കൊടുംവേനലിൽ പാർവതി നദിയുടെ നിഴൽ മാത്രമേയുള്ളു. മഴ പെയ്താൽ പ്രളയം മുക്കിക്കൊല്ലുന്ന ഗംഗാഹോനി ഗ്രാമത്തിൽ രാഘോഗഡിലെ കോൺഗ്രസ് സ്ഥാനാർഥി ദിഗ്‌വിജയ് സിങ് എത്താനിരിക്കുന്നതേയുള്ളു. 10 വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ്‌വിജയ് 33 വർഷങ്ങൾക്കു ശേഷം 77–ാം വയസ്സിൽ സ്വന്തം തട്ടകത്തിൽ മത്സരിക്കുന്നു. സ്വാതന്ത്ര്യത്തിനു മുൻപു രാഘോഗഡ് ഭരിച്ചിരുന്നവരുടെ പിന്മുറക്കാരനായ ദിഗ്‌വിജയ് ഇവിടെ ‘രാജാസാബ്’ ആണ്.
പഴയ മാധ്യമപ്രവർത്തകയായ പത്നി അമൃത റായി നേരത്തേയെത്തി അരങ്ങൊരുക്കുന്നു. വോട്ടർമാരെ ചേർത്തുപിടിച്ച് വിവരങ്ങൾ ചോദിക്കുന്നു. അടുത്തൊരു പ്രവർത്തകന്റെ വീട്ടിലേക്കു ചെന്നു. ഇവിടെ വിവാഹിതരായ സ്ത്രീകൾ സാരിത്തലപ്പു കൊണ്ടു മുഖം മറയ്ക്കുന്നവരാണ്. അമൃത സാരിത്തലപ്പു നീക്കി വീട്ടുകാരിയുടെ മുഖം നോക്കി വിശേഷം ചോദിച്ചു. ജനലരികെ തൂക്കിയ കൂട്ടിലെ തത്തയെക്കൊണ്ടു ‘റാം റാം’ എന്നു ചൊല്ലിക്കാൻ നോക്കി. അകത്തെ മുറിയിൽ സോയാബീൻ കൂമ്പാരം. ‘രാജസാബിന്റെ കാലത്തു ക്വിന്റലിനു 8000 രൂപ കിട്ടിയിരുന്നു. ഇപ്പോൾ വില പകുതിയായി’– വീട്ടുകാരൻ സങ്കടം ബോധിപ്പിച്ചു.
ദിഗ്‌വിജയിന്റെ മകനും എംഎൽഎയുമായ ജയ്‌വർധൻ സിങ്ങിനെപ്പോലെ അമൃതയും രാഷ്ട്രീയത്തിലിറങ്ങുമെന്നു പലരും കരുതുന്നു. അതേക്കുറിച്ചു ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞെങ്കിലും ജനങ്ങളോട് ഇടപഴകാൻ ഇഷ്ടമാണെന്നു കൂട്ടിച്ചേർത്തു.
അതിനിടെ ദിഗ്‌വിജയ് എത്തി. സർപഞ്ച് നേരിട്ടെത്തി ഇരുവർക്കും തിലകം ചാർത്തി. രാഘോഗഡുമായുള്ള സുദീർഘബന്ധം പറഞ്ഞ് ദിഗ്‌വിജയ് സംസാരിച്ചു. ‘ഒരുപക്ഷേ, എന്റെ അവസാന തിരഞ്ഞെടുപ്പാണിത്. എനിക്കു നിങ്ങളുടെ പിന്തുണ വേണം’– ഡൽഹിയിൽ വാക്കുകൾക്കു മൂർച്ച ഉറപ്പാക്കുന്ന ദിഗ്‌വിജയ് രാഘോഗഡിൽ തന്ത്രം മാറ്റിപ്പിടിച്ചതു പോലെ. സ്ഥാനാർഥിപ്പട്ടിക വരുംമുൻപേ അദ്ദേഹം ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നു ഡിസിസി ജനറൽ സെക്രട്ടറി നാരായൺ പ്രജാപതി പറഞ്ഞു. മണ്ഡലത്തിൽ പദയാത്ര പൂർത്തിയാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കുള്ള ‘പരിഹാരക്രിയകൾ’ നടത്തുന്നു.
കഴിഞ്ഞ 2 തവണയും വിജയിച്ച ബിജെപിയുടെ സിറ്റിങ് എംപി റോഡ്മൽ നാഗറാണ് എതിരാളി. കഴിഞ്ഞ തവണ 4 ലക്ഷം വോട്ടിനാണു ജയിച്ചതെങ്കിലും ബിജെപി ഇഞ്ചോടിഞ്ചു മത്സരം പ്രതീക്ഷിക്കുന്നു. ഒബിസി നേതാവും മുൻമുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ വിശ്വസ്തനുമായ റോഡ്മലിന്റെ മുഖ്യ പ്രചാരണായുധം രാമക്ഷേത്ര നിർമാണമാണ്. ഗംഗാഹോനിയിൽനിന്നു മടങ്ങുംമുൻപ്, അടുത്തുള്ള ക്ഷേത്രത്തിലേക്ക് ദിഗ്‌വിജയ് കാൽനടയായി പോയതും അതുകൊണ്ടു തന്നെ.
∙ ഹിന്ദുത്വം ഉയർത്തിയുള്ള ബിജെപി പ്രചാരണത്തെ മറികടക്കാൻ കോൺഗ്രസിനു കഴിയുന്നുണ്ടോ?
2002 മുതൽ മോദി തിരഞ്ഞെടുപ്പിനെ നേരിടുന്നത് വർഗീയത ഉപയോഗിച്ചാണ്. തൊഴിലില്ലായ്മയ്ക്കോ കർഷക ദുരിതത്തിനോ പരിഹാരമില്ല.
∙ രാമക്ഷേത്രത്തിന്റെ പേരിൽ ബിജെപി വോട്ടു തേടുന്നതിനെക്കുറിച്ച് ?
രാമൻ എല്ലാവരുടേതുമാണ്. സാധാരണക്കാരുടെ പണം അപഹരിച്ചവരെ തിരികെ കൊണ്ടുവരാൻ കഴിയാത്തവർ മറ്റു പല അവകാശവാദങ്ങളും ഉയർത്തുന്നു.
∙ 2004 ആവർത്തിക്കുമെന്ന് കോൺഗ്രസ് പറയുന്നു. അന്നു മധ്യപ്രദേശിൽ കോൺഗ്രസിനു 4 സീറ്റേ ലഭിച്ചുള്ളൂ ?
ഇക്കുറി 12–15 സീറ്റ് വരെ ലഭിക്കാം.
English Summary:
Digvijay Singh campaign in loksabha elections 2024 in Madhya Pradesh
Source link