രണ്ടാം തവണയാണ്. 2020-21 സീസണിൽ മുംബൈ സിറ്റി ആദ്യ ചാന്പ്യൻഷിപ്പ് ഉയർത്തിയപ്പോഴും ഫൈനലിൽ മോഹൻ ബഗാനെയായിരുന്നു കീഴടക്കിയത്. അന്ന് എടികെ മോഹൻ ബഗാൻ എന്നായിരുന്നു ടീമിന്റെ പേര്. 2020-21 സീസണിൽ ലീഗ് വിന്നേഴ്സ് ഷീൽഡും മുംബൈ സിറ്റിക്കായിരുന്നു. 2023-24 ലീഗ് വിന്നേഴ്സ് ഷീൽഡ് ആർക്കെന്ന് നിശ്ചയിച്ച പോരാട്ടത്തിൽ മുംബൈ സിറ്റിയെ മോഹൻ ബഗാൻ 2-1നു കീഴടക്കിയിരുന്നു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഏപ്രിൽ 15നായിരുന്നു ലീഗ് റൗണ്ടിലെ ആ പോരാട്ടം. അന്നേറ്റ തോൽവിക്കും ഷീൽഡ് നഷ്ടത്തിനും അതേ സ്റ്റേഡിയത്തിൽവച്ചുതന്നെ മുംബൈക്കാർ പകരം വീട്ടി.
Source link