CINEMA

എളിമ കൊണ്ട് വലിപ്പം മറച്ച പുല്ലേപ്പടിക്കാരന്‍; സിദ്ദീഖ് മാജിക്കിന് 70 വർഷം


ജീവിച്ചിരുന്നെങ്കില്‍ ആഘോഷമയമായിരിക്കേണ്ട ഒരു സപ്തതി ആരാലും അറിയപ്പെടാതെ നിശ്ശബ്ദം കടന്നു പോവുകയാണ്. മലയാള സിനിമ കണ്ട ഏറ്റവും ജനപ്രിയ സംവിധായകരിലൊരായ അന്തരിച്ച സിദ്ദീഖിനെ (സിദ്ദീഖ് ലാല്‍) കുറിച്ചാണ് പരാമര്‍ശം. മലയാളിക്ക് ആരായിരുന്നു സിദ്ദീഖ്? കുറെ തമാശപ്പടങ്ങളിലൂടെ ആളുകളെ പൊട്ടിച്ചിരിപ്പിച്ചു കടന്നു പോയ ഒരാള്‍. അദ്ദേഹത്തിന്റെ സംഭാവനകളെ അങ്ങനെ ലഘൂകരിക്കാന്‍ തത്രപ്പെടുന്ന സിനിമയിലെ എതിര്‍വിഭാഗത്തെക്കുറിച്ചു ജീവിച്ചിരുന്ന കാലത്ത് സിദ്ദീഖ് പരിതപിച്ചിരുന്നു.
റാംജീറാവ് സ്പീക്കിങ് തരംഗമായപ്പോള്‍ ‘ഒരു ചക്ക വീണ് മുയല് ചത്തു’ എന്നാണ് സിനിമയിലെ ഒരു പ്രമുഖന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ തുടരെ തുടരെ ചക്കകള്‍ വീഴുകയും മുയലുകള്‍ കൂട്ടത്തോടെ ചാവുകയും ചെയ്തപ്പോള്‍ വിമര്‍ശകര്‍ നാവടക്കി.

പല തലങ്ങളിലാണ് സിദ്ദീഖ് ലാല്‍ സിനിമകള്‍ കാലത്തിന് പഠനവിധേയമാകാന്‍ പാകത്തില്‍ നിലകൊണ്ടത്. അക്കാലമത്രയും മെഗാഹിറ്റ് സിനിമകള്‍ രൂപപ്പെട്ടിരുന്നത് വലിയ താരങ്ങളുടെ പിന്‍ബലവും പരിണിതപ്രജ്ഞരായ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും സംഭാവനകളും കൂടി ചേരുമ്പോഴായിരുന്നു. ഈ വ്യവസ്ഥാപിത ധാരണകളെ ഒറ്റയടിക്ക് അട്ടിമറിച്ചു കളഞ്ഞു സിദ്ദീഖ് ലാല്‍.
പഴുതടച്ച തിരക്കഥകൾ
റാംജിറാവ് ഇന്നു കണ്ടാലും കുറ്റമറ്റ സിനിമയാണ്. പഴുതടച്ച തിരക്കഥയാണ് ആ ചിത്രത്തിന്റെ ശക്തി. വിഷ്വല്‍ ഗിമ്മിക്കുകളേക്കാള്‍ പ്രമേയത്തിനു യോജിച്ച ദൃശ്യവത്കരണ രീതിയാണ് സ്വീകരിച്ചിട്ടുളളത്. ഷോട്ടുകള്‍ കൊണ്ടു അനാവശ്യമായി കസര്‍ത്തുകള്‍ കാണിക്കുന്നത് ഫാഷനായിരുന്ന കാലത്താണ് ഈ സിനിമ വരുന്നത്. എന്നാല്‍ സിദ്ദീഖ് ലാല്‍ ഒരു സീന്‍ പ്രേക്ഷകര്‍ക്കു കണ്‍വിന്‍സ്ഡ് ആകാന്‍ പാകത്തില്‍ കൃത്യമായ അനുപാതത്തില്‍ എങ്ങനെ ദൃശ്യഖണ്ഡങ്ങളെ ഉപയോഗിക്കണമെന്നതു സംബന്ധിച്ച് സമുന്നതമായ ധാരണ കാട്ടി. അതിന്റെ ഗുണം റാംജീറാവ് എന്ന സിനിമയില്‍ ഉടനീളം ഉണ്ടായിരുന്നു. പ്രമേയം ഡിമാന്‍ഡ് ചെയ്യുന്ന ഇമോഷന്‍സ് കണ്‍വേ ചെയ്യാനും അവര്‍ക്ക് സാധിച്ചു. കഥാപാത്രങ്ങളുടെ വൈകാരിക തലവുമായി കാണികള്‍ക്ക് കണക്ട് ആവുക എന്നതാണ് ഒരു സിനിമയുടെ അടിസ്ഥാനപരമായ വിജയം.

കഥ അറിയുക എന്നതാണ് ഒരു സിനിമയില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്ന് പറയുമ്പോഴും ഓരോ സീനും അനുഭവവേദ്യമാക്കി കൊണ്ട് കഥാകഥനം നിര്‍വഹിക്കാന്‍ ചലച്ചിത്രകാരന് കഴിയേണ്ടതുണ്ട്. റാംജിറാവ് സ്പീക്കിങ്ങില്‍ മാന്നാര്‍ മത്തായിയുടെയും ബാലകൃഷ്ണന്റെയും ഗോപാലകൃഷ്ണന്റെയും ദുഃഖം നമ്മുടെ ദുഃഖമായി താദാത്മ്യം പ്രാപിക്കും വിധമുളള  ആഖ്യാന രീതി സൃഷ്ടിക്കാന്‍ സിദ്ദീഖ് ലാലിന് കഴിഞ്ഞു. ബുദ്ധിജീവികള്‍ ഗൗരവപൂര്‍വം കാണാന്‍ പലപ്പോഴും മടി കാണിച്ച സംവിധായകരാണ് സിദ്ദീഖ് ലാല്‍. എന്നാല്‍  അനുഭവതലസ്പര്‍ശിയാവുക എന്ന വിലയേറിയ കലാഗുണം അവരുടെ സിനിമകളില്‍ കാണാം. എത്ര ഗൗരവമേറിയ വിഷയവും ആളുകളെ സ്പര്‍ശിക്കാന്‍ കഴിയാത്ത വിധം ഉപരിപ്ലവമായി പറഞ്ഞു പോയാല്‍ അത് ഒരു പ്രസ്താവനയുടെയോ മുദ്രാവാക്യത്തിന്റെയോ തലത്തില്‍ നില്‍ക്കുമെന്നും ഒരു കലാരൂപം നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന ധര്‍മ്മത്തിന് വിരുദ്ധമാണ് ഇത്തരം സമീപനങ്ങളെന്നും ബുദ്ധിജീവി നാട്യക്കാരായ പലര്‍ക്കും അറിയില്ല. അയഞ്ഞ താളത്തില്‍ ഇഴഞ്ഞ ഷോട്ടുകളും ദീര്‍ഘമൗനവും കൊണ്ടു കഥ പറഞ്ഞാല്‍ മഹത്തരമായി എന്ന് അവര്‍ ധരിച്ചു വശായിരിക്കുന്നു.സത്യജിത്ത് റായും മൃണാള്‍സെന്നും ബുദ്ധിജീവി ജാഡകള്‍ കൊണ്ടു കഥ പറഞ്ഞവരല്ല. ചലച്ചിത്രേതിഹാസങ്ങള്‍ നിര്‍മിച്ചവരൊക്കെ ലാളിത്യത്തിലൂന്നി നിന്നു മഹത്തായ ആശയങ്ങള്‍ മുന്നോട്ടു വച്ചവരാണ്. ‘ബൈസിക്കിള്‍ തീവ്‌സ്’ പോലുളള ലോകോത്തര സിനിമകള്‍ തന്നെ ഉദാഹരണം.

സിദ്ദീഖ് ലാലിന്റെ സിനിമകള്‍ അതിമഹത്തരമാണെന്നോ ആശയപരമായി ഔന്നത്യം പുലര്‍ത്തുന്നവയാണെന്നോ ദാര്‍ശനിക സന്ദേഹങ്ങള്‍ മുന്നോട്ടു വയ്ക്കുന്നവയാണെന്നോ ഈ പറഞ്ഞതിന് അർഥമില്ല. പക്ഷേ പറയുന്ന വിഷയം എന്തു തന്നെയായാലും അതു ഫലപ്രദമായി സംവേദനം ചെയ്യാനും കാഴ്ചക്കാരന്റെ വൈകാരിക തലത്തെ ആഴത്തില്‍ സ്പര്‍ശിക്കാനും കഴിവുളളവരായിരുന്നു അവര്‍. ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിങ് ഇനിയും അര്‍ഹിക്കുന്ന തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ഖേദകരം.
പല അടരുകളുളള റാംജിറാവു
മനുഷ്യന്റെ നിസഹായതയും ദാരിദ്ര്യവും സ്വാര്‍ഥതയും അലിവും ആര്‍ദ്രതയും കാരുണ്യവും പകയും പ്രതികാരവും വഞ്ചനയും കിടമത്സരവും സ്‌നേഹവും ദുരയും അടക്കം എല്ലാത്തരം മനോഭാവങ്ങളെയും ജീവിതാവസ്ഥകളെയും സ്പര്‍ശിച്ചു കടന്നു പോകുന്ന സിനിമയാണ് അത്. ആദിമധ്യാന്തം കൃത്യമായി വീക്ഷിച്ച് അനുക്രമമായ വികാസപരിണാമങ്ങളോടെ കൃത്യമായ ഇമോഷനല്‍ ട്രാവല്‍ സഹിതം ആഖ്യാനം നിര്‍വഹിക്കപ്പെട്ട സിനിമയില്‍ സ്വാഭാവികമായി അന്തര്‍ലീനമാവുകയാണ് ഈ വൈവിധ്യപൂര്‍ണമായ വികാരങ്ങളും അവസ്ഥാന്തരങ്ങളുമെല്ലാം. അസാധ്യ പ്രതിഭയുളളവര്‍ക്ക് മാത്രം സാധിതമാകുന്ന മാജിക്കാണിത്.

തിരക്കഥ സിനിമയുടെ ബ്ലൂപ്രിന്റ് ആണെന്നും അതിനു തനത് അസ്തിത്വമില്ലെന്നും വാദഗതികളുണ്ടെങ്കിലും തിരക്കഥയും അതില്‍ നിന്നു ഉത്ഭൂതമാവുന്ന സിനിമയും ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ രണ്ടു സംഗതികളുണ്ട്. അതിലൊന്ന് സ്ട്രക്ചറിങ് അഥവാ ഘടനാപരമായ മികവാണ്. പ്ലേസ്‌മെന്റ് ഓഫ് സീന്‍സ് എന്നു തന്നെ പറയാം. ഒപ്പം പെര്‍ഫക്ട് ബ്ലെന്‍ഡിങ് എന്ന കലാഗുണവും സിനിമയെ സംബന്ധിച്ചു പ്രധാനമാണ്. ഇതൊക്കെ തന്നെ സൃഷ്ടിക്കുന്നതാണെങ്കിലും ജൈവികമായി (ഓര്‍ഗാനിക്ക്) സംഭവിച്ചതാണെന്ന പ്രതീതിയുണര്‍ത്തും വിധം ഉരുത്തിരിഞ്ഞു വരേണ്ടതുമാണ്. ഇതിവൃത്തം, കഥ, കഥാപാത്രങ്ങള്‍, കഥാഭൂമിക, വൈകാരിക തലങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍, വഴിത്തിരിവുകള്‍, വികാസപരിണാമങ്ങള്‍… എന്നിങ്ങനെ അനവധി ഘടകങ്ങളെ കൃത്യമായി സമന്വയിപ്പിക്കുകയും സന്നിവേശിപ്പിക്കുകയും ചെയ്യുക എന്നതു നിസാരമല്ല. അനിതര സാധാരണമായ ക്രാഫ്റ്റ്മാന്‍ഷിപ്പ് സ്വന്തമായവര്‍ക്കു മാത്രം സാധിക്കുന്ന രസതന്ത്രമാണിത്.എല്ലാം കോര്‍ത്തിണക്കുമ്പോള്‍ തന്നെ, അതീവ ഉദ്വേഗക ജനകമായി കഥാകഥനം നിര്‍വഹിക്കാനും കഴിയണം.

മലയാളത്തില്‍ പലരും കഥ പറയാന്‍ ശ്രമിക്കുന്നവരാണ്. സ്‌റ്റോറി ടെല്ലിങ് വെര്‍ബലി നിര്‍വഹിക്കാനാണ് അവര്‍ക്ക് കൗതുകം. നാടകവും ദീര്‍ഘസംഭാഷണങ്ങളും അതിനാടകീയതയും കഥനോപകരണങ്ങളായി കൊണ്ടു നടക്കുന്ന അത്തരം ചലച്ചിത്രകാരന്‍മാരെ സിദ്ദീഖ് ലാല്‍ നടുക്കിയതു കഥ കാണിച്ചുകൊടുത്തു കൊണ്ടായിരുന്നു. ദൃശ്യാത്മകമായ കഥ പറച്ചില്‍ നിര്‍വഹിക്കുമ്പോള്‍ തന്നെ മിതത്വം പാലിക്കാനും ദൃശ്യങ്ങളുടെ ധാരാളിത്തം ഒഴിവാക്കാനും അവര്‍ ശ്രദ്ധിച്ചു.

ലാലും സിദ്ദിഖും (ഫയൽ ചിത്രം:)

വേണ്ടതു വേണ്ടത്ര മാത്രമായി പറയുക എന്നതും വേണ്ടാത്തതിനെ പൂര്‍ണ്ണമായി ഒഴിവാക്കുക എന്നതും ധ്വന്വാത്മകമായി അഭിവ്യഞ്ജിപ്പിക്കുക എന്നതുമൊക്കെ ദൃശ്യമാധ്യമം ആവശ്യപ്പെടുന്ന  വിലയേറിയ ഗുണങ്ങളാണ്. മലയാളത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും കെ.ജി.ജോര്‍ജുമെല്ലാം പിന്‍തുടര്‍ന്ന ഈ ശൈലിയെ അതേ അനുപാതത്തില്‍ അല്ലെങ്കില്‍ പോലും ഒരു വാണിജ്യസിനിമയുടെ ചത്വരത്തില്‍ നിന്നുകൊണ്ട് സാക്ഷാത്കരിക്കാന്‍ സിദ്ദീഖ് ലാല്‍മാര്‍ ശ്രമിച്ചു.
വിശാലമായ ലോക സിനിമാ പരിചയവും (അക്കാലത്ത് അവര്‍ ധാരാളം ഇംഗ്ലിഷ് സിനിമകള്‍ കണ്ടിരുന്നുവെന്ന് പല അഭിമുഖങ്ങളിലും സിദ്ദീഖ് ആവര്‍ത്തിച്ചിരുന്നു) ഫാസിലിന്റെ കീഴിലുളള വിദഗ്ധ പരിശീലനവും അവര്‍ക്ക് പ്രയോജനപ്പെട്ടിരിക്കാം. അതിലുപരി സഹജവാസനകളുടെ പിന്‍ബലം കൂടിയായപ്പോള്‍ ഈ മാധ്യമത്തിനു മേല്‍ കൃത്യമായ സ്വാധീനവും നിയന്ത്രണവുമുളള സംവിധായകരായി അവര്‍ വളര്‍ന്നു.
ആഭിജാത്യമുളള വാണിജ്യ സിനിമകള്‍

സിദ്ദീഖ് ലാല്‍ എന്നും വാണിജ്യസിനിമയുടെ ഭാഗത്തു നിന്നവരായിരുന്നു. തിയറ്ററുകളില്‍ ആളെ നിറയ്ക്കുന്ന തരം പടങ്ങളായിരുന്നു അവര്‍ വിഭാവനം ചെയ്തത്. അവാര്‍ഡുകള്‍ അവരുടെ ലക്ഷ്യമേ ആയിരുന്നില്ല. ഗൗരവമേറിയ സിനിമാ ചര്‍ച്ചകളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു കണ്ടിട്ടില്ല. എന്നാല്‍ മികച്ച സിനിമാ സംസ്‌കാരത്തിന്റെ അഭിജാത ലക്ഷണങ്ങള്‍ അവരുടെ സിനിമകളിലും ആഖ്യാന സമീപനങ്ങളിലും പ്രകടമായിരുന്നു. ഈ ഗുണഗണങ്ങള്‍ അതിന്റെ പരമകാഷ്ഠയിലെത്തിയ ചിത്രമായിരുന്നു വിയറ്റ്‌നാം കോളനി.
റാംജിറാവിലും വിയറ്റ്‌നാംകോളനിയിലുമെല്ലാം ഏറെ ഗൗരവപൂര്‍ണ്ണമായ ജീവിതസന്ധികളെ നര്‍മ്മത്തിന്റെ മുഖാവരണം അണിയിച്ച് അവതരിപ്പിക്കുകയും എന്നാല്‍ അവശ്യഘട്ടങ്ങളില്‍ ഇതിവൃത്തം അര്‍ഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ ഗൗരവസ്വഭാവം പുറത്തെടുക്കുകയും ചെയ്യുന്നു സംവിധായകര്‍.
ഏതു കഥ പറയുമ്പോഴും അത് അനുഭവവേദ്യമാക്കാന്‍ കഴിയുന്നു എന്നതാണ് സിദ്ദീഖ് ലാല്‍ സിനിമാ മാജിക്ക്. ന്യൂജന്‍ സിനിമാ ഭാഷയില്‍ പറഞ്ഞാല്‍ കാണികള്‍ക്ക് കണക്ട് ആവുന്നു അഥവാ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നു. റാംജിറാവിന്റെ വിസ്മയവിജയത്തിന് ശേഷം സിദ്ദീഖ് ലാല്‍ ഒരുക്കിയ ഇന്‍ ഹരിഹര്‍ നഗര്‍ ചലച്ചിത്രകാരന്‍മാര്‍ എന്ന നിലയില്‍ അവരുടെ വൈവിധ്യം കാണിക്കാനുതകുന്ന പ്രമേയമായിരുന്നു. നര്‍മ്മം ഒരു നിര്‍ണായക ഘടകമായി നിലനിര്‍ത്തിക്കൊണ്ട് തന്നെ ത്രില്ലര്‍ സ്വഭാവമുളള ഒരു ചിത്രം വളരെ ഇഫക്ടീവായി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഹ്യൂമറും ത്രില്ലര്‍ പാറ്റേണും കൃത്യമായി മിക്‌സ് ചെയ്യുന്നതിനിടയില്‍ ഇമോഷണല്‍ ട്രാവല്‍ സാധിതമാക്കാനും കഴിയുന്നു. തിരക്കഥയുടെ മികവാണ് ഇക്കാര്യത്തില്‍ അവരെ തുണയ്ക്കുന്നതെന്ന കാര്യം അവിതര്‍ക്കിതമാണ്. മികച്ച സംവിധായകര്‍ എന്നതിലുപരി മികച്ച തിരക്കഥാകൃത്തുക്കളാണ് സിദ്ദീഖ് ലാല്‍ എന്നു പലപ്പോഴും അനുഭവപ്പെടാറുണ്ട്.
ഗോഡ്ഫാദര്‍ എന്ന സിനിമയുടെ തുടക്കത്തില്‍ കടപ്പുറം കാര്‍ത്ത്യായനി എന്ന കഥാപാത്രം അഞ്ഞൂറാനെയും മക്കളെയും വെല്ലുവിളിക്കുന്നുണ്ട്. ‘നിങ്ങളില്‍ പെണ്ണിന്റെ ചൂടറിഞ്ഞ ഏതെങ്കിലും ഒരുത്തനുണ്ടെങ്കില്‍ എന്നെ തല്ലെടാ.’ അപ്പോള്‍ ആരും പ്രതീക്ഷിക്കാതെ കൈവീശി കാര്‍ത്ത്യായനിയുടെ മുഖത്തടിക്കുന്നത് ഇന്നസന്റ്  അവതരിപ്പിച്ച സ്വാമിനാഥന്‍ എന്ന കഥാപാത്രമാണ്. അതിന്റെ കാരണം ആ സന്ദര്‍ഭത്തില്‍ പ്രേക്ഷകര്‍ക്കു വ്യക്തമാകുന്നില്ല. എന്നാല്‍ നിരവധി സീനുകള്‍ പിന്നിട്ട് ചെല്ലുമ്പോള്‍ സ്വാമിനാഥന് ആരും അറിയാത്ത ഒരു രഹസ്യബാന്ധവം ഉളളതു വെളിപ്പെട്ട് വരുന്നു. അയാള്‍ക്ക് കുഞ്ഞമ്മിണി എന്ന രഹസ്യഭാര്യ ഉളള വസ്തുത ചുരുളഴിഞ്ഞു വരുന്ന രീതി പോലും തിരക്കഥാ രചനയിലെ ഉജ്ജ്വലമാതൃകകളില്‍ ഒന്നാണ്.

തിരക്കഥയിലെ സീനുകളുടെ ക്രമവും ഒഴുക്കും താളവും വൈകാരികമായ തുടര്‍ച്ചയും സീനുകള്‍ക്ക് സിനിമയുടെ ആകത്തുകയിലുളള സ്ഥാനവും ഘടനാപരമായ കെട്ടുറപ്പും കൃത്യമായി പാലിക്കുന്ന മലയാളത്തിലെ അപൂര്‍വം തിരക്കഥകളില്‍ ഒന്നാണ് ഗോഡ്ഫാദറും റാംജിറാവും. ആര്‍ട്ട്ഹൗസ് സിനിമകളുടെ തിരക്കഥകള്‍ മാത്രമാണ് മഹത്തരമെന്ന് തെറ്റിദ്ധരിച്ചു വശായ ധാരാളം പേരുണ്ട്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണ്. കൃത്യവും കണിശവും പെന്‍സിന്‍ മുന പോലെ മൂര്‍ച്ചയുളള തിരക്കഥാ രചന നിര്‍വഹിച്ച അടൂര്‍ ഗോപാലകൃഷ്‌നെ പോലെ ചുരുക്കം ചിലരെ ഒഴിച്ചു നിര്‍ത്തിയാല്‍ മലയാളത്തിലെ മികച്ച തിരക്കഥകളില്‍ പലതും ഒരുക്കിയത് സിദ്ദീഖ് ലാലും ഡെന്നീസ് ജോസഫും പോലുളള കമേഴ്‌സ്യല്‍ റൈറ്റേഴ്‌സായിരുന്നു.

(ഫയൽ ചിത്രം:)

മധ്യവര്‍ത്തി സിനിമകളുടെ വക്താക്കളായ എംടി, പത്മരാജന്‍, ലോഹിതദാസ്, ശ്രീനിവാസന്‍, രഞ്ജിത്ത്, ജോണ്‍പോള്‍, എന്നിങ്ങനെ വേറൊരു സിംഹാസനത്തിന് ഉടമകളായ എഴുത്തുകാര്‍ മികച്ച മാതൃകയായി നിലകൊളളുമ്പോള്‍ തന്നെ സിദ്ദിക്ക്‌ലാലിനെ പോലുളളവര്‍ അദ്ഭുതങ്ങള്‍ കാട്ടി. സുഘടിതമായ തിരക്കഥാ രചനയുടെ എക്കാലത്തെയും മികച്ച ഉദാഹരണങ്ങളായി റാംജിറാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍…എന്നീ സിനിമകളെ എടുത്തു കാട്ടുമ്പോള്‍ പലരും നെറ്റിചുളിച്ചേക്കാം.
‘എന്തു പറയുന്നു’ എന്നതിലേറെ ‘എങ്ങനെ പറയുന്നു’ എന്നതാണ് മികച്ച തിരക്കഥാരചനയുടെ മാനദണ്ഡം. ഒന്നും രണ്ടും വര്‍ഷം നീളുന്ന സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെടുന്നതാണ് തങ്ങളുടെ പല സിനിമകളുമെന്ന് സിദ്ദീഖ് പലപ്പോഴും ഏറ്റു പറഞ്ഞിട്ടുണ്ട്. തയാറെടുപ്പുകളുടെ കാലദൈര്‍ഘ്യം എന്തായിരുന്നാലും ഫൈനല്‍ പ്രൊഡക്ടിന്റെ മികവാണ് പ്രധാനം. അക്കാര്യത്തില്‍ നൂറുശതമാനം വിജയിക്കാന്‍ സിദ്ദീഖ് ലാലിനു കഴിഞ്ഞു.
സിനിമാ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പഠനോപകരണം എന്ന തലത്തില്‍ പരിഗണിക്കാവുന്ന രചനകള്‍ തന്നെയാണ് അവരുടെ ആദ്യകാല സിനിമകള്‍. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, വഴിപിരിഞ്ഞ ശേഷം ഈ ഗുണമേന്മ നിലനിര്‍ത്താന്‍ എന്തുകൊണ്ടോ അവര്‍ക്ക് കഴിയാതെ പോയി. ശരാശരിയിലും അല്‍പ്പം മുകളില്‍ നിന്ന ബോഡിഗാര്‍ഡ് പോലുളള സിനിമകള്‍ കഷ്ടിച്ചു രക്ഷപ്പെട്ടുവെങ്കിലും കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്ന സിനിമകളായിരുന്നില്ല തുടര്‍ന്ന് സംഭവിച്ചത്.

എല്ലാ ഭാഷകളിലും ഹിറ്റ് മേക്കര്‍
എന്നാല്‍ ഒരു ഹിറ്റ് മേക്കര്‍/ സക്‌സസ്ഫുള്‍ ഡയറക്ടര്‍ എന്നീ തലങ്ങളില്‍ വിവിധ ഭാഷകളില്‍ മികച്ച മുന്നേറ്റം നടത്തുന്ന സിദ്ദീഖിനെ നമുക്കു കാണാന്‍ സാധിച്ചു. തമിഴില്‍ വിജയ് നായകനായ ബോഡി ഗാര്‍ഡ്, വിജയകാന്ത് നായകനായ എങ്കള്‍ അണ്ണാ, പ്രസന്ന നായകനായ സാധു മിരണ്ടാല്‍, എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകള്‍ സിദ്ദീഖിന്റേതായി വന്നു. ബോളിവുഡില്‍ സല്‍മാന്‍ ഖാനെ നായകനാക്കി ഒരുക്കിയ ചിത്രം 250 കോടിയോളം കലക്ട് ചെയ്തു. 
സ്‌റ്റോറി ടെല്ലിങ്ങിലെ അനവധി സാധ്യതകളില്‍ അധികമാരും പരീക്ഷിക്കാത്ത രീതികള്‍ക്കു വലിയ ഫലം നല്‍കാനാവുമെന്ന് സിദ്ദീഖ് ലാല്‍ തെളിയിച്ചു. മുന്‍കാലങ്ങളില്‍ ഏകാന്തതയില്‍ തപം ചെയ്ത് ഒരു എഴുത്തുകാരന്‍ സൃഷ്ടിക്കുന്നതായിരുന്നു തിരക്കഥ. ചില സന്ദര്‍ഭങ്ങളില്‍ സംവിധായകനോ മറ്റോ അതു സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്തെങ്കിലായി. എന്നാല്‍ ഹോളിവുഡിലും തമിഴ്‌ സിനിമയിലും ഒന്നുകില്‍ പലര്‍ ചേര്‍ന്ന് എഴുതിയിരുന്നു തിരക്കഥകള്‍. തമിഴില്‍ പലപ്പോഴും സ്റ്റുഡിയോ അന്തരീക്ഷത്തിലാണ് തിരക്കഥകള്‍ രൂപപ്പെട്ടിരുന്നത്. എഴുതുന്നത് ഒരാളാണെങ്കിലും മാസശമ്പളക്കാരായ ഒരു സംഘം ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടേഴ്‌സ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദിവസങ്ങളോളം ഇരിക്കും. ആദ്യം ഒരു കഥാതന്തു രൂപപ്പെടുത്തും. അത് എല്ലാവര്‍ക്കും ബോധ്യമായാല്‍ കഥയുടെ വികാസപരിണാമങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് ഉണ്ടാക്കും. ചിലപ്പോള്‍ സീനുകളും സംഭാഷണങ്ങളും വരെ ഇങ്ങനെ രൂപപ്പെടും. ഇതെല്ലാം ഒരു ടേപ്പ് റിക്കാര്‍ഡറില്‍ പകര്‍ത്തും. തുടര്‍ന്ന് എഴുത്തുകാരന്‍ തനിച്ചിരുന്ന് തിരക്കഥ എഴുതിയുണ്ടാക്കും. ഇങ്ങനെയുണ്ടാകുന്ന ഫസ്റ്റ് ഡ്രാഫ്റ്റ് ഈ സംഘത്തിനു മുന്നില്‍ വയ്ക്കും. അപ്പോഴും നിരവധി മാറ്റങ്ങളും അഭിപ്രായങ്ങളും ഉയരും. അതില്‍ നിന്നും ഏറ്റവും സ്വീകാര്യമായത് കൂട്ടിചേര്‍ത്ത് സ്‌ക്രിപ്റ്റ് പല തവണ പൊളിച്ചടുക്കും. ഈ തരത്തില്‍ നിരന്തര ചര്‍ച്ചകളിലൂടെയും തിരുത്തിയെഴുത്തിലൂടെയും ഫൈനല്‍ സ്‌ക്രിപ്റ്റിലേക്ക് എത്തിച്ചേരും. ഇതൊക്കെ ചെയ്തിരുന്നത്  പ്രൊഫഷനല്‍ തിരക്കഥാകൃത്തുക്കളായിരുന്നു.
മലയാളത്തില്‍ ഈ രീതി ആഴത്തില്‍ പരീക്ഷിക്കപ്പെട്ടത് സിദ്ദീഖ് ലാലിന്റെ കാലത്തായിരുന്നു. മിമിക്രിയില്‍ നിന്ന് വന്ന സിദ്ദീഖും ലാലും തങ്ങളുടെ സുഹൃദ്സംഘത്തിനൊപ്പം നിരന്തര ചര്‍ച്ചകള്‍ നടത്തി തിരക്കഥയുടെ അന്തിമരൂപം ഉണ്ടാക്കിയിരുന്നതായി സിദ്ദീഖ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നു കരുതി ഇതിനെ ഒരു കൂട്ടുകൃഷി എന്ന് വിശേഷിപ്പിക്കാനാവില്ല. മികച്ച ചലച്ചിത്രാവബോധമുളള രണ്ടു പേര്‍ മറ്റു ചിലരുടെ ക്രിയാത്മക സംഭാവനകള്‍ കൂടി സ്വീകരിക്കുന്നുവെന്നു മാത്രം.
അതില്‍ നിന്നും എന്തൊക്കെ സ്വീകരിക്കണം, എന്തൊക്കെ തിരസ്‌കരിക്കണം, ഏത് എവിടെ പ്ലേസ് ചെയ്യണമെന്ന കൃത്യമായ തിരിച്ചറിവ് സിദ്ദീഖിനും ലാലിനും  ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ തിരക്കഥകളുടെ പിതൃത്വം പൂര്‍ണമായും അവര്‍ക്ക് അവകാശപ്പെട്ടതാണ്. അതേ സമയം ഷൂട്ട് ചെയ്യും മുന്‍പ് വിവിധ തരക്കാരായ പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ ഈ കൂട്ടായ്മ ഉപകരിക്കുകയും ചെയ്തു. ഇങ്ങനെ കടഞ്ഞെടുത്ത തിരക്കഥകളുമായി വന്ന് സിനിമകള്‍ ഒരുക്കിയ സിദ്ദീഖ് ലാല്‍ ഓരോ ഷോട്ടും കൃത്യമായി പ്ലാന്‍ ചെയ്താണ് ലൊക്കേഷനിലെത്തിയിരുന്നത്. തങ്ങളുടെ സിനിമ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന കൃത്യമായ ധാരണ എക്കാലവും അവരെ നയിച്ചിരുന്നു
സിദ്ദീഖ് ലാല്‍ മാജിക്ക്
വളരെ സാധാരണമായ സാഹചര്യങ്ങളില്‍ നിന്നും സാധാരണമല്ലാത്ത കൈവഴികളിലൂടെ ഒഴുകി അസാധാരണമായ വിതാനങ്ങളിലേക്ക് എത്തിപ്പെട്ട ഒന്നാണ് സിദ്ദീഖിന്റെ ജീവിതം. പഠനത്തിനൊപ്പം കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റായി. രണ്ടും സമാന്തരമായി കൊണ്ടു നടന്ന സിദ്ദീഖ് മഹാരാജാസില്‍ നിന്നും ബിരുദം നേടിയ ശേഷം ഉപജീവനാര്‍ത്ഥം ഒരു സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിക്ക് കയറി. പക്ഷേ അപ്പോഴും കലാപ്രവര്‍ത്തനങ്ങളും സിനിമയുമായിരുന്നു മനസില്‍. ആയിടയ്ക്കാണ് മുറപ്പെണ്ണായ സാജിതയുമായുളള വിവാഹം. ജീവിതപ്രശ്‌നങ്ങള്‍ മൂലം തത്കാലം ജോലിയും മിമിക്രിയുമായി ഒതുങ്ങിക്കൂടി.
കലാഭവനില്‍ വച്ചു പരിചയപ്പെട്ട ലാലുമായുളള സൗഹൃദം വളര്‍ന്നത് സമാനചിന്താഗതിയും ഒരേ തരംഗദൈര്‍ഘ്യവുമുളള (വേവ് ലെംഗ്ത്) രണ്ടു പേര്‍ എന്ന നിലയിലാണ്. സിനിമയ്ക്ക് തിരക്കഥ എഴുതണം എന്ന മോഹം ഇരുവരുടെയും മനസിലുണ്ട്. പല കഥകളും പസ്പരം ചര്‍ച്ച ചെയ്തു വണ്‍ലൈനുകള്‍ ഉണ്ടാക്കി. ചില സംവിധായകരെ കണ്ടു. കഥകള്‍ പറഞ്ഞു നോക്കി. ഒന്നും യാഥാർഥ്യമായില്ല. ആയിടയ്ക്കാണ് ആലപ്പുഴയില്‍ പോയി ഫാസിലിനെ കാണുന്നത്. കഥകള്‍ ചമയ്ക്കാനുളള കഴിവ് ഇരുവര്‍ക്കുമുണ്ടെങ്കിലും സിനിമയെക്കുറിച്ച് കൂടുതല്‍ മനസിലാക്കേണ്ടതുണ്ടെന്ന് ഫാസില്‍ അവരെ ബോധ്യപ്പെടുത്തി. സംവിധാന സഹായികളായി നില്‍ക്കാനും തിരക്കഥാ ചര്‍ച്ചകളില്‍ പങ്കെടുക്കാനും അവസരം ഒരുക്കി. 
സിദ്ദീഖിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ പൂര്‍ണതയെ സ്പര്‍ശിക്കുന്നത് ഈ പരിശീലന കാലത്താണ്. ഈ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി സ്വന്തമായി ഒരു തിരക്കഥയും എഴുതി, ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’. സത്യന്‍ അന്തിക്കാടിനെ കണ്ടു കഥ പറഞ്ഞു. തിരക്കഥ വായിച്ചു കേട്ട അദ്ദേഹം മോഹന്‍ലാലിനെയും റഹ്‌മാനെയും മുഖ്യകഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്തു. അങ്ങനെ ആദ്യമായി കഥ, തിരക്കഥ, സംഭാഷണം: സിദ്ദീഖ് ലാല്‍ എന്ന പേര് ടൈറ്റിലില്‍ തെളിഞ്ഞു. പക്ഷെ അതുകൊണ്ട് ഫലമുണ്ടായില്ല. സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. ഫാന്റസിക്ക് മുന്‍തൂക്കമുളള പപ്പന്‍ കാലത്തിന് മുന്‍പേ പിറന്ന സിനിമയായിരുന്നു. അതിന്റെ പരാജയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് കുറെക്കൂടി ജനകീയമായ കഥകള്‍ക്കുളള തിരച്ചില്‍ നടത്തി. സമാന്തരമായി ഫാസിലിന്റെ പാഠശാലയില്‍ സിനിമാ പഠനവും തുടര്‍ന്നു.
ഭാഗ്യം പലര്‍ക്ക് പല രൂപത്തിലാണല്ലോ വരുന്നത്. സിദ്ദീഖ് ലാല്‍ ആദ്യ തിരക്കഥയ്ക്ക് ദൃശ്യരൂപം നല്‍കിയ സത്യന്‍ അന്തിക്കാടിനോട് നാടോടിക്കാറ്റ് എന്ന തിരക്കഥയെക്കുറിച്ച് പറയുന്നു. അദ്ദേഹം അന്നത്തെ തന്റെ ഹിറ്റ് സിനിമകളുടെ എഴുത്തുകാരനായ ശ്രീനിവാസനുമായി ചര്‍ച്ച ചെയ്യുന്നു. അദ്ദേഹം ചില ഭേദഗതികളോടെ ഈ സിനിമ ചെയ്താല്‍ നന്നായിരിക്കുമെന്ന് പറയുന്നു. അങ്ങനെ ശ്രീനിവാസന്‍ പൊളിച്ചെഴുതിയ തിരക്കഥയില്‍ സ്‌റ്റോറി ഐഡിയ: സിദ്ദീഖ് ലാല്‍ എന്ന ടൈറ്റിലുമായി പടം പുറത്തിറങ്ങി വന്‍വിജയമാകുന്നു. തങ്ങളുടെ ബുദ്ധിയില്‍ വിളഞ്ഞ ഒരാശയം ജനങ്ങള്‍ സ്വീകരിക്കുമെന്ന ബോധ്യം നല്‍കിയ ആത്മവിശ്വാസത്തില്‍ നില്‍ക്കുമ്പോള്‍ അതേ വര്‍ഷം തന്നെ ജീവിതത്തില്‍ ഒരു നല്ല കാര്യം സംഭവിക്കുന്നു.
മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയില്‍ ഫാസിലിനൊപ്പം ജോലി ചെയ്യുന്നതിടയില്‍ സ്വന്തമായി ചില സീനുകള്‍ ചിത്രീകരിക്കാന്‍ സിദ്ദീഖ് ലാലിന് അവസരം ലഭിക്കുന്നു. അതു കണ്ട് ഇഷ്ടമായ മമ്മൂട്ടി വിവരം ഫാസിലുമായി പങ്കു വയ്ക്കുന്നു. സിദ്ദീഖ് ലാലിന് സ്വതന്ത്രമായി ഒരു പടം സംവിധാനം ചെയ്യാന്‍ അവസരം നല്‍കണമെന്ന ചിന്ത ഫാസിലിന്റെ മനസിലുദിക്കുന്നത് ഈ ഘട്ടത്തിലാണ്. റാംജിറാവ് സ്പീക്കിങ് എന്ന പൂര്‍ത്തിയായ തിരക്കഥയുമായി കലാഭവനിലെ സഹപ്രവര്‍ത്തകനായ ജയറാമിനെ സമീപിച്ചെങ്കിലും അന്നത്തെ തിരക്കു മൂലം ഡേറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. ആ അന്വേഷണം ചെന്നവവസാനിച്ചത് കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനും നാടകനടനുമായ സായികുമാറിലാണ്.
മുകേഷ്, സായികുമാര്‍, ഇന്നസന്റ് ടീമിനെ മുന്നില്‍ നിര്‍ത്തി ഒരുക്കിയ റാംജീറാവ് 1989 ലാണ് റിലീസ് ചെയ്തത്. മെഗാഹിറ്റായ ചിത്രം അന്ന് തരംഗമായി മാറുകയും നവീനമായ ഒരു ചലച്ചിത്രസമീപനത്തിന് നാന്ദി കുറിക്കുകയും ചെയ്തു. മെഗാസ്റ്റാര്‍ സിനിമകള്‍ക്ക് അന്യമായ കലക്‌ഷൻ കൊണ്ടു വന്ന ചിത്രം സിദ്ദീഖ് ലാലിനെ താരമൂല്യമുളള സംവിധായകരാക്കി മാറ്റി. എന്നാല്‍ വിജയം ആവര്‍ത്തിച്ചെങ്കിലേ നിലനില്‍പ്പുളളു എന്ന അവസ്ഥ വന്നു. 
രണ്ടാമതു ചിത്രമായ ഇന്‍ ഹരിഹര്‍ നഗര്‍ കൂടി മെഗാ ഹിറ്റായതോടെ സിദ്ദീഖ് ലാല്‍ എന്ന ബ്രാന്‍ഡ് മലയാള സിനിമയില്‍ വിജയത്തിന്റെ അവസാന വാക്കായി മാറി. ഹാട്രിക്ക് വിജയത്തിലാണ് ആ കൂട്ടുകെട്ട് ചെന്നു നിന്നത്. മൂന്നാമത്തെ സിനിമയായ ഗോഡ്ഫാദറും തിയറ്ററുകള്‍ പൂരപ്പറമ്പുകളാക്കി. സൂപ്പര്‍-മെഗാ താരങ്ങളില്ലാത്ത മോഹിപ്പിക്കുന്ന വിജയം കണ്ട് ചലച്ചിത്ര വ്യവസായം അമ്പരന്നു നിന്നു. വിജയത്തിന്റെ സൂത്രവാക്യങ്ങള്‍ നിര്‍മ്മിക്കാന്‍ കെല്‍പ്പുളള മഹാപ്രസ്ഥാനങ്ങളായി മാറി സിദ്ദീഖും ലാലും. അവരുടെ മേക്കിങ് സ്‌റ്റൈല്‍ അന്ധമായി അനുകരിച്ചു നിരവധി സിനിമകളുണ്ടായി. ചിലതു വാണു. ചിലതു വീണു. അപ്പോഴും സിദ്ദീഖ് ലാലിന്റെ അടുത്തെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല.
വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ വിജയചിത്രങ്ങള്‍ കൂടി വന്നതോടെ വിജയത്തിന്റെ മറുവാക്കായി മാറി സിദ്ദീഖ് ലാല്‍ എന്ന നാമധേയം.
വാസ്തവത്തില്‍ എന്തായിരുന്നു സിദ്ദീഖ് ലാല്‍ മാജിക്ക്? സിനിമയുടെ ആകത്തുകയ്‌ക്കൊപ്പം ഓരോ സീനും സീക്വന്‍സും ആകര്‍ഷകവും രസാവാഹവും  ഉദ്വേഗകജനകവുമാക്കുക എന്നതായിരുന്നു. അതീവചടുലമായി കഥ പറയുന്നതും അവര്‍ സൃഷ്ടിച്ച പ്രത്യേകതയായിരുന്നു. ഇതേക്കുറിച്ച് ഒരു സ്വകാര്യസംഭാഷണത്തില്‍ സിദ്ദീഖ് ഇങ്ങനെ പറഞ്ഞു. “ഞങ്ങളുടെ സിനിമകളില്‍ ചില സന്ദര്‍ഭങ്ങളില്‍ ലോജിക് പ്രശ്‌നങ്ങളുണ്ടായേക്കാം. പക്ഷേ, അങ്ങിനെ സംഭവിക്കുമോ, അതു യുക്തിക്ക് നിരക്കുന്നതാണോ എന്നു പ്രേക്ഷകന് ചിന്തിക്കാന്‍ കഴിയും മുന്‍പ് കഥ അടുത്ത സന്ദര്‍ഭത്തിലേക്ക് നീങ്ങിയിരിക്കും.”
ഈ വേഗതയാണ് സിദ്ദീഖ് ലാല്‍ തിരക്കഥകളുടെ മറ്റൊരു ശക്തി. ലാഗ് എന്നതു സിനിമയില്‍ ഇന്ന് ഏറെ പ്രചുരപ്രചാരം സിദ്ധിച്ച വാക്കാണ്. സിദ്ദീഖ് സിനിമകളില്‍ ഈ വാക്കിന് തെല്ലും പ്രസക്തിയില്ല. ലാലുമായി ചേര്‍ന്ന് സിനിമകള്‍ ചെയ്തപ്പോഴും പിന്നീട് തനിച്ച് പടങ്ങള്‍ ഒരുക്കിയപ്പോഴും സ്‌റ്റോറി ടെല്ലിങ്ങിലെ ഈ ഫാസ്റ്റ്‌നസ് സിദ്ദീഖ് സൂക്ഷിച്ചിരുന്നു. ഫ്രണ്ട്‌സ്, ഹിറ്റ്‌ലര്‍, ബോഡി ഗാര്‍ഡ്, ക്രോണിക് ബാച്ച്‌ലര്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്നീ സിനിമകളിലെല്ലാം ഈ ശൈലി കാണാം.
ലാലുമായി പിരിഞ്ഞ ശേഷവും സിദ്ദീഖ് നിരവധി ഹിറ്റുകള്‍ ഒരുക്കി. തമിഴില്‍ വിജയിയുടെ കരിയറില്‍ വഴിത്തിരിവായ സിനിമകള്‍ ചെയ്തു. സല്‍മാന്‍ ഖാന്റെ 250 കോടി ചിത്രമായ ബോഡി ഗാര്‍ഡ് ബോളിവുഡില്‍ ഒരുക്കാനും സാധിച്ചു. തെലുങ്കിലും സാന്നിദ്ധ്യമറിയിച്ചു. ഇതെല്ലാം സംഭവിക്കുമ്പോഴും ആദ്യത്തെ അഞ്ചു സിനിമകളുടെ കരുത്തും സൗന്ദര്യവും മൗലികതയും തുടര്‍ന്നുളള സിനിമകളില്‍ ദൃശ്യമായില്ല. അത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എന്തായിരുന്നാലും രണ്ടു തലകള്‍ തമ്മില്‍ ചേരുമ്പോഴുളള ആ അപൂര്‍വ രസതന്ത്രം തന്നെയായിരുന്നു അവരുടെ ശക്തി.
ഒറിജിനലിനെ വെല്ലുന്ന അവലംബിത സിനിമ ഒരുക്കി എന്ന ഖ്യാതിയും സിദ്ദീഖിനുണ്ട്. റാംജിറാവിന്റെ കഥ വാസ്തവത്തില്‍ 1971ല്‍ റിലീസ് ചെയ്ത ‘സീ ദി മാന്‍ റണ്‍’ എന്ന അമേരിക്കന്‍ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന വാദം ഉയര്‍ന്നെങ്കിലും മൂലചിത്രത്തേക്കാള്‍ പതിന്‍മടങ്ങ് മുകളില്‍ നില്‍ക്കുന്ന ഒന്നായി മാറി അവലംബിത ചിത്രം. കോര്‍ ഐഡിയ ഒഴിച്ചാല്‍ കഥാപരിസരവും പാത്രസൃഷ്ടിയും കഥാസന്ദര്‍ഭങ്ങളിലുമെല്ലാം സവിശേഷമായ സിദ്ദീഖ് ലാല്‍ ടച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു. ‘സീ ദി മാന്‍ രൺ’ കേവലം ഒരു ത്രില്ലര്‍ മാത്രമായി പരിമിതപ്പെട്ടപ്പോള്‍ റാംജിറാവ് ഉളളില്‍ തറയ്ക്കുന്ന ഒരു ചലച്ചിത്രാനുഭവമായി.
ഒരു വാണിജ്യ സിനിമ എത്ര കണ്ട് അഭിജാതമായി നിര്‍മിക്കാം എന്നതിന്റെ എക്കാലത്തെയും മികച്ച ഉദാഹരണങ്ങളിലൊന്നായിരുന്നു റാംജിറാവ്. കൃത്രിമവും സിനിമയ്ക്കായി മാത്രം സൃഷ്ടിക്കപ്പെട്ടതുമായ കഥാതന്തുവിനെ യാഥാര്‍ത്ഥ്യബോധത്തോടെ സ്വാഭാവിക പ്രതീതി ജനിപ്പിക്കും വിധം ആവിഷ്‌കരിക്കാന്‍ സിദ്ദീഖ് ലാലിന് കഴിഞ്ഞു.
പാത്രസൃഷ്ടിയിലെ മികവാണ് സിദ്ദീഖിന്റെ മറ്റൊരു സവിശേഷത. ജോണ്‍ ഹോനായ്, അഞ്ഞൂറാന്‍, സ്വാമിനാഥന്‍, മായിന്‍കുട്ടി, മാന്നാര്‍ മത്തായി, റാംജിറാവ്… ഇവരെല്ലാം ഒന്നിനൊന്നു വേറിട്ട വ്യക്തിത്വം പുലര്‍ത്തുന്ന കഥാപാത്രങ്ങളായിരുന്നു. കാബൂളിവാലയിലും മറ്റും ഇതു വേറൊരു തലത്തിലേക്ക് പരിവര്‍ത്തിക്കുന്നത് കാണാം. കന്നാസും കടലാസും പോലുളള പേരുകള്‍ തന്നെ എത്ര വിചിത്രവും അര്‍ഥപൂര്‍ണവുമാണ്.
പറയുന്ന വിഷയം എന്തുമാവട്ടെ, അതു യുക്തിപരമോ അയുക്തികമോ ആവട്ടെ! കാണികളെ കണ്‍വിന്‍സ്ഡ് ആക്കുക എന്നതാണ് ഒരു ചലച്ചിത്രകാരന്‍ നേരിടുന്ന വെല്ലുവിളി. ഇക്കാര്യത്തില്‍ അസൂയാഹമായ വിജയം നേടിയ സംവിധായകനാണ് സിദ്ദീഖ്. ആദ്യന്തം രസച്ചരട് നിലനിര്‍ത്തുക എന്നു മാത്രമല്ല അത് ഒരു ഘട്ടത്തിലും മുറിയാതെ സൂക്ഷിക്കാനും സിദ്ദീഖിന് അറിയാം. 
1993ല്‍ സാങ്കേതികമായി സംവിധായക ജോഡികള്‍ പിരിഞ്ഞെങ്കിലും 95ല്‍ സിദ്ദീഖ് ലാല്‍ കൂട്ടുകെട്ട് കാണാമറയത്തു നിന്നുകൊണ്ട് ഒരുക്കിയ മാന്നാര്‍ മത്തായി സ്പീക്കിങ് (റാംജിറാവുവിന്റെ രണ്ടാം ഭാഗം) എന്ന സിനിമയില്‍ നടുക്കുന്ന ട്വിസ്റ്റുകളും ടേണുകളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ഒപ്പം ട്രേഡ് മാര്‍ക്കായ നര്‍മ്മം കൈവിടാതെ ത്രസിപ്പിക്കുന്ന ത്രില്ലര്‍ ഒരുക്കാനും സാധിച്ചു. മാന്നാര്‍ മത്തായിയും സൂപ്പര്‍ഹിറ്റാക്കിയ ശേഷമാണ് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ കൂട്ടുകെട്ട് അവസാനിക്കുന്നത്.
അഭിനയിക്കാന്‍ മോഹമില്ല
ഇതൊക്കെയാണെങ്കിലും ഏതൊരു വലിയ കലാകാരനും സംഭവിക്കാവുന്ന അനിവാര്യമായ ദുരന്തം സിദ്ദീഖിനെയും വേട്ടയാടുകയുണ്ടായി. കരിയറിന്റെ അവസാന വര്‍ഷങ്ങളില്‍ വാണിജ്യസിനിമാ നിര്‍മ്മിതിയുടെ എക്കാലത്തെയും മികച്ച മാതൃകകള്‍ ഒരുക്കിയ അദ്ദേഹത്തിന് കാലിടറി. ബിഗ് ബ്രദര്‍, ഫുക്രി, ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ തുടങ്ങിയ സിനിമകള്‍ സിദ്ദീഖിന്റെ യശസ്സുയര്‍ത്തിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പ്രഭാവത്തെ തെല്ലൊന്നുമല്ല മങ്ങലേല്‍പ്പിച്ചത്. തന്റെ വീഴ്ചകള്‍ അംഗീകരിക്കാന്‍ അദ്ദേഹം മാനസികമായി തയാറെടുത്തില്ല. വിമര്‍ശകരോട് വാദിക്കുകയും തര്‍ക്കിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സിദ്ദീഖിനെ പല സന്ദര്‍ഭങ്ങളിലും കണ്ടു.
അടിസ്ഥാനപരമായി സൗമ്യനാണ് സിദ്ദീഖ്. ഇത്രമാത്രം ക്ഷമയും സഹിഷ്ണുതയും പക്വതയുമുളള ഒരാള്‍ മലയാള ചലച്ചിത്രവ്യവസായത്തില്‍ തന്നെയില്ല എന്നത് പരസ്യമായ രഹസ്യമായിരുന്നിട്ടും തന്റെ വീഴ്ചകള്‍ ഉള്‍ക്കൊളളാനും തിരുത്താനും അദ്ദേഹത്തിന് കഴിഞ്ഞില്ല. വിജയത്തിളക്കത്തില്‍ നില്‍ക്കവെ അവിചാരിതമായി പിരിഞ്ഞ സിദ്ദീഖ് ലാല്‍ കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത് 2016ല്‍ കിങ് ലിയര്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ്. ലാല്‍ സംവിധായകനും സിദ്ദീഖ് തിരക്കഥാകൃത്തുമായിരുന്നു ആ സിനിമയില്‍. സാങ്കേതികമായി മികച്ചു നിന്ന കിങ് ലയറും ബോക്‌സ് ഓഫിസിലും വിജയിച്ചു. പക്ഷേ അതോടെ സിദ്ദീഖ് ലാല്‍ യുഗം പതിയെ അവസാനിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ചെയ്തു വച്ച സിനിമകള്‍ തന്നെ ധാരാളമായിരുന്നു.
ടെലിവിഷന്‍ ചാനലുകളിലും ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളിലും ഏറ്റവും റിപ്പീറ്റ് വാല്യൂ ഉളള സിനിമകളുടെ മുന്‍പന്തിയില്‍ സിദ്ദീഖ് ലാല്‍ സിനിമകളുണ്ട്. ഇന്നും ഒരു പുതിയ പടം കാണുന്ന ഫ്രഷ്‌നസോടെ കണ്ടിരിക്കാവുന്ന സിനിമകളാണ് അവയില്‍ പലതും. കാലത്തെ തോല്‍പ്പിച്ച ആ സിനിമകളിലൂടെ സിദ്ദീഖ് ഇന്നും ജീവിക്കുകയാണ്. ലക്ഷകണക്കിന് മലയാളി പ്രേക്ഷകരുടെ മനസുകളില്‍… സിനിമയെ സ്‌നേഹിക്കുന്ന അതിനെക്കുറിച്ച് അവഗാഢമായി പഠിക്കാന്‍ ശ്രമിക്കുന്ന ചലച്ചിത്രവിദ്യാര്‍ഥികളുടെ ഹൃദയങ്ങളില്‍! 
സംവിധാനവും എഴുത്തും പാതിവഴിയില്‍ ഉപേക്ഷിച്ച്, ലാല്‍ നടന്റെയും നിര്‍മാതാവിന്റെയും കുപ്പായമണിഞ്ഞ് വിജയതിലകം ചാര്‍ത്തുമ്പോള്‍ സിദ്ദീഖ് ആ വഴിക്കൊന്നും നിന്നു കൊടുത്തില്ല. ബിസിനസ് തന്റെ രക്തത്തിലില്ലെന്ന് പരസ്യമായി പറഞ്ഞ സിദ്ദീഖിന് അഭിനയത്തിലും ആത്മവിശ്വാസം കമ്മിയായിരുന്നു. അഭിനയം തനിക്കു വഴങ്ങുമോ എന്നതിലുപതി നടനാവുക എന്നതിനോട് തീരെ പ്രതിപത്തിയുണ്ടായിരുന്ന ആളല്ല സിദ്ദീഖ്. നോക്കെത്താദൂരത്തില്‍ ആച്ചിയമ്മയെ കാണുമ്പോള്‍ തുമ്മുന്ന കുസൃതിക്കാരന്റെ റോളിലാണ് ആദ്യം മുഖം കാണിക്കുന്നത്. അന്ന് ഫാസില്‍ നിര്‍ബന്ധിച്ച് ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പലരുടെയും പ്രേരണയ്ക്കു വഴങ്ങി സംവിധായകന്‍ സിദ്ദീഖായി തന്നെ ചില പടങ്ങളില്‍ മിന്നിമറഞ്ഞു. ‘ഉദയനാണ് താരം’ ആദ്യം സംവിധാനം ചെയ്യാനിരുന്നത് സിദ്ദീഖിന്റെ ശിഷ്യനും അനന്തിരവനുമായിരുന്ന റാഫിയായിരുന്നു. അതിലെ മോഹന്‍ലാലിന്റെ റോളില്‍ സിദ്ദീഖും ശ്രീനിവാസന്റെ റോളില്‍ ലാലും അഭിനയിക്കണമെന്നായിരുന്നു റാഫിയുടെ ആഗ്രഹം. അദ്ദേഹം ഏറെ നിർബന്ധിച്ചെങ്കിലും പലവിധ കാരണങ്ങള്‍ പറഞ്ഞ് സിദ്ദീഖ് ഒഴിഞ്ഞുമാറി. താന്‍ ഒഴിഞ്ഞുമാറിയതു കൊണ്ടാണ് പില്‍ക്കാലത്ത് ആ കഥയില്‍ ഒരു നല്ല സിനിമ ഉണ്ടായതെന്ന് പരസ്യമായി പറയാന്‍ മടി കാണിക്കാത്ത ആളാണ് സിദ്ദീഖ്. ഈ സത്യസന്ധത സിനിമയ്ക്ക് ആവശ്യമില്ലെങ്കിലും സിനിമയ്ക്ക് വേണ്ടി മറ്റൊരാളാകാന്‍ തനിക്കാവില്ലെന്ന് തുറന്നു പറയാനുളള അധിക സത്യസന്ധത കൂടി സിദ്ദീഖിനുണ്ട്, ആത്മാര്‍ഥതയും. വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും ഇത് ബോധ്യപ്പെട്ടിട്ടുണ്ട്.
ഈ ലേഖകന്‍ ഒരു പുസ്തകപ്രകാശനച്ചടങ്ങിനായി നേരില്‍ വന്നു ക്ഷണിക്കാന്‍ ഫോണില്‍ സമയം ചോദിച്ചപ്പോള്‍, ‘കൊച്ചി വരെ കഷ്ടപ്പെട്ട് യാത്ര ചെയ്യണ്ട, ഞാന്‍ വന്നോളാ’മെന്നു പറയാന്‍ സൗമനസ്യം കാണിച്ച സിദ്ദീഖ് കാര്‍ അയക്കാമെന്ന് പറഞ്ഞപ്പോള്‍ അതു സ്‌നേഹപൂര്‍വം നിരസിച്ചു. സ്വന്തം വാഹനത്തില്‍ വന്ന് ചടങ്ങില്‍ സംബന്ധിച്ചു മടങ്ങവെ എങ്ങിനെ നന്ദി പറയണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോള്‍ പറഞ്ഞ വാചകം മറക്കാനാവില്ല. ‘താങ്ക്‌സ് എ ലോട്ട്. ടി.പത്മനാഭനെ പോലെ, കൊച്ചൗസേപ്പ് ചിറ്റിലപ്പളളിയെ പോലെ  വലിയ ആളുകള്‍ പങ്കെടുക്കുന്ന ഒരു വേദിയിലേക്ക് എന്നെ ക്ഷണിച്ചതിന്!’ 
അങ്ങനെ പറയാന്‍ മാത്രം ചെറിയ ആളായിരുന്നോ സിദ്ദീഖ്?! ഒരിക്കലുമല്ല. എല്ലാ അര്‍ഥത്തിലും വലിയ മനുഷ്യന്‍. പക്ഷേ സിദ്ദീഖിന്റെ മനസ്സിൽ എന്നും അദ്ദേഹം ഒരു സാധാരണക്കാരനായിരുന്നു. ചെറിയ തുകയ്ക്ക് സ്‌റ്റേജില്‍ മിമിക്രി അവതരിപ്പിച്ചു നടന്ന കാലത്തും 250 കോടി കലക്ട് ചെയ്ത ബോഡിഗാര്‍ഡുമായി സല്‍മാന്‍ ഖാനൊപ്പം ബോളിവുഡില്‍ തലയെടുപ്പോടെ നിന്ന കാലത്തും സിദ്ദീഖിനെ ഭരിച്ചത് ഒരേ മനസ്സായിരുന്നു.  പുല്ലേപ്പടിയിലെ ഒരു സാധാരണ യുവാവിന്റെ മനസ്. അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ പ്രതിഫലിച്ചിരുന്നതും അതു തന്നെയായിരുന്നു. സിദ്ദീഖ് ജീവിതത്തിന്റെ പടിയിറങ്ങിയിട്ടും ഓര്‍മകളില്‍ നിറയുന്നത് വിനയവും സ്‌നേഹവും ആത്മാര്‍ത്ഥതയൂം നിറഞ്ഞ ആ ചിരി മാത്രമാണ്. വിടവുളള മുന്‍പല്ലുകള്‍ പുറത്തു കാണുന്ന ഭംഗിയുളള ആ ചിരി.


Source link

Related Articles

Back to top button