ബെർലിൻ: ഹിറ്റ്ലറിന്റെ പ്രചാരണവിഭാഗം മന്ത്രിയായിരുന്ന ജോസഫ് ഗീബൽസിന്റെ വസതി ആർക്കും സൗജന്യമായി സ്വന്തമാക്കാമെന്ന് ജർമനി. ബെർലിനിൽനിന്നു 16 കിലോമീറ്റർ വടക്ക് തടാകക്കരയിൽ 17 ഹെക്ടറിലായി സ്ഥിതിചെയ്യുന്ന എസ്റ്റേറ്റ് വില്ല നിലവിൽ ബെർലിൻ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണ്. 1936ൽ നിർമിച്ച വില്ല നടത്തിക്കൊണ്ടുപോകാനുള്ള ചെലവും നാസി ചരിത്രവുമായി അതിനുള്ള ബന്ധവുമാണ് കയ്യൊഴിയാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഹിറ്റ്ലറിന്റെ വിശ്വസ്തനായിരുന്ന ഗീബൽസാണ് നാസി ആശയങ്ങളും യഹൂദവിരുദ്ധതയും പ്രചരിപ്പിക്കുന്നതിനു മേൽനോട്ടം വഹിച്ചത്. ഇതിനായി പത്രങ്ങളും റേഡിയോയും സിനിമയുമൊക്കെ ഗീബൽസ് ഉപയോഗിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയുടെ പതനം ആസന്നമായിരിക്കേ ഗീബൽസും ഭാര്യയും ആറു മക്കളും ജീവനൊടുക്കുകയായിരുന്നു.
ഒഴിഞ്ഞുകിടക്കുന്ന വില്ല തകർച്ചയുടെ വക്കിലാണ്. സ്വന്തമാക്കാൻ താത്പര്യമുള്ള ആർക്കും സൗജന്യമായി നല്കാൻ സർക്കാർ തയാറാണെന്നാണ് ബെർലിൻ ധനമന്ത്രി സ്റ്റെഫാൻ എവേഴ്സ് പറഞ്ഞത്. ഫെഡറൽ സർക്കാരോ അയൽസംസ്ഥാനമായ ബ്രാൻഡൻബെർഗോ വില്ല ഏറ്റെടുക്കണമെന്ന നിർദേശം ചർച്ചയിലുണ്ട്. ആരും വന്നില്ലെങ്കിൽ വില്ല ഇടിച്ചുപൊളിച്ചു കളഞ്ഞേക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Source link