കേജ്‍രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന് കോടതി – Court will consider interim bail for Kejriwal – India News, Malayalam News, Manorama Online, Manorama News
കേജ്‍രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന് കോടതി
മനോരമ ലേഖകൻ
Published: May 04 , 2024 01:54 AM IST
1 minute Read
∙ വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനം, നിഷേധിക്കാനാവില്ല
അരവിന്ദ് കേജ്‌രിവാൾ (ചിത്രം: മനോരമ)
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതു പരിഗണിക്കുമെന്നു സുപ്രീം കോടതി സൂചിപ്പിച്ചു. ഡൽഹി മദ്യനയക്കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കേജ്‌രിവാളിന്റെ ഹർജി 7നു പരിഗണിക്കാനായി മാറ്റിക്കൊണ്ടാണ് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച കോടതിയുടെ ചോദ്യങ്ങൾക്കു തയാറായി വരാനും ഇ.ഡിയോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ തിരഞ്ഞെടുപ്പ് തീയതി അടക്കം വിവരങ്ങളും കോടതി തേടി.
ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണെന്നും അതു നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഈ കേസിന് സമയമെടുത്തേക്കാം. പ്രത്യേകിച്ചും തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ സമയം നീണ്ടുപോകുമെങ്കിൽ ഇടക്കാല ജാമ്യത്തിന്റെ കാര്യം പരിഗണിക്കും – കോടതി വ്യക്തമാക്കി. എന്നാൽ, കോടതി പരാമർശം വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സഞ്ജയ് സിങ് നടത്തുന്ന പ്രസംഗങ്ങൾ കോടതി പരിഗണിക്കണമെന്നും ഇ.ഡിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു വാദിച്ചു. കേസിൽ അന്തിമമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും സാധ്യത മാത്രമാണ് വ്യക്തമാക്കിയതെന്നുമായിരുന്നു കോടതിയുടെ മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിലെ യുക്തി ഹർജിക്കാർ ചോദിച്ചിരുന്നു. ഇതേക്കുറിച്ചു വിശദീകരിക്കാനും കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. ഒരു മാസത്തിലേറെയായി തിഹാർ ജയിലിൽ അടയ്ക്കപ്പെട്ട മുഖ്യമന്ത്രിക്ക് ഇപ്പോഴും ഔദ്യോഗികമായി ഫയലുകൾ ഒപ്പിടാൻ കഴിയുമോയെന്ന കാര്യവും പരിശോധിക്കുമെന്നു കോടതി വ്യക്തമാക്കി. കേജ്‍രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമല്ലെന്നു നേരത്തേ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മേയ് 7നാണ് കസ്റ്റഡി കാലാവധി അവസാനിക്കുക.
സിസോദിയയുടെ ജാമ്യം: കേസ് 8ന് ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി സിബിഐയുടെയും ഇ.ഡിയുടെയും നിലപാടു തേടി. ജസ്റ്റിസ് സ്വർണ കാന്ത ശർമ വിഷയം 8നു വീണ്ടും പരിഗണിക്കും. നേരത്തെ സിസോദിയയുടെ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളിയിരുന്നു.
English Summary:
Court will consider interim bail for Kejriwal
2v8ccegod4b6cs336muqb32htm 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-politics-leaders-arvindkejriwal mo-politics-parties-aap
Source link