പ്രതിഷേധം കനത്തു; രോഹിത് വേമുല ദലിതനല്ലെന്ന റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; പുനരന്വേഷണത്തിന് ഉത്തരവ്

രോഹിത് വേമുല ദലിതനല്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്- Rohith Vemula | Manorama News
പ്രതിഷേധം കനത്തു; രോഹിത് വേമുല ദലിതനല്ലെന്ന റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; പുനരന്വേഷണത്തിന് ഉത്തരവ്
ഓൺലൈൻ ഡെസ്‌ക്
Published: May 04 , 2024 06:45 AM IST
1 minute Read
രോഹിത് വേമുല
ഹൈദരാബാദ് ∙ ഹൈദരാബാദ് സർവകലാശാലയിൽ 2016ൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വേമുല മരണം പുനരന്വേഷിക്കാൻ തെലങ്കാന സർക്കാരിന്റെ ഉത്തരവ്. രോഹിത് വേമുല ദലിതനല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോർട്ട് തള്ളുന്നതിന് കോടതിയിൽ ഡിജിപി അപേക്ഷ നൽകും. അന്വേഷണത്തിൽ രോഹിത്തിന്റെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. കേസ് അവസാനിപ്പിക്കുന്നതിനെതിരെ ഹൈദരാബാദ് സർകലാശാല ക്യാംപസിലും പ്രതിഷേധം ഉയർന്നിരുന്നു.
രോഹിത് വേമുല ദലിതനല്ലെന്നാണ് കോടതിയിൽ പൊലീസ് അന്തിമ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ദലിത് സർട്ടിഫിക്കറ്റ് ഉപയോഗിച്ചു നേടിയ അക്കാദമിക് നേട്ടങ്ങൾ നഷ്ടപ്പെടുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നുമുള്ള ഭയം രോഹിതിനെ ആത്മഹത്യയിലേക്കു നയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യമൊട്ടാകെ കോളിളക്കമുണ്ടാക്കിയ വിഷയത്തിൽ അന്വേഷണം നടത്തിയ സൈബരാബാദ് പൊലീസാണ് കേസവസാനിപ്പിച്ചു റിപ്പോർട്ട് നൽകിയത്.
എബിവിപി നേതാവിനെ മർദിച്ചു എന്ന കുറ്റത്തിനു ഹോസ്റ്റലിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട അഞ്ചു ദലിത് ഗവേഷക വിദ്യാർഥികളിലൊരാളായിരുന്നു രോഹിത് വേമുല. സമരം തുടരുന്നതിനിടെ രോഹിത് ജീവനൊടുക്കുകയായിരുന്നു. വിദ്യാർഥി സംഘർഷത്തിൽ അന്വേഷണമാവശ്യപ്പെട്ടു കേന്ദ്ര തൊഴിൽ മന്ത്രിയായിരുന്ന ബണ്ഡാരു ദത്താത്രേയ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു നൽകിയ കത്തിൽ ദലിത് വിദ്യാർഥികളെ ‘തീവ്രവാദികളും ദേശവിരുദ്ധരും ജാതിവാദികളുമായി’ മുദ്രകുത്തിയെന്നും ഇതേത്തുടർന്നു ക്യാംപസിൽ ഉണ്ടായ സാമൂഹിക ബഹിഷ്കരണമാണു രോഹിതിന്റെ മരണത്തിലേക്കു നയിച്ചതെന്നും വിവിധ സംഘടനകൾ കുറ്റപ്പെടുത്തി.
രാജ്യമൊട്ടാകെ പ്രക്ഷോഭമുണ്ടാവുകയും പാർലമെന്റിൽ രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മിൽ വൻ വാക്കേറ്റത്തിന് ഇടയാക്കുകയും ചെയ്തതോടെ ദത്താത്രേയയ്ക്കും സർവകലാശാല വൈസ് ചാൻസലർ പി. അപ്പാറാവുവിനുമെതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തിരുന്നു. ഈ അന്വേഷണത്തിലാണു പൊലീസ് അന്തിമ റിപ്പോർട്ട് നൽകിയത്. അന്നുതന്നെ, രോഹിത് വേമുല ദലിതനല്ലെന്ന വാദമുയരുകയും അതു തെറ്റാണെന്നു വിദ്യാർഥി സംഘടനാ പ്രതിനിധികൾ രേഖാമൂലം തെളിയിക്കുകയും ചെയ്തിരുന്നു. വഡ്ഡേര സമുദായാംഗമാണെന്ന പ്രചാരണം ഖണ്ഡിക്കാൻ രോഹിതിന്റെ സമുദായം സ്ഥിരീകരിക്കുന്ന ആന്ധ്ര സർക്കാരിന്റെ ഒൗദ്യോഗിക രേഖ വിദ്യാർഥികൾ പുറത്തുവിട്ടിരുന്നു.
English Summary:
‘Rohith Vemula was not a Dalit’, claim Telangana cops in closure report; DGP orders further probe
mo-news-national-states-telangana 20rloru9b44esevl1muhegs499 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-dalit
Source link