കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ മിച്ചൽ സ്റ്റാർക്ക് സൂപ്പർ സ്റ്റാർ ആയ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. മുംബൈ ഇന്ത്യൻസിനെ 24 റൺസിന് കോൽക്കത്ത തോൽപ്പിച്ചു. ഈ ജയത്തോടെ കെകെആർ പ്ലേ ഓഫിലേക്ക് ഒരു ചുവടുകൂടി അടുത്തു. അതേസമയം മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സ്വപ്നം ഒരു പടികൂടി അകന്നു. സ്കോർ: കോൽക്കത്ത 169 (19.5). മുംബൈ 145 (18.5). രോഹിത് ശർമയെ (11) ഇംപാക്ട് പ്ലെയർ ആയി മത്സരത്തിലെ രണ്ടാം ഇന്നിംഗ്സിൽ മാത്രമാണ് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇറക്കിയത്. സൂര്യകുമാർ യാദവാണ് (35 പന്തിൽ 56) മുംബൈ ഇന്നിംഗ്സിലെ ടോപ് സ്കോറർ. കോൽക്കത്തയ്ക്കു വേണ്ടി സ്റ്റാർക്ക് 33 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുൻനിര തകർന്നുവീണു. 6.1 ഓവറിൽ 57 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് കെകെആറിന് നഷ്ടപ്പെട്ടു. എന്നാൽ, ആറാം വിക്കറ്റിൽ വെങ്കിടേഷ് അയ്യറും ഇംപാക്ട് പ്ലെയറായി എത്തിയ മനീഷ് പാണ്ഡെയും ചേർന്ന് 83 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റി. വെങ്കിടേഷ് അയ്യർ 52 പന്തിൽ 70ഉം മനീഷ് പാണ്ഡെ 31 പന്തിൽ 42 റണ്‍സും നേടി. അംക്രിഷ് രഘുവംശി (13) മാത്രമാണ് കോൽക്കത്ത ഇന്നിംഗ്സിൽ രണ്ടക്കം കണ്ട മൂന്നാമത് ബാറ്റർ. 19.5 ഓവറിൽ കെകെആർ 169ന് പുറത്തായി.
Source link