സോണിയയുടെ റായ്ബറേലിയിൽ രാഹുൽ

സോണിയയുടെ റായ്ബറേലിയിൽ രാഹുൽ; അമേഠിയിൽ കുടുംബത്തിന്റെ വിശ്വസ്തൻ കെ.എൽ. ശർമ സ്ഥാനാർഥി – Rahul Gandhi give nomination in loksabha elections 2024 in Rae Bareli | Malayalam News, Kerala News | Manorama Online | Manorama News

സോണിയയുടെ റായ്ബറേലിയിൽ രാഹുൽ

മനോരമ ലേഖകൻ

Published: May 04 , 2024 02:05 AM IST

1 minute Read

പ്രഖ്യാപനം പത്രിക സമർപ്പിക്കേണ്ട അവസാനദിനം രാവിലെ

അമേഠിയിൽ കുടുംബത്തിന്റെ വിശ്വസ്തൻ കെ.എൽ. ശർമ സ്ഥാനാർഥി

രണ്ടാം പോരിന്: റായ്ബറേലിയിൽ പത്രിക സമർപ്പിക്കാനെത്തിയ രാഹുൽഗാന്ധി പ്രവർത്തകരെ
അഭിവാദ്യം ചെയ്യുന്നു. സോണിയ ഗാന്ധി സമീപം. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ ഉദ്വേഗവും അഭ്യൂഹവും അവസാനിച്ചു, രാഹുൽ ഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക നൽകി. 2004 മുതൽ രാഹുൽ മത്സരിച്ചിരുന്ന അമേഠിയിൽ സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്തൻ കെ.എൽ.ശർമ സ്ഥാനാർഥിയായി. മേയ് 20ന് അഞ്ചാം ഘട്ടത്തിലാണ് രണ്ടിടത്തും വോട്ടെടുപ്പ്. ഇന്നലെ, പത്രിക സമർപ്പിക്കേണ്ട അവസാനദിവസം രാവിലെയാണ് കോൺഗ്രസ് രണ്ടിടത്തെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർക്കൊപ്പമാണ് രാഹുൽ പത്രിക സമർപ്പിക്കാനെത്തിയത്. അമേഠിയിൽ കെ.എൽ.ശർമയ്ക്കൊപ്പവും പ്രിയങ്കയുണ്ടായിരുന്നു. രണ്ടിടത്തും റോഡ് ഷോയ്ക്ക് ശേഷമാണ് സ്ഥാനാ‍ർഥികൾ പത്രിക നൽകിയത്. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാ‍ർഥികൾ. 

സിറ്റിങ് സീറ്റായ വയനാട്ടിൽ മാത്രം മത്സരിക്കാനാണ് ആദ്യം രാഹുൽ താൽപര്യപ്പെട്ടതെങ്കിലും കോൺഗ്രസ് നേതൃത്വത്തിന്റെയും ഇന്ത്യാമുന്നണിയിലെ സമാജ്‌വാദി പാർട്ടിയുടെയും നിർബന്ധം തീരുമാനം മാറ്റാൻ കാരണമായി. റായ്ബറേലി തിരഞ്ഞെടുത്തതിലൂടെ അമേഠിയിൽനിന്നു രാഹുൽ ഒളിച്ചോടുകയാണ് ചെയ്തതെന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നത്. എന്നാൽ, സോണിയയ്ക്കു വൈകാരിക അടുപ്പമുള്ള റായ്ബറേലിയിൽ രാഷ്ട്രീയ പിന്തുടർച്ചയെന്ന നിലയിൽ രാഹുൽ മത്സരിക്കുന്നുവെന്നു കോൺഗ്രസ് വിശദീകരിക്കുന്നു. 
രാഹുലിനൊപ്പം പ്രിയങ്ക കൂടി മത്സരരംഗത്തുണ്ടാകുമെന്ന് കരുതിയ അണികളെ തീരുമാനം നിരാശപ്പെടുത്തി. അമേഠിയിലെ പ്രാദേശിക നേതാക്കൾ ഈ രീതിയിൽ പ്രതികരിക്കുകയും ചെയ്തു. രാഹുൽ റായ്ബറേലിയിൽ മത്സരിക്കട്ടെ എന്നു നിർദേശിച്ചത് സോണിയയാണ്. തിരഞ്ഞെടുപ്പു രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ച ശേഷം, ‘റായ്ബറേലി ഇല്ലാതെ എന്റെ കുടുംബം പൂർണമാകില്ല’ എന്നു സോണിയ പറഞ്ഞിരുന്നു. മത്സരിക്കാനില്ലെന്നു പ്രിയങ്ക ഉറപ്പിച്ചു പറഞ്ഞതോടെ രാഹുൽ വേണമെന്നു സോണിയ ശഠിച്ചു. 1999 ൽ അമേഠിയിലാണു സോണിയ ഗാന്ധി ആദ്യം മത്സരിച്ചത്. 2004 ൽ സോണിയയ്ക്കു പകരമാണ് രാഹുൽ അമേഠിയിലെത്തുന്നത്. ഇപ്പോൾ റായ്ബറേലിയിലും അമ്മയ്ക്കു പകരക്കാരനായി മകൻ എത്തുന്നു. 

English Summary:
Rahul Gandhi give nomination in loksabha elections 2024 in Rae Bareli

mo-politics-leaders-rahulgandhi 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 2rb54o1hiq11thiv3fha42mgig 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-soniagandhi mo-politics-parties-congress mo-politics-elections-loksabhaelections2024


Source link
Exit mobile version